തിരഞ്ഞെടുപ്പ് കഴിഞ്ഞ പാടേ കൂട്ടി, മൊബൈല്‍ ചാര്‍ജ്
റീച്ചാര്‍ജിംഗ് ഷോക്കാകും: നിരക്ക് കൂട്ടി ജിയോ, പിന്നാലെ വോഡഫോണും എയര്‍ടെല്ലും
പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ നിരക്കുകളില്‍ 12.5 മുതല്‍ 25 ശതമാനം വരെ വര്‍ധന വരുത്തി റിലയന്‍സ് ജിയോ. ജൂലൈ മൂന്ന് മുതല്‍ ജിയോയുടെ ഏതാണ്ടെല്ലാ പ്ലാനുകളുടെയും നിരക്ക് കൂടും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരിക്കാരുള്ള മൊബൈല്‍ നെറ്റ്‌വര്‍ക്കായ ജിയോയുടെ പോക്കറ്റ് ഫ്രണ്ട്‌ലിയായ, രണ്ട് ജി.ബി ഡാറ്റ കിട്ടുന്ന, 155 രൂപയുടെ പ്ലാന്‍ ഇനി മുതല്‍ 189 രൂപയ്ക്കായിരിക്കും ലഭ്യമാകുക, 22 ശതമാനം വര്‍ധന. ഇന്റര്‍നെറ്റ് ഉപയോഗം അധികമില്ലാത്ത സാധാരണ ഉപയോക്താക്കളെ സാരമായി ബാധിക്കുന്നതാണ് തീരുമാനം. 14 പ്രീപെയ്ഡ് അണ്‍ലിമിറ്റഡ് പ്ലാനുകളുടെയും മൂന്ന് ഡാറ്റ ആഡ്-ഓണ്‍ പ്ലാനുകളുടെയും രണ്ട് പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെയും നിരക്കാണ് വര്‍ധിപ്പിച്ചത്. രണ്ടര വര്‍ഷത്തിന് ശേഷമാണ് ജിയോ നിരക്ക് കൂട്ടുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ ടെലകോം ഓപറേറ്റര്‍മാര്‍ നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന സൂചനകളുണ്ടായിരുന്നു. കടം വര്‍ധിക്കുന്നത്, നിരക്ക് വര്‍ധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന അധിക വരുമാനത്തില്‍ മറികടക്കാമെന്നാണ് കമ്പനികള്‍ കരുതുന്നത്. അതേസമയം, രാജ്യത്തെ ഏറ്റവും വലിയ 5ജി നെറ്റ് വര്‍ക്കാണെന്ന് അവകാശപ്പെടുമ്പോഴും 5ജിക്ക് മാത്രമായി ജിയോ പ്രത്യേക പ്ലാനുകള്‍ അവതരിപ്പിച്ചിട്ടില്ല. നിലവില്‍ 2ജിബിക്ക് മുകളിലുള്ള എല്ലാ പ്ലാനുകള്‍ക്കും പരിധിയില്ലാത്ത 5ജി സേവനങ്ങള്‍ ജിയോ നല്‍കുന്നുണ്ട്.
നിരക്ക് വര്‍ധന ഇങ്ങനെ
പ്രതിദിനം ഒരു ജിബി ലഭിക്കുന്ന 28 ദിവസത്തെ പ്ലാനിന് 209 രൂപയായിരുന്നത് 249 രൂപയായി വര്‍ധിച്ചു, 19.1 ശതമാനത്തിന്റെ വര്‍ധന. 1.5 ജിബി പ്രതിദിനം ലഭിക്കുന്ന രണ്ട് മാസത്തെ പ്ലാനിന് 579 രൂപയാക്കി, നേരത്തെ 479 രൂപയായിരുന്നു. നേരത്തെ 15 രൂപക്ക് ലഭ്യമായിരുന്ന ഒരു ജിബിയുടെ ഡാറ്റ ആഡ്-ഓണ്‍ പ്ലാനിന് ഇനി മുതല്‍ 19 രൂപ നല്‍കണം. 399 രൂപയുണ്ടായിരുന്ന 75 ജി.ബിയുടെ പോസ്റ്റ്‌പെയിഡ് പ്ലാന്‍ 499 രൂപയാക്കി.
പിന്നാലെ എയര്‍ടെല്ലും വോഡഫോണ്‍-ഐഡിയയും
ജിയോക്ക് പിന്നാലെ നിരക്ക് വര്‍ധനയ്‌ക്കൊരുങ്ങി എയര്‍ടെല്ലും വോഡഫോണ്‍-ഐഡിയയും (വിഐ). 2021 ഡിസംബറിലാണ് അവസാനമായി രാജ്യത്ത് ടെലകോം കമ്പനികള്‍ നിരക്ക് വര്‍ധന നടപ്പിലാക്കിയത്. നിരക്ക് വര്‍ധനയുണ്ടാകുമെന്ന് ഭാരതി എയര്‍ടെല്‍ മാനേജിംഗ് ഡയറക്ടര്‍ ഗോപാല്‍ വിത്തലും വോഡഫോണ്‍-ഐഡിയ സി.ഇ.ഒ അക്ഷയ മൂന്ദ്രയും അടുത്തിടെ സൂചിപ്പിച്ചിരുന്നു. ഉടന്‍ തന്നെ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന.