രത്തന്‍ ടാറ്റക്ക് പ്രണാമം: വിട പറഞ്ഞത് വ്യവസായ രംഗത്തെ അതികായൻ

സംസ്കാരം ഇന്ന് വൈകിട്ട് മുംബൈയിൽ

Update:2024-10-10 10:30 IST

RatanTata

ഇന്നലെ രാത്രി അന്തരിച്ച ഇന്ത്യന്‍ വ്യവസായ രംഗത്തെ അതികായന്‍ രത്തന്‍ ടാറ്റയുടെ സംസ്കാരം ഇന്ന് വൈകീട്ട് മുംബൈയില്‍. വര്‍ളിയിലെ ശ്മശാനത്തില്‍ വൈകീട്ട് നാലിനാണ് സംസ്‌കാര ചടങ്ങുകള്‍.  രാവിലെ 10.30 ന് നരിമാന്‍ പോയിന്റിലെ എന്‍.സി.പി.എ ലോണ്‍സില്‍ ഭൗതിക ശരീരം പൊതു ദര്‍ശനത്തിന് വെക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ പര്യടനത്തിലാണെന്നിരിക്കേ, കേന്ദ്രസര്‍ക്കാരിന് വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ചടങ്ങില്‍ പങ്കെടുക്കും. മഹാരാഷ്ട്രയില്‍ ഇന്ന് ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുദര്‍ശനത്തിന് ശേഷം ഭൗതിക ശരീരം വൈകീട്ട് നാലിന് വെര്‍ളി ശ്മശാനത്തില്‍ എത്തിച്ച ശേഷം സംസ്‌കരിക്കും.

അനുശോചന പ്രവാഹം 

ഇന്ത്യന്‍ വ്യവസായ രംഗത്തെ അതികായന്‍ രത്തന്‍ ടാറ്റയുടെ വേർപാടിൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനുശോചന പ്രവാഹം. വ്യവസായ രംഗത്ത് വിശ്വസ്തതയുടെ പര്യായമായി മാറിയ ടാറ്റ എമിരറ്റസ് ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ ഇന്നലെ രാത്രിയാണ് മുംബൈ ബ്രീച്ച് കാന്റി ആശുപത്രിയില്‍ നിര്യാതനായത്. 86 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്രമോഡി,  പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി തുടങ്ങി പ്രമുഖര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അനുശോചന സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്.

ആധുനിക ഇന്ത്യയുടെ മുഖം

ഇന്ത്യന്‍ വ്യവസായ രംഗത്തെ ആധുനികവല്‍ക്കരിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച രത്തന്‍ ടാറ്റ, ആഗോള വ്യവസായ മേഖലയിലും ഇന്ത്യക്ക് പുതിയ മേല്‍വിലാസമുണ്ടാക്കി. സാധാരണക്കാരായ ഇന്ത്യക്കാരുടെ ആവശ്യങ്ങളെ കണ്ടറിഞ്ഞ് ഉല്‍പ്പാദന മേഖലയെ ചലിപ്പിച്ച ക്രാന്തദര്‍ശിയായിരുന്നു അദ്ദേഹം.

ജെ.ആര്‍.ഡി ടാറ്റയുടെ ദത്തു പുത്രനായിരുന്ന നവന്‍ ടാറ്റയുടെയും സുനു ടാറ്റയുടെയും മകനായി 1937 ഡിസംബര്‍ 28 നാണ് രത്തന്‍ ടാറ്റയുടെ ജനനം. മുംബൈയിലെ പഠനത്തിന് ശേഷം ന്യൂയോര്‍ക്കിലെ കോര്‍ണല്‍ സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം നേടി. 1962 ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തി ടാറ്റ മോട്ടോഴ്സിന്റെ  ആദ്യകമ്പനിയായ ടെല്‍കോയില്‍ ട്രെയിനിയായാണ് വ്യവസായ ലോകത്തേക്ക് കാലെടുത്തു വെച്ചത്. 1991 ലാണ് അദ്ദേഹം ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്ത് എത്തിയത്. 2012 വരെ ഈ സ്ഥാനം തുടര്‍ന്നു. 2016 ല്‍ വീണ്ടും ചെയര്‍മാനായി. 2017 ല്‍ എന്‍.ചന്ദ്രശേഖരന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നതുവരെ അദ്ദേഹം തുടര്‍ന്നിരുന്നു. മികച്ച പൈലറ്റ് കൂടിയായിരുന്നു രത്തന്‍ ടാറ്റ. വ്യവസായ രംഗത്തെയും ജീവകാര്യണ്യമേഖലയിലെയും സ്തുത്യര്‍ഹമായ ഇടപെടലുകള്‍ക്ക് ഒട്ടേറെ ബഹുമതികള്‍ രത്തന്‍ ടാറ്റയെ തേടിയെത്തി.

Tags:    

Similar News