മല്‍സ്യക്കുതിപ്പ് കടലില്‍, കരയില്‍ വിലക്കുതിപ്പ്; ദുബൈയില്‍ പൊന്നാണ് മീന്‍! കണ്ണ് തള്ളി പ്രവാസികള്‍

മലയാളികളുടെ ഇഷ്ട മല്‍സ്യങ്ങള്‍ക്ക് 70 ശതമാനം വരെ വില വര്‍ധന

Update:2024-11-08 12:03 IST

പശ്ചിമേഷ്യന്‍ യുദ്ധം കടലില്‍ മല്‍സ്യബന്ധനത്തിനും പാരയാകുന്നു. ദുബൈ മാര്‍ക്കിറ്റില്‍ കടല്‍ മല്‍സ്യം എത്തുന്നത് കുറഞ്ഞതോടെ വില കുതിക്കുകയാണ്. ഇഷ്ടപ്പെട്ട മീനുകള്‍ വാങ്ങാന്‍ പണം അധികമായി നല്‍കേണ്ടി വരുന്നത് കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് പ്രവാസി മലയാളികള്‍. ദുബൈ, അബുദാബി, ഷാര്‍ജ തുടങ്ങി മലയാളികള്‍ കുടുംബസമേതം താമസിക്കുന്ന എമിറേറ്റുകളിലാണ് മല്‍സ്യത്തിന് ക്ഷാമവും വിലക്കൂടുതലും അനുഭവപ്പെടുന്നത്. കഴിഞ്ഞ ഒരു മാസമായി മീന്‍വില കൂടുകയാണെന്ന് ഷാര്‍ജയില്‍ മിനി സൂപ്പർ മാർക്കറ്റ് നടത്തുന്ന എടപ്പാള്‍ സ്വദേശി അലിയാര്‍ പറയുന്നു. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന മത്തി, അയല, ആവോലി തുടങ്ങിയ മല്‍സ്യങ്ങള്‍ക്ക് വില വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. പലപ്പോഴും ഇത്തരം മല്‍സ്യങ്ങള്‍ക്ക് കടുത്ത ക്ഷാമവും ഉണ്ടെന്ന് അലിയാര്‍ ചൂണ്ടിക്കാട്ടി.

70 ശതമാനം വരെ വിലക്കയറ്റം

യു.എ.ഇ മാര്‍ക്കറ്റുകളില്‍ ഒട്ടു മിക്ക മല്‍സ്യങ്ങള്‍ക്കും 70 ശതമാനത്തിലേറെ വില വര്‍ധിച്ചിട്ടുണ്ട്. മലയാളികളുടെ പ്രിയ മല്‍സ്യമായ മത്തി രണ്ടാഴ്ച മുമ്പ് കിലോക്ക് 5 ദിര്‍ഹം (115 രൂപ) ആയിരുന്നു വില ഇപ്പോള്‍  ചില ദിവസങ്ങളില്‍ 10 ദിര്‍ഹം വരെ നല്‍കേണ്ടി വരുന്നതായി ദുബൈയില്‍ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന നിലമ്പൂര്‍ സ്വദേശി അബ്ദുൽ  നാസര്‍ പറയുന്നു. അയലക്ക് 15 ദിര്‍ഹം വരെയും ആവോലിക്ക് 25 ദിര്‍ഹം വരെയും വിലയെത്തിയിട്ടുണ്ട്. എല്ലാ മല്‍സ്യങ്ങള്‍ക്കും കഴിഞ്ഞ ഒരു മാസത്തിനിടെ കുറഞ്ഞത് 50 ശതമാനം വില കൂടിയിട്ടുണ്ടെന്നും നാസര്‍ ചൂണ്ടിക്കാട്ടുന്നു. യു.എ.യില്‍ ഖോഫുര്‍ഖാന്‍, കോല്‍ബ തുടങ്ങിയ സ്ഥലങ്ങളില്‍ മാത്രമാണ് മല്‍സ്യവിലയില്‍ കാര്യമായ വര്‍ധന ഇല്ലാത്തത്.

കടലിലെ അശാന്തി

ഇറാന്‍ വരെ എത്തി നില്‍ക്കുന്ന പശ്ചിമേഷ്യന്‍ പ്രശ്നങ്ങള്‍ കടലിലെ വ്യാപാരത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. യു.എ.ഇയിലേക്ക് കടല്‍ മല്‍സ്യമെത്തുന്നത് പ്രധാനമായും ഇറാന്‍, ഒമാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ്. ഇസ്രായേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഗൾഫ് മേഖലയിൽ കടലില്‍ മല്‍സ്യ ബന്ധനത്തിന് നിയന്ത്രണങ്ങളുണ്ട്. ആക്രമണം ഭയന്ന് മല്‍സ്യബന്ധന ബോട്ടുകളും കപ്പലുകളും തീരത്ത് നിന്ന് ഏറെ അകലങ്ങളിലേക്ക് പോകാത്ത അവസ്ഥയുമുണ്ടെന്നാണ് മല്‍സ്യ വ്യാപാരികള്‍ പറയുന്നത്. മല്‍സ്യ വില വര്‍ധിക്കുന്നത് ഡിമാന്റ് കുറക്കുന്നതായി ദുബൈ ദേര വാട്ടര്‍ഫ്രണ്ട് മാര്‍ക്കിറ്റിലെ മല്‍സ്യവ്യാപാരിയായ ഫറോക്കിലെ ഖാലിദ് ചൂണ്ടിക്കാട്ടുന്നു. ആഴ്ചയില്‍ എട്ടു കിലോ വരെ മല്‍സ്യം വാങ്ങിയിരുന്നവര്‍ വിലക്കൂടുതല്‍ കാരണം നാലു കിലോ ആയി കുറച്ചിട്ടുണ്ട്. ഖാലിദ് പറയുന്നു. യുദ്ധഭീതി യു.എ.ഇ മാര്‍ക്കറ്റുകളില്‍ മല്‍സ്യ വിലയെ മാത്രമല്ല, പച്ചക്കറി ഉള്‍പ്പടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലയും ഉയര്‍ത്തുന്നതായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News