വന്‍തോതില്‍ ഇറക്കുമതി റബര്‍ വരുന്നു, തോട്ടങ്ങളില്‍ ആശങ്കയുടെ കാര്‍മേഘം; റബര്‍ വിലയില്‍ എന്തുസംഭവിക്കും?

ഒരു ലക്ഷം ടണ്‍ റബര്‍ കൂടി ഇറക്കുമതി ചെയ്യാന്‍ വന്‍കിട ടയര്‍ നിര്‍മാതാക്കള്‍ക്ക് പദ്ധതിയുണ്ട്

Update:2024-08-12 14:40 IST

Image: Canva

കേരളത്തില്‍ റബര്‍വില റെക്കോഡ് നിലയിലേക്ക് ഉയര്‍ന്നെങ്കിലും കര്‍ഷകരുടെ ആശങ്ക മാറുന്നില്ല. കണ്ടെയ്‌നര്‍ ക്ഷാമം മൂലം ഇറക്കുമതി നിലച്ചതും ആഗോള വ്യാപകമായി ഉത്പാദനം കുറഞ്ഞതുമായിരുന്നു വില കയറാന്‍ കാരണമായത്. ഇറക്കുമതി വീണ്ടും സജീവമാകുന്നത് ഇന്ത്യന്‍ വിപണിയില്‍ റബറിന്റെ ലഭ്യത ഉയര്‍ത്തും. തല്‍ഫലമായി വില കുറയും.
അടുത്ത ദിവസം 6,000 ടണ്‍ റബര്‍ എത്തുമെന്നണ് വിവരം. ഇതിനു പുറമേ കൂടുതല്‍ ഇറക്കുമതിക്കായി ടയര്‍ നിര്‍മാതാക്കള്‍ നീക്കം നടത്തുന്നുണ്ട്. അധികം വൈകാതെ ഒരു ലക്ഷം ടണ്‍ റബര്‍ കൂടി ഇറക്കുമതി ചെയ്യാന്‍ വന്‍കിട ടയര്‍ നിര്‍മാതാക്കള്‍ക്ക് പദ്ധതിയുണ്ട്. ഇത് പ്രാദേശിക റബര്‍വിലയെ സ്വാധീനിക്കും.
ചരക്കുനീക്കം കൂടി
വില 250ന് അടുത്തെത്തിയതോടെ കര്‍ഷകര്‍ കൈയിലുള്ള ചരക്ക് വിറ്റഴിക്കുകയാണ്. വില ഇനിയും കാര്യമായി ഉയര്‍ന്നേക്കില്ലെന്ന ആശങ്കയാണ് ഇതിനു കാരണം. മഴ കുറഞ്ഞതോടെ തോട്ടങ്ങള്‍ സജീവമാണ്. മിക്കയിടത്തും പൂര്‍ണ തോതില്‍ ടാപ്പിംഗ് പുനരാരംഭിച്ചിട്ടുണ്ട്.
റബര്‍വില റെക്കോഡിലെത്തിയത് തോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കും ഗുണം ചെയ്തിട്ടുണ്ട്. ടാപ്പിംഗ് കൂലി വര്‍ധിച്ചിട്ടുണ്ട്. റബറിന്റെ വില കുറഞ്ഞ സമയത്ത് പലരും ഈ മേഖലയോട് വിടപറഞ്ഞിരുന്നു. എന്നാല്‍ വില ഉയര്‍ന്നതോടെ വര്‍ഷങ്ങളായി അടച്ചിട്ട തോട്ടങ്ങള്‍ പലതും വീണ്ടും സജീവമായി. വന്‍കിട തോട്ടങ്ങള്‍ കരാറില്‍ എടുത്ത് വരുമാനം പങ്കിടുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഉടമയ്ക്ക് 60 ശതമാനവും ടാപ്പിംഗ് എടുത്തവര്‍ക്ക് 40 ശതമാനവുമെന്ന  രീതിയാണ് പലയിടത്തും.
ടയര്‍ കമ്പനികള്‍ക്ക് തിരിച്ചടി
റബര്‍ വില കുതിച്ചുയര്‍ന്നത് ടയര്‍ കമ്പനികളെയാണ് ബാധിച്ചത്. ടയര്‍ കമ്പനികളുടെ ലാഭത്തില്‍ വലിയ ഇടിവുണ്ടായി. ജൂണില്‍ അവസാനിച്ച പാദത്തില്‍ ഒട്ടുമിക്ക കമ്പനികള്‍ക്കും ലാഭം കുറഞ്ഞു. റബര്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ അടിയന്തിര നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ട് ടയര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്‍ (ATMA) റബര്‍ ബോര്‍ഡിന് കത്തയച്ചിട്ടുണ്ട്. ഇറക്കുമതിയില്‍ ആനുകൂല്യം നല്‍കണമെന്നാണ് ആവശ്യം. രാജ്യത്ത് ഉത്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ പ്രകൃതിദത്ത റബറിന്റെ 70 ശതമാനവും ടയര്‍ നിര്‍മാണത്തിനാണ് ഉപയോഗിക്കുന്നത്.
Tags:    

Similar News