കോര്‍പറേറ്റ് കുടുംബങ്ങളുടെ വനിതാ സാരഥികളില്‍ മുന്നില്‍ രോഷ്‌നി നാടാര്‍; മലയാളിയുമുണ്ട് പട്ടികയില്‍
ജ്യോതി ലബോറട്ടറിസിന്റെ ജ്യോതി രാമചന്ദ്രന് 10-ാം സ്ഥാനം; 15,400 കോടിയുടെ കുടുംബ ബിസിനസ്
രാഷ്ട്രീയത്തിലെ വനിത നായികമാര്‍ നിരവധിയാണ്. സ്വതന്ത്ര ഇന്ത്യയുടെ കാര്യമെടുത്താല്‍ ഇന്ദിരാഗാന്ധി മുതല്‍ നീളുന്നതാണ് പട്ടിക. രാഷ്ട്രപതി വനിതയാണ്. രാഷ്ട്രീയത്തില്‍ മാത്രമല്ല കോര്‍പറേറ്റ് ലോകത്തിനുമുണ്ട് വനിതാ മുന്നേറ്റത്തിന്റെ കഥ പറയാന്‍. കനപ്പെട്ട വ്യവസായ കുടുംബങ്ങളെ നയിക്കുന്ന വനിതാ സാരഥികള്‍ നിരവധി.
ഇന്ത്യയില്‍ കോടികളുടെ മൂല്യമുള്ള കുടുംബ ബിസിനസ് നയിക്കുന്ന വനിതകളില്‍ മുന്നില്‍ ഇപ്പോള്‍ രോഷ്‌നി നാടാര്‍ മല്‍ഹോത്രയാണ്. ബാര്‍ക്ലെയ്‌സ് പ്രൈവറ്റ് ക്ലയന്റ്‌സ് ഹുരൂണ്‍ റിപ്പോര്‍ട്ട് പ്രകാരം രോഷ്‌നി നയിക്കുന്ന നാടാര്‍ നാടാര്‍ കുടുംബത്തിന്റെ ബിസിനസ് മൂല്യം 4,30,000 കോടി രൂപയാണ്. എച്ച്.സി.എല്‍ ടെക്‌നോളജീസ് ലിമിറ്റഡ് നാദര്‍ കുടുംബത്തിന്‍േറതാണ്. എച്ച്.സി.എല്‍ ചെയര്‍പേഴ്‌സണ്‍ ആണ് റോഷ്‌നി നാടാര്‍. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഇന്ത്യയിലെ ഒരു ഐ.ടി കമ്പനി നയിക്കുന്ന ആദ്യ വനിതയും റോഷ്‌നി നാടാര്‍ തന്നെ.
നിസാബ ഗോദ്‌റെജ് രണ്ടാം സ്ഥാനത്ത്
ഗോദ്‌റെജ് കുടുംബത്തിലെ നിസാബ ഗോദ്‌റെജ് 172,500 കോടി രൂപയുടെ ബിസിനസുമായി രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ഫാര്‍മ കമ്പനിയായ ലുപിന്‍ അവതരിപ്പിക്കുന്ന മഞ്ജു ഡി. ഗു്പ്തയാണ്. 71,200 കോടിയുടേതാണ് ബിസിനസ്.
ജെ.കെ സിമന്റ് നിര്‍മാതാക്കളായ സിംഘാനിയ കുടുംബത്തെ നയിക്കുന്ന സുശീലാദേവി സിംഘാനിയ കുടുംബ ബിസിനസ് വളര്‍ത്തിയത് 67,600 കോടിയിലേക്കാണ്. തെര്‍മാക്‌സിലൂടെ അറിയപ്പെടുന്ന മെഹര്‍ പദംജിയുടെ കുടുംബ ബിസിനസ് 44,000 കോടി രൂപയുടേതാണ്. ബിര്‍ലാ സോഫ്ടിന്റെ അമിത ബിര്‍ല 30,900 കോടിയുടെ കുടുംബ ബിസിനസ് നയിക്കുന്നു. ജ്യോതി രാമചന്ദ്രന്‍ മാനേജിങ് ഡയറക്ടറായ ജ്യോതി ലബോറട്ടറീസിന്റെ കുടുംബ ബിസിനസ് ഇന്ന് 15,400 കോടിയുടേതാണ്. വനിത വ്യവസായികളില്‍ 10-ാം സ്ഥാനം.