റബർ വില 200 ആകുന്നതും പ്രതീക്ഷിച്ച് കേരള കർഷകർ; തായ്‌ലൻഡിൽ ഉയരുന്നു

മഴമൂലം ചരക്ക് മാര്‍ക്കറ്റിലെത്തുന്നത് കുറയുന്നതോടെ വില ഇനിയും കൂടിയേക്കും

Update:2024-06-05 16:46 IST

Image: Canva

രാജ്യാന്തര വിലയുടെ ചുവടുപിടിച്ച് കേരളത്തിലും റബര്‍ വിലയില്‍ ഉണര്‍വ്. റബര്‍ ബോര്‍ഡ് പറയുന്നതനുസരിച്ച് കോട്ടയം മാര്‍ക്കറ്റില്‍ ആര്‍.എസ്.എസ്4 റബര്‍ഷീറ്റിന്റെ വില 194 രൂപയാണ്. മെയ് 30നു ശേഷം നാലു രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
എന്നാല്‍ വിപണിയില്‍ ചരക്കുനീക്കം കാര്യമായിട്ടില്ല. മഴ കനത്തതോടെ തോട്ടങ്ങള്‍ നിര്‍ജീവമാണ്. തോട്ടങ്ങളില്‍ റബറിന് ഗാര്‍ഡ് ഇടുന്ന ജോലികള്‍ ഇനിയും ആരംഭിക്കാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ ജൂണില്‍ ഉത്പാദം കുറയുമെന്ന സൂചനയാണ് വ്യാപാരികളും നല്‍കുന്നത്. വില 200 കടന്നേക്കുമെന്ന വാര്‍ത്തകള്‍ സന്തോഷം പകരുന്നുണ്ടെങ്കിലും ടാപ്പിംഗ് നടക്കാത്തത് കര്‍ഷകരെ നിരാശരാക്കുന്നു.
രാജ്യാന്തര വില മുന്നോട്ട്
തായ്‌ലന്‍ഡിലും മറ്റ് മുന്‍നിര രാജ്യങ്ങളിലും ഉത്പാദനം കുറയുമെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. ഇത് വിലയിലും പ്രതിഫലിക്കുന്നുണ്ട്. ആര്‍.എസ്.എസ്1 ഇനത്തിന് ബാങ്കോക്ക് മാര്‍ക്കറ്റില്‍ 209 രൂപയാണ്. രാജ്യാന്തര വില ഇനിയും വര്‍ധിക്കുമെന്നാണ് ലഭ്യമാകുന്ന സൂചനകള്‍. 220-230 രൂപയിലേക്ക് ജൂണ്‍ അവസാനത്തോടെ രാജ്യാന്തര വില എത്താനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നത്.
മഴമൂലം ചരക്ക് മാര്‍ക്കറ്റിലെത്തുന്നത് കുറയുന്നതോടെ വില ഇനിയും കൂടിയേക്കും. എന്നാല്‍ ഈ വര്‍ധനയുടെ പ്രയോജനം കര്‍ഷകര്‍ക്ക് കിട്ടാനിടയില്ല.
സാധാരണ മെയ് പകുതിയോടെ കേരളത്തിലെ തോട്ടങ്ങളില്‍ മരങ്ങള്‍ക്ക് ഗാര്‍ഡ് ഇടുന്ന ജോലികള്‍ തുടങ്ങുന്നതാണ്. എന്നാല്‍ അപ്രതീക്ഷിതമായി മഴ നേരത്തെയെത്തിയതോടെ ഇത് അസാധ്യമായിട്ടുണ്ട്. ജൂണില്‍ മഴ മാറിനിന്നെങ്കില്‍ മാത്രമേ ഈ ജോലികള്‍ പൂര്‍ത്തിയാക്കി ജൂലൈയോടെ തോട്ടങ്ങള്‍ സജീവമാകുകയുള്ളൂ.
റബര്‍ തോട്ടങ്ങളിലെ അനുബന്ധ ജോലികള്‍ നിലച്ചതിനാല്‍ ഇതുമായി ബന്ധപ്പെട്ട സാധനസാമഗ്രികളുടെ വില്പനയും കുറഞ്ഞിട്ടുണ്ട്. സാധാരണയായി മെയ്, ജൂണ്‍ മാസങ്ങളില്‍ വലിയ വില്പന നടന്നിരുന്നു. മഴ ഇത്തവണ നീണ്ടുനിന്നതോടെ ഈ മേഖലയുമായി ബന്ധപ്പെട്ടവരും പ്രതിസന്ധിയിലായി.
Tags:    

Similar News