30 മിനിറ്റില്‍ ഓര്‍ഡറുകള്‍ എത്തിക്കാന്‍ ജിയോ മാര്‍ട്ട്; ലക്ഷ്യം വിപണി പിടിക്കല്‍

രാജ്യമെങ്ങും വ്യാപിച്ചു കിടക്കുന്ന 18,000ത്തോളം റിലയന്‍സ് റീട്ടെയ്ല്‍ സ്‌റ്റോറുകള്‍ അവരുടെ പുതിയ ലക്ഷ്യം എളുപ്പമാക്കുന്നു

Update:2024-05-30 10:33 IST

Image Courtesy: Jiomart, canva

റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലുള്ള ജിയോ മാര്‍ട്ട് പ്രവര്‍ത്തനം അടിമുടി പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നു. ഇ-കൊമേഴ്‌സ് ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജൂണ്‍ മുതല്‍ ഓര്‍ഡറുകള്‍ ലഭിച്ച് 30 മിനിറ്റിനുള്ളില്‍ ഇവ എത്തിച്ചു നല്‍കാനാണ് നീക്കം. തുടക്കത്തില്‍ ഏഴോ എട്ടോ നഗരങ്ങളില്‍ ആരംഭിക്കുന്ന പദ്ധതി പിന്നീട് രാജ്യവ്യാപകമായി നടപ്പാക്കാനാണ് തീരുമാനം.
മറ്റ് ഇ-കൊമേഴ്‌സ് കമ്പനികള്‍ അതിവേഗ ഓര്‍ഡറുകളുമായി രംഗത്തുള്ളതാണ് ജിയോമാര്‍ട്ടിനെയും മാറിചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. മുമ്പ് ജിയോമാര്‍ട്ട് എക്‌സ്പ്രസ് എന്നപേരില്‍ 90 മിനിറ്റില്‍ ഓര്‍ഡറുകള്‍ വേഗത്തില്‍ എത്തിക്കുന്ന പദ്ധതി ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ജിയോമാര്‍ട്ട് എക്‌സ്പ്രസ് സ്‌കീം ഒഴിവാക്കിയിരുന്നു.
ലക്ഷ്യം വിപണി ആധിപത്യം
ജിയോമാര്‍ട്ടിലൂടെ റിലയന്‍സ് ലക്ഷ്യമിടുന്നത് ശതകോടികളുടെ ഇ-കൊമേഴ്‌സ് വിപണിയാണ്. 2019ല്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ജിയോമാര്‍ട്ടിന് വലിയതോതില്‍ വിപണി പിടിക്കാന്‍ സാധിച്ചിട്ടില്ല. 2013ല്‍ ഗുരുഗ്രാം ആസ്ഥാനമായി തുടങ്ങിയ ബ്ലിന്‍കിറ്റ് (blinkit) ആണ് പെട്ടെന്നുള്ള ഓര്‍ഡര്‍ വിതരണത്തിന്റെ കാര്യത്തില്‍ മുന്നിലുള്ളത്. ഈ സെക്ടറില്‍ 40-45 ശതമാനം വിപണിവിഹിതം അവര്‍ക്കാണ്. ഫ്‌ളിപ്പ്കാര്‍ട്ടും വേഗത്തിലുള്ള സര്‍വീസിലേക്ക് കേന്ദ്രീകരിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
വേഗത്തിലുള്ള വിതരണത്തിന് ജിയോമാര്‍ട്ടിനെ സംബന്ധിച്ച് ചില അനുകൂലഘടകങ്ങളുണ്ട്. രാജ്യമെങ്ങും വ്യാപിച്ചു കിടക്കുന്ന 18,000ത്തോളം റിലയന്‍സ് റീട്ടെയ്ല്‍ സ്‌റ്റോറുകള്‍ അവരുടെ പുതിയ ലക്ഷ്യം എളുപ്പമാക്കുന്നു. വലിയ ഗോഡൗണുകളില്‍ നിന്ന് ഉപയോക്താവിലേക്ക് ഓര്‍ഡറുകള്‍ എത്തിക്കുന്നതിന് പകരം റീട്ടെയ്ല്‍ സ്റ്റോറുകള്‍ വഴി ഓര്‍ഡറുകള്‍ എത്തിച്ച് വിപണി പിടിക്കാന്‍ ജിയോമാര്‍ട്ടിന് സാധിക്കും.
Tags:    

Similar News