ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആരെയെങ്കിലും ഏല്‍പിച്ചാല്‍ മതിയോ?

ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ ഇക്കാലത്ത് സൂക്ഷിക്കാനുണ്ട്; വിശ്വസ്തരാകണം സേവന ദാതാക്കള്‍

Update:2024-07-17 16:21 IST

Image: Canva

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി അടുത്തു വരുന്നു. സ്വന്തനിലക്ക് വെബ്‌സൈറ്റില്‍ കയറി റിട്ടേണ്‍ ഫയല്‍ ചെയ്യാനറിയില്ല. നികുതി സംബന്ധമായ നൂലാമാലകളെക്കുറിച്ചും ബോധ്യമില്ല. എന്നു കരുതി റിട്ടേണ്‍ ഫയല്‍ ചെയ്യാതിരിക്കാനാവില്ല. അതിന് ആരെയെങ്കിലും വിശ്വസിച്ച് ഏല്‍പിച്ചാല്‍ മതിയോ? വരുമാനം, നിക്ഷേപം, ആസ്തി, ബാധ്യതകള്‍ എന്നിങ്ങനെ കൈമാറുന്നത് നിങ്ങളുടെ പ്രധാനപ്പെട്ട സാമ്പത്തിക വിവരങ്ങളാണ്. വിശ്വസ്തമായി അത് കൈകാര്യം ചെയ്യണം. ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ ഈ കാലത്ത് സാമ്പത്തിക വിവരങ്ങള്‍ പങ്കുവെക്കുന്നതിലെ അപകടം അറിഞ്ഞിരിക്കുക തന്നെ വേണം.
നിങ്ങളുടെ സാമ്പത്തിക വിവരങ്ങള്‍ കൈമാറുന്നയാള്‍ വിശ്വാസയോഗ്യനാണോ എന്ന് അറിഞ്ഞിരിക്കുക. അംഗീകൃത ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍, നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ വൈദഗ്ധ്യമുള്ള വിശ്വസ്തരായ ആളുകള്‍ എന്നിവരെത്തന്നെ രേഖകള്‍ ഏല്‍പിക്കുക. അവര്‍ നല്‍കുന്ന സേവനങ്ങള്‍ എന്താണെന്ന് മനസിലാക്കുക. ഐ.ടി.ആര്‍ ഫയല്‍ ചെയ്യുന്നതിനൊപ്പം തുടര്‍ന്നുള്ള വെരിഫിക്കേഷനിലും മറ്റും സഹായിക്കാന്‍ കഴിയണം. റിട്ടേണിനെക്കുറിച്ച് ആദായ നികുതി വകുപ്പില്‍ നിന്ന് ചോദിച്ചേക്കാവുന്ന വിശദീകരണങ്ങള്‍ അടക്കം തുടര്‍നടപടികളിലും സഹായം ലഭിക്കുമെന്ന് ഉറപ്പു വരുത്തണം. ഫീസ് എത്രയാണെന്ന് മുന്‍കൂട്ടി അറിയുക.
വരുമാന, നിക്ഷേപ, ചെലവു വിവരങ്ങള്‍ ഡാറ്റയാണ്
ഡാറ്റ സുരക്ഷ ഉറപ്പു വരുത്തുക. നിങ്ങളുടെ ഡാറ്റ കൈകാര്യം ചെയ്യുന്നത് ആരാണ്, ഡിജിറ്റലായോ അല്ലാതെയോ എവിടെ സൂക്ഷിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ അറിയുക. ഡാറ്റ കൈമാറ്റം സുരക്ഷിതമായ മാര്‍ഗങ്ങളിലൂടെ നടത്തുക. മെസേജ് ആപുകള്‍, സുരക്ഷിതമല്ലാത്ത ഇമെയിലുകള്‍ തുടങ്ങിയവ ഒഴിവാക്കുക. കൈമാറുന്ന രേഖകളുടെ പകര്‍പ്പ് സൂക്ഷിക്കുക. ഫോം 16, നിക്ഷേപ രേഖകള്‍, ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് തുടങ്ങിയവയുടെ കോപ്പി നിങ്ങള്‍ സൂക്ഷിക്കണം.
ഐ.ടി.ആര്‍ ഫയല്‍ ചെയ്യുന്നതിനു മുമ്പ് കരട് പകര്‍പ്പ് വാങ്ങി പരിശോധിക്കുക. അതിലെ വിവരങ്ങള്‍ കൃത്യമാണെന്ന് ബോധ്യപ്പെടുക. വരുമാനം, നികുതിയിളവുകള്‍, നികുതി ഒഴിവുകള്‍ തുടങ്ങിയവ എങ്ങനെയൊക്കെ കാണിച്ചിരിക്കുന്നുവെന്ന് അറിയുക. പൊരുത്തക്കേടുണ്ടെങ്കില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഏല്‍പിച്ചവരോട് സംശയ നിവാരണം നടത്തുക. അന്തിമ തീയതിക്കു മുമ്പ് റിട്ടേണ്‍ ഫയല്‍ ചെയ്തുവെന്ന് ഉറപ്പു വരുത്തുക. നിശ്ചിത തീയതി കഴിഞ്ഞാല്‍ പിഴ, പലിശ തുടങ്ങിയവ ഒടുക്കേണ്ടിവരും.
ജൂലൈ 31 ആണ് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി.
Tags:    

Similar News