ഒന്നും രണ്ടുമല്ല, വരുന്നത് 500ലേറെ വന്ദേഭാരത് ട്രെയിനുകള്‍, കേരളത്തിനും നേട്ടമാകും

കോച്ചുകളെല്ലാം ആധുനിക നിലവാരത്തില്‍

Update:2023-11-09 20:01 IST

Image:@https://twitter.com/vandebharatexp / Representative Image

ഇന്ത്യന്‍ റെയില്‍വേയുടെ മുഖച്ഛായ തന്നെ മാറ്റിയാണ് വന്ദേഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങിയത്. കേരളത്തിന് ലഭിച്ച രണ്ട് വന്ദേഭാരത് ട്രെയിനുകളെയും യാത്രക്കാര്‍ ആവേശത്തോടെ തന്നെ സ്വീകരിക്കുകയും ചെയ്തു.

മറ്റ് ട്രെയിനുകളുടെ സമയക്രമത്തെയാകെ താളംതെറ്റിച്ചുവെന്ന പരാതികളുണ്ടെങ്കിലും, നിലവില്‍ കേരളത്തിലൂടെ ഓടുന്ന വന്ദേഭാരത് ട്രെയിനുകളില്‍ തിരക്ക് നിത്യമാണ്. 

അടുത്തവര്‍ഷത്തോടെ രാജ്യമെമ്പാടുമായി 500-550 പുത്തന്‍ വന്ദേഭാരത് ട്രെയിനുകള്‍ പാളത്തിലിറക്കാനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ. കേരളത്തിനും ഇതിന്റെ നേട്ടം ലഭിക്കുമെന്നാണ് സൂചനകള്‍.

മൊത്തം 500-550 വന്ദേഭാരത് ട്രെയിനുകള്‍ പുറത്തിറക്കാനാണ് റെയില്‍വേ ഉദ്ദേശിക്കുന്നതെന്ന് ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ICF) ജനറല്‍ മാനേജർ ബി.ജി മല്യ വ്യക്തമാക്കി. ഇതുകൂടാതെ 1,700 സാധാരണ കോച്ചുകളും 700 വന്ദേഭാരത് കോച്ചുകളും നിര്‍മിക്കാനും റെയില്‍വേയ്ക്ക് പദ്ധതിയുണ്ട്.

ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുന്‍പായി 102 വന്ദേ ഭാരത് ട്രെയിനുകള്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നതായി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ലീപ്പറിനു പുറമെ, വന്ദേ മെട്രോയും ഉടന്‍ സജ്ജമാകുമെന്നാണ് അറിയുന്നത്. കൂടാതെ കേരളത്തിലെ നാല് ദീര്‍ഘദൂര ട്രെയിനുകള്‍ വന്ദേഭാരത് സ്ലീപ്പര്‍ ആക്കി മാറ്റുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
പരിക്കുരഹിത കോച്ചുകള്‍
ട്രെയിന്‍ അപകടങ്ങള്‍ നടക്കുമ്പോള്‍ യാത്രക്കാര്‍ക്ക് പരിക്ക് ഏല്‍ക്കാനുള്ള സാധ്യത കുറയ്ക്കുന്നതിനായി കോച്ചുകളില്‍ ആന്റി-ഇന്‍ജുറി (anti-injury) ഉപകരണങ്ങള്‍ കൊണ്ടുവരാനും റെയില്‍വേയ്ക്ക് പദ്ധതിയുണ്ട്. പെട്ടെന്ന് ബ്രേക്ക് ഇടുന്നതു മൂലവും മുന്‍കൂട്ടി കാണാനാകാത്ത അപകടങ്ങള്‍ മൂലവും ട്രെയിനിലെ കൂര്‍ത്ത അഗ്രങ്ങളില്‍ തട്ടിയുള്ള പരിക്കുകള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം. കോച്ചുകളിലേക്കുള്ള ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ഇതിന് ശ്രദ്ധകൊടുക്കണമെന്ന് റെയില്‍വേ ബോര്‍ഡ് കോച്ച് മാനുഫാക്ചറിംഗ് യൂണിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൂടാതെ നിലവിലെ ഐ.സി.എഫ് ഡിസൈന്‍ കോച്ചുകള്‍ മാറ്റി ജര്‍മന്‍ രൂപകല്‍പ്പനയിലുള്ള ലിങ്കെ ഹോഫ്മാന്‍ ബുഷ് (LHF) കോച്ചുകള്‍ സ്ഥാപിക്കാനും റെയില്‍വേ ലക്ഷ്യമിടുന്നുണ്ട്. ട്രെയിന്‍ പാളം തെറ്റിയാല്‍ കോച്ചുകള്‍ ഒന്നിനു മേലേക്ക് ഇടിച്ചു കയറുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കോച്ചുകളാണിത്.
Tags:    

Similar News