ദേശീയ ലോക്ക്ഡൗണ്‍ മൂലമുള്ള സാമ്പത്തിക നഷ്ടമല്ല നോക്കേണ്ടത്, ജീവനാശം ഒഴിവാക്കൂ: പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി

കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ വീഴ്ച രാജ്യത്തെ ഒഴിവാക്കാനാകാത്ത ദേശീയ ലോക്ക്ഡൗണിന്റെ വക്കിലെത്തിച്ചിരിക്കുന്നതായി രാഹുല്‍ ഗാന്ധി

Update:2021-05-07 15:29 IST

ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാലുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തേക്കാളുപരി ജനങ്ങളുടെ ജീവനാശത്തിന് കേന്ദ്രം പരിഗണന കല്‍പ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിലാണ് കോണ്‍ഗ്രസ് നേതാവ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രം വരുത്തിയ കുറ്റകരമായ അനാസ്ഥ മൂലം രാജ്യം ഒഴിവാക്കാനാകാത്ത മറ്റൊരു ദേശീയ ലോക്ക്ഡൗണിന്റെ വക്കിലാണെന്നും കത്തില്‍ പറയുന്നു.

രാജ്യത്തെ ജനങ്ങളെ വാക്‌സിനേഷന്‍ നടത്തുന്ന കാര്യത്തില്‍ വ്യക്തമായ നയം കേന്ദ്രത്തിന് ഇല്ലായിരുന്നുവെന്നും കോവിഡ് വ്യാപനത്തില്‍ നിന്ന് രാജ്യം പുറത്തുകടന്നുവെന്ന് തിടുക്കത്തില്‍ പ്രഖ്യാപനങ്ങള്‍ നടത്തിയതുമെല്ലാം രാജ്യത്തെ ഇപ്പോള്‍ അതിഭീകരമായ നിലയിലെത്തിച്ചു. ദേശീയ ലോക്ക്ഡൗണ്‍ പോലെ ഒഴിവാക്കാനാകാത്ത സ്ഥിതി നേരിടാന്‍ രാജ്യത്തെ പാവപ്പെട്ട കുടുംബങ്ങളുടെ എക്കൗണ്ടിലേക്ക് കേന്ദ്ര സര്‍ക്കാര്‍ 6000 രൂപ നല്‍കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നു. ''ജനങ്ങളുടെ തീരാദുരിതത്തിന് അറുതി വരുത്താന്‍ താങ്കള്‍, താങ്കളുടെ എല്ലാ അധികാരങ്ങളും പ്രയോഗിക്കണം,'' രാഹുല്‍ ഗാന്ധി അഭ്യര്‍ത്ഥിക്കുന്നു.


Tags:    

Similar News