ക്രിസ്മസിന് മുംബൈയില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയിന്‍; ശബരി എക്‌സ്പ്രസിന് കൂടുതല്‍ സര്‍വീസുകള്‍

മുംബൈ ട്രെയിന്‍ 19 മുതല്‍ ജനുവരി 11 വരെ നാലു സര്‍വ്വീസുകള്‍

Update:2024-12-12 21:04 IST

Image Courtesy: instagram.com/keralarailways

ക്രിസ്മസ് അവധിക്കാലത്തെ തിരക്ക് കുറക്കുന്നതിന് മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് കൊങ്കണ്‍ റെയില്‍വെ. ശബരിമല യാത്രികരുടെ തിരക്ക് പരിഗണിച്ച് ശബരി എക്‌സ്പ്രസിന് കൂടുതല്‍ സ്‌പെഷ്യല്‍ സര്‍വീസുകള്‍ ദക്ഷിണ റെയില്‍വെയും ഏര്‍പ്പെടുത്തി.

ഡിസംബര്‍ 19 മുതല്‍ എല്ലാ വ്യാഴാഴ്ചകളിലുമാണ് മുംബൈയില്‍ നിന്ന് കൊച്ചുവേളിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ്. ജനുവരി ഒമ്പത് വരെയാണ് ഷെഡ്യൂളുകള്‍ തയ്യാറാക്കിയിരിക്കുന്നത്. മുംബൈയില്‍ നിന്ന് വൈകീട്ട് നാലു മണിക്ക് പുറപ്പെട്ട് പിറ്റേന്ന് രാത്രി 10.45 ന് കൊച്ചുവേളിയില്‍ എത്തും. കൊച്ചുവേളിയില്‍ നിന്ന് മുംബൈയിലേക്കുള്ള സര്‍വ്വീസുകള്‍ ഡിസംബര്‍ 21,28, ജനുവരി 4,11 തീയ്യതികളാണ്. വൈകീട്ട് 4.20 നാണ് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്നത്.

ശബരിമല സ്‌പെഷ്യല്‍ സര്‍വീസുകള്‍

ശബരിമല തീര്‍ത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് കാക്കിനട, സെക്കന്തരാബാദ് എന്നിവിടങ്ങളില്‍ നിന്ന് കൊല്ലത്തേക്ക് രണ്ട് സ്‌പെഷ്യല്‍ സര്‍വീസുകള്‍ കൂടി ഏര്‍പ്പെടുത്തി. കാക്കിനട-കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍ ഡിസംബര്‍ 25 വരെയുള്ള ബുധനാഴ്ചകളിലാണ് സര്‍വീസ്. രാത്രി 11.30 ന് കാക്കിനടയില്‍ നിന്ന് പുറപ്പെട്ട് രണ്ടാം ദിവസം രാവിലെ 5.30ന് കൊല്ലത്ത് എത്തും. തിരിച്ചുള്ള സര്‍വ്വീസ് വെള്ളിയാഴ്ചകളിലാണ്. കൊല്ലത്ത് നിന്ന് രാവിലെ 8.40 ന് പുറപ്പെട്ട് രണ്ടാം ദിവസം വൈകീട്ട് നാലിന് കാക്കിനടയില്‍ എത്തും.

സെക്കന്തരാബാദ്-കൊല്ലം സ്‌പെഷ്യല്‍ സര്‍വ്വീസ് അടുത്ത രണ്ട് വ്യാഴാഴ്ചകളില്‍ മാത്രമാണ്. രാത്രി എട്ടിന് സെക്കന്തരാബാദില്‍ നിന്ന് പുറപ്പെട്ട് രണ്ടാം ദിവസം ഉച്ചക്ക് 1.30 ന് കൊല്ലത്ത് എത്തും. തിരിച്ചുള്ള ട്രെയിന്‍ കൊല്ലത്ത് നിന്ന് രാവിലെ അഞ്ചിന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 1.30 ന് സെക്കന്തരാബാദിലെത്തും.

Tags:    

Similar News