റബര്‍ കര്‍ഷകര്‍ക്ക് 'ചൈനീസ്' സഹായം; ടയര്‍ കമ്പനികളുടെ ഇറക്കുമതി അവതാളത്തില്‍

രാജ്യാന്തര വില കുറഞ്ഞതിന്റെ ചുവടുപിടിച്ച് കേരള വിപണിയില്‍ വില കുറയ്ക്കാനുള്ള ടയര്‍ കമ്പനികളുടെ നീക്കം ഫലം കണ്ടേക്കില്ല

Update:2024-06-20 12:23 IST

Image: Canva

അന്താരാഷ്ട്ര വിപണിയിലെ വിലയിടിവ് മുതലെടുക്കാനുള്ള ടയര്‍ കമ്പനികളുടെ നീക്കത്തിന് തിരിച്ചടിയായി കപ്പല്‍-കണ്ടെയ്‌നര്‍ ക്ഷാമം. പ്രാദേശിക വിലയും രാജ്യാന്തര വിലയും തമ്മിലുള്ള വ്യത്യാസം ഇപ്പോള്‍ 15 രൂപയില്‍ അധികമായി. ഇറക്കുമതി നടത്താനുള്ള സൗകര്യം ഇല്ലാതായത് വിദേശത്തുനിന്നും കൂടുതല്‍ റബര്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിന് തിരിച്ചടിയായിട്ടുണ്ട്. നിലവില്‍ കേരളത്തില്‍ 203-205 രൂപ നിരക്കിലാണ് വ്യാപാരികള്‍ ചരക്കെടുക്കുന്നത്. തായ്‌ലന്‍ഡില്‍ റബര്‍വില 189 രൂപയുമാണ്.
പ്രതിസന്ധിക്ക് കാരണം ചൈന
കപ്പലുകളും കണ്ടെയ്‌നറുകളും വ്യാപകമായി ചൈന ബുക്ക് ചെയ്തിരിക്കുകയാണ്. ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ഓഗസ്റ്റ് ഒന്നുമുതല്‍ അധികതീരുവ ഈടാക്കാന്‍ അമേരിക്ക തീരുമാനിച്ചിരുന്നു. തീരുവ വര്‍ധിക്കുംമുമ്പ് ഉത്പന്നങ്ങള്‍ കയറ്റിയയ്ക്കാനുള്ള തിടുക്കത്തിലാണ് ചൈനീസ് വ്യാപാരികള്‍. ഇതാണ് പെട്ടെന്നുള്ള കപ്പല്‍, കണ്ടെയ്‌നര്‍ ക്ഷാമത്തിലേക്ക് നയിച്ചത്.
രണ്ടുമാസത്തേക്ക് എങ്കിലും കണ്ടെയ്‌നര്‍ ക്ഷാമം നിലനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ റബര്‍ ഇറക്കുമതി ഉടനെങ്ങും പൂര്‍ണതോതില്‍ നടന്നേക്കില്ല. ഇതിന്റെ നേട്ടം കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്കും ലഭിക്കും. രാജ്യാന്തര വില കുറഞ്ഞതിന്റെ ചുവടുപിടിച്ച് കേരള വിപണിയില്‍ നിന്ന് വിട്ടുനിന്ന് വില കുറയ്ക്കാനുള്ള ടയര്‍ കമ്പനികളുടെ നീക്കം ഫലം കണ്ടേക്കില്ല.
രാജ്യന്തര വില ഇടിയുന്നു
ബാങ്കോക്ക് മാര്‍ക്കറ്റില്‍ 215 രൂപ വരെ എത്തിയ റബര്‍ വില ഒരാഴ്ചയ്ക്കുള്ളില്‍ 25 രൂപയോളം ഇടിഞ്ഞു. നിലവില്‍ ബാങ്കോക്ക് വില 189 രൂപയാണ്. തായ്‌ലന്‍ഡിലെ തോട്ടങ്ങളില്‍ നിന്ന് കൂടുതല്‍ ചരക്ക് വിപണിയിലേക്ക് എത്തുന്നുണ്ട്. ഇതും വിലകുറയാന്‍ കാരണമായിട്ടുണ്ട്. നിലവില്‍ 13-15 രൂപയോളം ഉയരത്തിലാണ് കേരളത്തിലെ വില.
വില ഡബിള്‍ സെഞ്ചുറി അടിച്ചപ്പോള്‍ വേണ്ടത്ര ചരക്ക് കൈയിലില്ലെന്നതിന്റെ നിരാശയിലാണ് കര്‍ഷകര്‍. എങ്കിലും മഴക്കാലത്ത് റബര്‍ത്തോട്ടങ്ങള്‍ സജീവമാകാന്‍ വിലകൂടിയത് സഹായിച്ചിട്ടുണ്ട്. റബര്‍ തോട്ടങ്ങളിലെല്ലാം റെയിന്‍ഗാര്‍ഡ് പിടിപ്പിക്കുന്ന ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. മഴമാറി നില്‍ക്കുന്നതും കര്‍ഷകര്‍ക്ക് അനുഗ്രഹമാണ്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍.ഡി.എ സര്‍ക്കാര്‍ ഇടത്തരം വരുമാനക്കാരെ തൃപ്തിപ്പെടുത്താനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ വാഹന വില്പനയിലടക്കം വലിയ തോതിലുള്ള ഉണര്‍വിന് കാരണമാകും. ഇത് ടയര്‍ വില്പനയില്‍ അടക്കം അനുകൂലമായി സ്വാധീനിക്കും.

Similar News