42,000 ജീവനക്കാരെ റിലയന്‍സ് കുറച്ചതെന്തിന്?
പുതുതായി ജോലിക്കെടുക്കുന്നവരുടെ എണ്ണത്തിലും വന്‍ കുറവ്
മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ റിലയന്‍സ് ഇന്‍ഡ്രസ്ട്രീസ് തങ്ങളുടെ 11 ശതമാനം ജീവനക്കാരെ കുറച്ചതായി കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ട്. ഇതിന് പുറമെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പുതിയ ജീവനക്കാരുടെ നിയമനത്തിലും കുറവുണ്ടായി. തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷത്തില്‍ 2,63,000 പേരെ നിയമിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം 1,71,000 പേരെയാണ് പുതുതായി ജോലിക്കെടുത്തത്. ഏതാണ്ട് 1,43,000 പേര്‍ കമ്പനിയില്‍ നിന്നും സ്വന്ത ഇഷ്ടപ്രകാരം പിരിഞ്ഞുപോയതായും റിപ്പോര്‍ട്ടില്‍ തുടരുന്നു. കമ്പനിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും വേണ്ടിയാണ് റിലയന്‍സിന്റെ നടപടിയെന്നാണ് വിലയിരുത്തല്‍.
വിവിധ സംരംഭങ്ങളിലായി ലക്ഷക്കണക്കിന് ജീവനക്കാരാണ് റിലയന്‍സിന് വേണ്ടി രാജ്യത്ത് പണിയെടുക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ ജീവനക്കാര്‍, 2,07,000 പേര്‍ ജോലി ചെയ്യുന്നത് കമ്പനിയുടെ റീട്ടെയ്ല്‍ വിഭാഗത്തിലാണ്. കഴിഞ്ഞ വര്‍ഷം ഇവിടെ 2,46,000 പേരുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. റീട്ടെയില്‍ രംഗത്ത് റിലയന്‍സിന്റെ വരുമാന വളര്‍ച്ചാ നിരക്ക് കുറയാനിടയുണ്ടെന്ന മുന്നറിയിപ്പിനിടെയാണ് ജീവനക്കാരെ കുറച്ചതെന്നും ശ്രദ്ധേയമാണ്. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 7ശതമാനം വളര്‍ച്ചയാണ് റിലയന്‍സ് റീട്ടെയ്ല്‍ രേഖപ്പെടുത്തിയത്. 15-20 ശതമാനം വരെ വളര്‍ച്ചയുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. മാത്രവുമല്ല പുതിയ ഷോപ്പുകള്‍ തുറക്കുന്നതിലും കാര്യമായ കുറവുണ്ടായെന്നാണ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
ജിയോയിലും 5,000 പേരുടെ കുറവ്
ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോ 5,000 പേരെ കുറച്ചതായും റിപ്പോര്‍ട്ട് തുടരുന്നു. 2024 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 90,067 ജീവനക്കാരാണ് കമ്പനിക്കുള്ളത്. തൊട്ടുമുമ്പത്തെ വര്‍ഷം 95,326 ജീവനക്കാരുണ്ടായിരുന്നു. എന്തുകൊണ്ടാണ് ജീവനക്കാരുടെ എണ്ണം കുറഞ്ഞതെന്ന കാര്യത്തില്‍ വിശദീകണമൊന്നും കമ്പനി നല്‍കിയിട്ടില്ല.