എച്ച്.സി.എല്‍ സാരഥി ഇനി റോഷ്‌നി നാടാര്‍

Update: 2020-07-17 12:24 GMT

എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് ഇനി റോഷ്‌നി നാടാര്‍ മല്‍ഹോത്ര. താന്‍ കമ്പനി ചെയര്‍മാന്‍ പദവി ഒഴിയുകയാണെന്നും മകള്‍ പകരം എത്തുമെന്നും ശിവ നാടാര്‍ പ്രഖ്യാപിച്ചു.ഇന്ത്യയിലെ ധനിക വനിതകളില്‍ ഒന്നാം സ്ഥാനക്കാരിയാണ് 38 കാരിയായ റോഷ്‌നി.

കോവിഡ് കാല പ്രതിസന്ധിക്കിടയിലും നോയിഡ ആസ്ഥാനമായുള്ള ഐടി കമ്പനി 2020 ജൂണ്‍ പാദത്തില്‍ 31.7 ശതമാനം അറ്റലാഭത്തില്‍ വര്‍ധന രേഖപ്പെടുത്തി.2,925 കോടി രൂപയായാണ്  അറ്റലാഭം ഉയര്‍ന്നത്.  അവലോകന കാലയളവില്‍ വരുമാനം 8.6 ശതമാനം കൂടി 17,841 കോടിയായി.11 പുതിയ പരിവര്‍ത്തന ഡീല്‍ വിജയങ്ങള്‍ നേടിയെടുത്ത കമ്പനിക്ക് ആരോഗ്യകരമായ ബുക്കിംഗുകള്‍ ഉണ്ടെന്ന് എച്ച്‌സിഎല്‍ ടെക്‌നോളജീസ് പ്രസിഡന്റും സിഇഒയുമായ സി വിജയകുമാര്‍ പറഞ്ഞു. 'ഈ പാദത്തില്‍ ഞങ്ങള്‍ നിരവധി വലിയ കരാറുകള്‍ പുതുക്കി.ശക്തമായ ഡിമാന്‍ഡ് അന്തരീക്ഷവും ശക്തമായ പൈപ്പ്‌ലൈനും ഞങ്ങള്‍ കാണുന്നു, ഇത് വളര്‍ച്ചാ പാതയില്‍ മുന്നോട്ട് പോകാനാകുമെന്ന ആത്മവിശ്വാസം  നല്‍കുന്നു,'-  വിജയകുമാര്‍ ചൂണ്ടിക്കാട്ടി.

ചീഫ് സ്ട്രാറ്റജി ഓഫീസര്‍ പദവിയില്‍ എച്ച്.സി.എല്‍ ടെക്കിന്റെ മാനേജിംഗ് ഡയറക്ടറായി ശിവ് നടാര്‍ തുടരുമെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.ന്യൂഡല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന റോഷ്‌നി വസന്ത് വാലി സ്‌കൂളില്‍ പഠിച്ചശേഷം അമേരിക്കയിലെ ഇല്ലിനോയിസ് നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ കെല്ലോഗ് സ്‌കൂള്‍ ഓഫ് മാനേജ്മെന്റില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം നേടി.എച്ച്.സി.എല്‍ കോര്‍പ്പറേഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയും എച്ച്.സി.എല്‍ ടെക്‌നോളജീസ് ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണും ശിവ നാടാര്‍ ഫൗണ്ടേഷന്റെ ട്രസ്റ്റിയുമാണ് നിലവില്‍ റോഷ്‌നി നാടാര്‍ മല്‍ഹോത്ര.

എച്ച്‌സിഎലിന് തന്ത്രപരമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിന്റെ ചുമതല റോഷ്‌നിക്കായിരുന്നു. 2013 ലാണ് ഇന്ത്യയിലെ മൂന്നാമത്തെ വലിയ സോഫ്‌റ്റ്വെയര്‍ കയറ്റുമതി കമ്പനിയുടെ ബോര്‍ഡില്‍ അഡീഷണല്‍ ഡയറക്ടറായി റോഷ്‌നി നിയമിതയായത്.വന്യജീവി സംരക്ഷണ പ്രവര്‍ത്തനത്തില്‍ അഭിനിവേശമുള്ള റോഷ്‌നി നാടാര്‍ മല്‍ഹോത്ര 2018 ല്‍ ദി ഹബിറ്റാറ്റ്‌സ് ട്രസ്റ്റ് ആരംഭിച്ചു. രാജ്യത്തെ പ്രകൃതി ആവാസ വ്യവസ്ഥകളെയും തദ്ദേശീയ ജീവികളെയും സംരക്ഷിക്കാന്‍ ട്രസ്റ്റ് ലക്ഷ്യമിടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News