റെയിൽവേക്കായി ഭൂമി ഏറ്റെടുക്കല്‍: സംസ്ഥാന സര്‍ക്കാരിന് എതിരെ ധര്‍ണയിരിക്കാന്‍ ശശി തരൂരിനോട് റെയില്‍വേ മന്ത്രി
ഭൂമി ഏറ്റെടുക്കുന്നതിനായി കേന്ദ്രം 2,150 കോടി രൂപ നിക്ഷേപിച്ചു
കേരളത്തിൽ റെയിൽവേ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിനായി വേണമെങ്കിൽ കോൺഗ്രസ് എം.പി ശശി തരൂരിന് ധർണ നടത്താവുന്നതാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. കേരളത്തില്‍ ഫണ്ടിന്റെ അപര്യാപ്ത കൊണ്ടല്ല സ്ഥലം ഏറ്റെടുക്കുന്നത് നീണ്ടുപോകുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനായി കേന്ദ്രം ഇതിനകം 2,150 കോടി രൂപ നിക്ഷേപിച്ചു.
കേരളം മുഴുവൻ കേൾക്കുന്ന വളരെ സ്വാധീനമുള്ള എം.പി യാണ് ശശി തരൂർ. ഭൂമി ഏറ്റെടുക്കുമെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന സർക്കാരിനെതിരെ ധർണ നടത്താവുന്നതാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൽ ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു അശ്വിനി വൈഷ്ണവ്.
തിരുവനന്തപുരം സെൻട്രലിലേക്കുള്ള റെയിൽവേ ലൈനിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കുന്ന പദ്ധതിയുടെ കാലതാമസത്തെക്കുറിച്ചും ഫണ്ടിൻ്റെ അപര്യാപ്തതയെക്കുറിച്ചും ചോദ്യോത്തര വേളയിൽ ശശി തരൂര്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തെ നേമം റെയിൽവേ ടെർമിനൽ പദ്ധതിയെക്കുറിച്ചാണ് തരൂര്‍ ആരാഞ്ഞത്.
വൻ നഗരങ്ങളിലും ജംഗ്‌ഷനുകളിലും തിരക്ക് കുറയ്ക്കുന്നതിന് പുതിയ ടെർമിനലുകൾ നിർമ്മിക്കുന്നതിന് മന്ത്രാലയം പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. അടുത്ത 50 വർഷത്തെ ആവശ്യങ്ങള്‍ നിറവേറ്റുന്ന തരത്തിൽ രൂപകൽപന ചെയ്യുന്നതിനാണ് റെയില്‍വേ ഊന്നൽ നൽകുന്നതെന്നും വൈഷ്ണവ് പറഞ്ഞു.