ഓണം മദ്യവില്‍പ്പനയില്‍ റെക്കോഡ്; ഇരിങ്ങാലക്കുട മുന്നില്‍

8 ദിവസത്തില്‍ വിറ്റഴിച്ചത് 665 കോടി രൂപയുടെ മദ്യം

Update: 2023-08-30 06:24 GMT

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് കഴിഞ്ഞ എട്ട് ദിവസങ്ങളിലായി 665 കോടി രൂപയുടെ മദ്യമാണ് വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷം ഉത്രാടം വരെയുള്ള ഏഴു ദിവസങ്ങളില്‍ 624 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. 2021 ല്‍ ഇത് 529 കോടിയായിരുന്നു. ഉത്രാട ദിവസം 121 കോടി രൂപയുടെ മദ്യം വില്‍പ്പന നടത്തി. ഔട്ട് ലൈറ്റുകളിലൂടെ മാത്രം 116. 2 കോടി രൂപയുടെ മദ്യം വിറ്റുപോയി. കഴിഞ്ഞ വര്‍ഷം 117 കോടിയുടെ മദ്യമാണ് ഉത്രാട ദിവസം മാത്രം മലയാളി വാങ്ങിയത്. 2021 ല്‍ 85 കോടിയുടെ മദ്യമായിരുന്നു വിറ്റത്.

മുന്നില്‍ ഈ ഔട്ട്‌ലെറ്റുകള്‍

ഇത്തവണ ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലാണ് റെക്കോര്‍ഡ് വില്‍പന. 1.06 കോടിയുടെ മദ്യമാണ് ഇവിടെ വിറ്റഴിഞ്ഞത്. കഴിഞ്ഞ തവണ റെക്കോര്‍ഡ് വില്‍പനയുണ്ടായിരുന്ന കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റ് ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് പോയി. 1.01 കോടിയുടെ മദ്യവില്‍പനയാണ് ഇവിടെ നടന്നത്. കഴിഞ്ഞ തവണ ഇതേ ഔട്ട്‌ലെറ്റില്‍ 1.06 കോടിയുടെ മദ്യമായിരുന്നു വിറ്റത്. ചേര്‍ത്തല കോര്‍ട്ട് ജംഗ്ഷന്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലും കോടികളുടെ മദ്യവില്‍പന നടന്നു. ഏറ്റവും കുറവ് ചിന്നക്കനാലിലാണ്. 6.32 ലക്ഷം രൂപയുടെ വില്‍പ്പനയാണ് നടന്നത്.

ഇതിനുപുറമെ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റ് വഴിയുള്ള വില്‍പനയും കോടികള്‍ കടക്കും. കഴിഞ്ഞ വര്‍ഷം കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ വഴി ഉത്രാടദിനത്തില്‍ മാത്രം 12 കോടി രൂപയുടെ മദ്യം വിറ്റപ്പോള്‍ ഓണനാളുകളിലെ 10 ദിവസങ്ങളിലായി 55 കോടി രൂപയുടെ വില്‍പനയും നടന്നു. മൊത്തത്തില്‍ 500 കോടിയിലേറെ രൂപയുടെ വില്‍പന നടന്നെന്നാണ് അനൗദ്യോഗിക കണക്ക്.ബാറുകളിലെ പാര്‍സല്‍ വില്‍പനയുടെ കണക്ക് ലഭ്യമല്ല. ഇതുകൂടി വരുമ്പോള്‍ കണക്ക് വീണ്ടും ഉയരും.


Tags:    

Similar News