വീണ്ടും നിപ മരണം; മലപ്പുറത്ത് നിയന്ത്രണങ്ങള്‍, കടകള്‍ രാവിലെ 10 മുതല്‍ വൈകീട്ട് ഏഴു വരെ

സമ്പര്‍ക്ക പട്ടിക നീളുന്നു, പൊതുസ്ഥാപനങ്ങള്‍ അടച്ചു

Update:2024-09-17 13:53 IST

nipahvirus

നിപ വൈറസ് ബാധിച്ച് ഒരു വിദ്യാര്‍ത്ഥി കൂടി കഴിഞ്ഞ ദിവസം മരിച്ചതോടെ മലപ്പുറം ജില്ലയിലെ രണ്ട് പഞ്ചായത്തുകളില്‍ ആരോഗ്യ വകുപ്പ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. വണ്ടൂരിനടുത്തുള്ള തിരുവാലി ഗ്രാമപഞ്ചായത്തിലെ നാലു വാര്‍ഡുകളും മമ്പാട് പഞ്ചായത്തിലെ ഒരു വാര്‍ഡുമാണ് കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ഈ പ്രദേശങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാവിലെ 10 മുതല്‍ വൈകീട്ട് ഏഴു മണിവരെയാണ് പ്രവര്‍ത്തനാനുമതി. ജനങ്ങള്‍ സാമൂഹിക അകലം പാലിച്ച് വേണം കടകളിലെത്താന്‍. ട്യൂഷന്‍ സെന്ററുകളും അങ്കണവാടികളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തിയേറ്ററുകള്‍ തുടങ്ങിയ പൊതുസ്ഥാപനങ്ങളൊന്നും പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അനാവശ്യമായി വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കി. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നും ജനങ്ങള്‍ കടുത്ത ജാഗ്രത തുടരണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയിലെ പ്രധാന വ്യവസായ മേഖലകളിലൊന്നാണ് തിരുവാലി പഞ്ചായത്ത്.

രണ്ടു മാസത്തിനിടെ രണ്ടാമത്തെ മരണം

ജുലൈ മാസത്തില്‍ നിപ വൈറസ് ബാധിച്ച് 15 വയസുകാരന്‍ മരിച്ചതിനെ തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങളുണ്ടായിരുന്നു. മഞ്ചേരിക്കടുത്തുള്ള പാണ്ടിക്കാട് പഞ്ചായത്തിലാണ് ജൂലൈ 21 ന്‌ വിദ്യാര്‍ത്ഥി മരിച്ചത്. അന്ന് കടുത്ത നിയന്ത്രണങ്ങളിലൂടെ രോഗ വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ 23 കാരനായ വിദ്യാര്‍ത്ഥിയുടെ മരണം നിപ മൂലമാണെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചതോടെയാണ് വീണ്ടും ആശങ്ക പരക്കുന്നത്. ബംഗളുരുവില്‍ പഠിക്കുകയായിരുന്ന തിരുവാലി സ്വദേശിയായ വിദ്യാര്‍ത്ഥി സെപ്തംബര്‍ 10 നാണ് മരിച്ചത്. കാലിലെ മുറിവിന് ചികില്‍സ തേടി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. പിന്നീട് പനി മൂര്‍ച്ഛിച്ചായിരുന്നു മരണം. സംശയത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പൂനെ വൈറോളജി ലാബിലും നടത്തിയ പരിശോധനയിലാണ് നിപയാണ് മരണകാരണമെന്ന് കണ്ടെത്തിയത്. കർണാടക ആരോഗ്യവകുപ്പിനും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

175 പേര്‍ സമ്പര്‍ക്ക പട്ടികയില്‍

മരിച്ച വിദ്യാര്‍ത്ഥിയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ 175 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 126 പേര്‍ പ്രാഥമിക സമ്പർക്ക പട്ടികയിലും 49 പേര്‍ രണ്ടാമത്തെ പട്ടികയിലുമാണ്. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 104 പേരാണ് ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ 13 പേരുടെ സ്രവം പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കാത്തിരിക്കുകയാണ്. മരണപ്പെട്ട വ്യക്തിയുടെ വീടിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ 66 ടീമുകളായി ആരോഗ്യ വകുപ്പ് ഫീല്‍ഡ് സര്‍വെ ആരംഭിച്ചിട്ടുണ്ട്.

കേരളം ഹൈ റിസ്‌കില്‍

അടുത്ത കാലത്തായി നിപ വൈറസ് ബാധ എല്ലാ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം മാറുകയാണ്. 2018 ന് ശേഷം അഞ്ചു വര്‍ഷവും കേരളത്തില്‍ നിപ വൈറസ് ബാധ കണ്ടെത്തി. ഇതില്‍ നാലു വര്‍ഷങ്ങളിലും നിപ മരണങ്ങളുമുണ്ടായിട്ടുണ്ട്. 2018 ല്‍ ആദ്യമായി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ മരണസംഖ്യ ഏറെയായിരുന്നു. 23 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ അതില്‍ 17 പേര്‍ മരിച്ചു. 2019 ല്‍ ഒരാള്‍ക്കാണ് വൈറസ് ബാധയുണ്ടായത്. ഇയാള്‍ ചികില്‍സയിലൂടെ രക്ഷപ്പെട്ടു. 2021 ല്‍ ഒരാളും 2023 ല്‍ ആറു പേരും ഈ വര്‍ഷം രണ്ടു പേരും മരിച്ചിട്ടുണ്ട്. 2001 ല്‍ ബംഗാളിലുണ്ടായ നിപ വ്യാപനത്തില്‍ 45 പേരാണ് മരിച്ചത്.

Tags:    

Similar News

വിട, എം.ടി ...