ബാഗേജ് നഷ്ടപ്പെട്ട ട്രെയിന്‍ യാത്രക്കാരന് 1 ലക്ഷം രൂപ നഷ്ടപരിഹാരം, പരാതി തളളി ദേശീയ കമ്മീഷന്‍, പഠിക്കേണ്ട പാഠങ്ങള്‍ ഇവ
മോഷ്ടിച്ച ബാഗിൽ 84,450 രൂപയുടെ സാധനങ്ങൾ ഉണ്ടായിരുന്നതായി യാത്രക്കാരൻ
ട്രെയിന്‍ യാത്രയില്‍ സാധനങ്ങള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അനുവദിക്കപ്പെട്ട നഷ്ടപരിഹാരവും തുടര്‍ന്നുളള സംഭവ വികാസങ്ങളും ശ്രദ്ധേയമാകുന്നു. മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്ന് തേര്‍ഡ് എ.സി യില്‍ സഞ്ചരിച്ച വ്യക്തിയുടെ സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. ട്രെയിൻ പുറപ്പെട്ടതിന് ശേഷം ലാപ്‌ടോപ്പ്, ക്യാമറ, ചാർജർ, കണ്ണടകൾ, രണ്ട് എ.ടി.എം കാർഡുകൾ എന്നിവ അടങ്ങിയ ഇയാളുടെ ബാക്ക്‌പാക്ക് മോഷ്ടിക്കപ്പെട്ടുവെന്നാണ് പരാതി നല്‍കിയത്.
മോഷ്ടിച്ച ബാഗിൽ 84,450 രൂപയുടെ സാധനങ്ങൾ ഉണ്ടായിരുന്നതായി യാത്രക്കാരൻ പറഞ്ഞു. തുടര്‍ന്ന് നാഗ്പൂർ സ്റ്റേഷൻ റെയിൽവേ ജി.ആർ.പി യിൽ ഇയാള്‍ എഫ്.ഐ.ആർ ഫയൽ ചെയ്തു. റെയിൽവേ ജി.ആർ.പിക്ക് ബാഗ് കണ്ടെത്താനാകാതെ വന്നപ്പോൾ യാത്രക്കാരൻ 2014 ൽ ജില്ലാ ഉപഭോക്തൃ കമ്മീഷനിൽ കേസ് ഫയൽ ചെയ്തു.
വർഷങ്ങളോളം നീണ്ട വ്യവഹാരങ്ങൾക്കൊടുവിൽ, ഇന്ത്യൻ റെയിൽവേ യാത്രക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ-സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു.
സംസ്ഥാന കമ്മീഷനില്‍ നിന്ന് അനുകൂല വിധി
നാഗ്പൂർ കോച്ച് അറ്റൻഡർ, കണ്ടക്ടർ, ജി.ആർ.പി ഉദ്യോഗസ്ഥർ എന്നിവര്‍ ഡ്യൂട്ടില്‍ നിന്ന് അപ്രത്യക്ഷരാവുകയോ ഉറങ്ങുകയോ ചെയ്തുവെന്ന് ബോധ്യപ്പെട്ടതായി ബോധ്യപ്പെട്ടതായി ജില്ലാ ഉപഭോക്തൃ കമ്മീഷൻ വ്യക്തമാക്കി. ഇതാണ് യാത്രക്കാരന്റെ ലഗേജുകൾ മോഷണം പോകുന്നതിന് കാരണമായത്. ഇയാള്‍ക്കുണ്ടായ മാനസിക പീഡനത്തിനും വ്യവഹാര ചെലവുകൾക്കുമായി കമ്മീഷന്‍ 5,000 രൂപ നഷ്ടപരിഹാരം വിധിച്ചു.
തുടര്‍ന്ന് യാത്രക്കാരൻ ഡൽഹി സ്റ്റേറ്റ് കൺസ്യൂമർ കമ്മീഷനിൽ കൂടുതല്‍ നഷ്ടപരിഹാരത്തിനായി അപ്പീൽ നൽകി. ട്രെയിൻ ഓടുമ്പോൾ കോച്ചുകളുടെ വാതിലുകൾ അടച്ചിട്ടുണ്ടെന്ന് ട്രെയിൻ കണ്ടക്ടർമാർ ഉറപ്പാക്കേണ്ടതാണ്. ഹര്‍ജിക്കാരന് സേവനങ്ങൾ നൽകുന്നതിൽ റെയിൽവേയുടെ ഭാഗത്തുനിന്ന് കടുത്ത അനാസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്ന് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍ വ്യക്തമാക്കി. തുടര്‍ന്ന് സ്റ്റേറ്റ് കമ്മീഷൻ നഷ്ടപരിഹാരം 5000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായി ഉയർത്തി.
പരാതി തളളി ദേശീയ കമ്മീഷന്‍
ഈ ഉത്തരവിന് പിന്നാലെ ഇന്ത്യൻ റെയിൽവേ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനില്‍ (എൻ.സി.ഡി.ആർ.സി) അപ്പീൽ നൽകി. യാത്രയുടെ ഭാഗമായി റെയിൽവേയിൽ ബുക്ക് ചെയ്യുകയോ രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ദേശീയ കമ്മീഷന്‍ പറഞ്ഞു. ബാക്ക്-പാക്ക്
ചരക്കുകളോ ലഗേജുകളോ രജിസ്റ്റർ ചെയ്താല്‍ രസീതോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള രേഖകളോ നല്‍കി ആ ലഗേജിൻ്റെ സുരക്ഷയുടെ ഉത്തരവാദിത്തം റെയിൽവേ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. ഈ നടപടി പരാതിക്കാരൻ സ്വീകരിച്ചിട്ടില്ല എന്നതിനാല്‍ ബാക്ക് പാക്കിൻ്റെ സുരക്ഷയുടെ ഉത്തരവാദിത്തം റെയിൽവേ അധികൃതര്‍ക്ക് ഏറ്റെടുക്കാനാവില്ലെന്ന് എൻ.സി.ഡി.ആർ.സി ഉത്തരവിട്ടു.
പരാതിക്കാരൻ്റെ ബാക്ക്-പാക്ക് യഥാർത്ഥത്തിൽ കമ്പാർട്ടുമെൻ്റിലേക്ക് കൊണ്ടുവന്നുവെന്നോ, ഏതെങ്കിലും റെയിൽവേ ജീവനക്കാർ സേവനം നൽകുന്നതിൽ അശ്രദ്ധയോ കുറവുകളോ കാണിച്ചുവെന്നോ തെളിയിക്കാൻ കാര്യമായ തെളിവുകളൊന്നും ഇല്ലെന്ന് പറഞ്ഞ് പരാതി തള്ളുന്നതായാണ് ദേശീയ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
വിധിയില്‍ നിന്നുളള പാഠങ്ങള്‍
യാത്രക്കാര്‍ വ്യക്തിഗത ലഗേജുകള്‍ രേഖപ്പെടുത്തുകയോ ബുക്ക് ചെയ്യുകയോ ചെയ്യാതെ കൊണ്ടുപോകാൻ തീരുമാനിച്ചാല്‍ റെയിൽവേയുടെ ബാധ്യത ഗണ്യമായി കുറയുമെന്ന് സൂചിപ്പിക്കുന്നതാണ് ദേശീയ കമ്മീഷന്റെ വിധി.
ബുക്ക് ചെയ്യാത്ത ലഗേജുകൾക്ക് ബുക്ക് ചെയ്ത ലഗേജുകളുടെ അതേ പരിരക്ഷ നൽകാനാവില്ലെന്നാണ് റെയിൽവേ ആക്ട് പറയുന്നത്. യാത്രക്കാരുടെ വ്യക്തിപരമായ ഉത്തരവാദിത്തത്തിൽ ഇവ കൊണ്ടുപോകുമെന്നാണ് റെയില്‍വേ കരുതുന്നത്.
റെയിൽവേ അധികൃതര്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ഉറപ്പാക്കാൻ യാത്രക്കാർ ലഗേജ് വിവരം രേഖകളുടെ ഭാഗമാക്കുകയും ബുക്ക് ചെയ്യുകയും വേണമെന്നാണ് ഈ കേസ് വ്യക്തമാക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. റിസർവ് ചെയ്ത കമ്പാർട്ടുമെൻ്റിൽ കൊണ്ടുപോകുന്ന രേഖകളില്‍ ഉള്‍പ്പെടുത്താത്ത സ്വകാര്യ ലഗേജുകള്‍ യാത്രക്കാരുടെ ഉത്തരവാദിത്തമായിരിക്കും.
വിലപ്പെട്ട ഏതെങ്കിലും വസ്തുക്കൾ കൊണ്ടു പോകുന്നുണ്ടെങ്കില്‍, ഇതുസംബന്ധിച്ച രസീതുകളും ഇനങ്ങളുടെ വിവരണങ്ങളും ഉൾപ്പെടുന്ന സമഗ്രമായ രേഖ യാത്രക്കാരന്‍ സൂക്ഷിക്കണമെന്നാണ് ഈ കേസ് വ്യക്തമാക്കുന്നത്.