പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയെന്ന് തെളിയിച്ച് റിഷി സുനക്
ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യക്കാരനെ കൂടുതല്‍ അറിയാം
പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. പല മഹാന്മാരും അത് അവരുടെ ജീവിതം കൊണ്ട് തെളിയിച്ചതുമാണ്. കഠിനാധ്വാനം ജീവിതത്തില്‍ ശീലമാക്കി മാറ്റിയിട്ടുള്ളവര്‍ക്ക് ജീവിതം കാത്തുവച്ചിരിക്കുന്ന സര്‍പ്രൈസുകളെന്താണെന്ന്പറയാന്‍ കഴിയില്ല. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ന് അദികാരമേല്‍ക്കുന്ന റിഷി സുനകിന്റെ ജീവിതവും സിനിമാക്കഥയെക്കാള്‍ ട്വിസ്റ്റുകള്‍ നിറഞ്ഞതാണ്.
എട്ട് വർഷം മുമ്പ് രാഷ്ട്രീയത്തിലേക്ക് കാലുവച്ച 42 കാരനായ റിഷി സുനകിന്റെ ഇതുവരെയുള്ള വളര്‍ച്ചയും പടിപടായുള്ളതായിരുന്നു. രാജിവച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിനോട് പരാജയപ്പെട്ട റിഷി സുനകിന് അപ്രതീക്ഷിതമായി വന്നു ചേര്‍ന്നതാണ് പുതിയ മന്ത്രിപദം. ലിസ് ട്രസ് എന്ന വാക്ക് ഇലക്ഷന്‍ റസള്‍ട്ടുകളില്‍ നിറഞ്ഞ് നിന്നപ്പോള്‍ പരാജയത്തിലേക്ക് തിരിഞ്ഞ റിഷി സുനക് പക്ഷെ 50 ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രിപദത്തിലേക്കെത്തുമ്പോള്‍ പിറന്നത് പുതു ചരിത്രം.
7 വര്‍ഷം മുന്‍പ് എംപി പോലും അല്ലാതിരുന്ന സുനക് ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തി നില്‍ക്കുന്നത് ചരിത്രം, എന്നാല്‍ ഈ പദത്തിലേക്കെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍ എന്ന ചരിത്രത്തെയാണ് ഇവിടെ ഓരോ വ്യക്തിയും അഭിമാനത്തോടെ ഓര്‍ക്കുന്നത്.
ആരാണ് റിഷി സുനക്?
ഇന്ത്യയില്‍ ജനിച്ചുവളര്‍ന്നിട്ടില്ലെങ്കിലും ഇന്ത്യന്‍ വംശജനായിരുന്നു റിഷി സുനക്. ബ്രിട്ടനില്‍ ജനിച്ച് വളര്‍ന്ന പഞ്ചാബുകാരായ യശ്വീര്‍ സുനകിന്റെയും ഉഷയുടെയും മൂത്തമകനായി 1980 മേയ് 12നു ജഹാംഷറിലെ സതാംപ്റ്റണിലാണ് ഋഷി സുനക് ജനിച്ചത്. അച്ഛന്‍ ഡോക്ടറാണ്. ഫാര്‍മസിസ്റ്റായ അമ്മയുടെ അച്ഛന്‍ മുമ്പ് മെംബര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദ് ബ്രിട്ടിഷ് എംപയര്‍ ബഹുമതി നേടിയിട്ടുണ്ട്.
ബ്രിട്ടനിലെ ഓക്‌സ്ഫഡിലും യുഎസിലെ സ്റ്റാന്‍ഫഡിലുമായി പൊളിറ്റിക്‌സും സാമ്പത്തിക ശാസ്ത്രവും പഠിച്ച്, ഗോള്‍ഡ്മന്‍ സാക്‌സ് ഉള്‍പ്പെടെ വന്‍കിട കമ്പനികളില്‍ ജോലി ചെയ്തും സ്വന്തമായി നിക്ഷേപ സഹായ കമ്പനി രൂപീകരിച്ചും തന്റേതായ സാമ്രാജ്യം കെട്ടിപ്പടുത്ത റിഷി സുനക് 2014 ല്‍, 33 ാം വയസ്സില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലിറങ്ങിയത്.
ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് നേടി യുഎസിലെ സ്റ്റാന്‍ഫഡ് ബിസിനസ് സ്‌കൂളില്‍ എംബിഎയ്ക്കു പഠിക്കുമ്പോഴാണ് റിഷി സുനകും ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാന്‍ നാരായണമൂര്‍ത്തിയുടെ മകള്‍ അക്ഷതയുമായുള്ള പ്രണയവും പിന്നീടുള്ള വിവാഹവും. 2009 ഓഗസ്റ്റില്‍ വിവാഹം. രണ്ട് പെണ്‍മക്കളുമുണ്ട് ഇവര്‍ക്ക്.
2015 ല്‍ അന്നത്തെ വിദേശകാര്യമന്ത്രി വില്യം ഹേഗ് ഒഴിഞ്ഞ സീറ്റില്‍ മത്സരിച്ചു 50 ശതമാനത്തിലേറെ വോട്ടു നേടി വിജയിച്ചു. വെള്ളക്കാര്‍ ഭൂരിപക്ഷമായ നോര്‍ത്ത് യോര്‍ക്ഷറിലെ റിച്ച്മണ്ടില്‍ റിഷി സുനക് നേടിയെടുത്ത വിജയം അന്ന് തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. യൂറോപ്യന്‍ യൂണിയന്‍ വിടുന്നതു സംബന്ധിച്ചു ബ്രിട്ടിഷ് രാഷ്ട്രീയം വിവിധ ചേരികളായപ്പോള്‍, റിഷി സുനക് ബോറിസ് ജോണ്‍സനൊപ്പം തന്നെ നിന്നു.
ബ്രെക്‌സിറ്റ് സാമ്പത്തിക കാഴ്ചപ്പാടില്‍ ബോറിസിന്റെ വാദങ്ങള്‍ക്ക് കൃത്യമായ വ്യാഖ്യാനങ്ങള്‍ റിഷി നല്‍കി. തെരേസ മേ മന്ത്രിസഭയില്‍ ഭവനകാര്യ സഹമന്ത്രിയായി. തുടര്‍ന്ന് ബോറിസ് ജോണ്‍സന്‍ പ്രധാനമന്ത്രിയായതോടെ ട്രഷറി ചീഫ് സെക്രട്ടറിയായതും ഇന്ത്യയിലടക്കം ചര്‍ച്ചയായി. പിന്നീടാണ് ബ്രിട്ടിഷ് ധനകാര്യ മന്ത്രിയാകുന്നത്. ബോറിസ് ജോണ്‍സന്റെ രാജിക്ക് പിന്നാലെ ലിസ് ട്രസുമായി മത്സരിച്ചു. പരാജയപ്പെട്ടെങ്കിലും 50 ദിവസങ്ങള്‍ക്കിപ്പുറം കഥ മാറി.