ടയര്‍ കമ്പനികള്‍ എല്ലാം നിശ്ചയിക്കും, റബര്‍ തോട്ടങ്ങളില്‍ കണ്ണീര്‍; ചതിച്ചത് ഇറക്കുമതി

ഓഗസ്റ്റില്‍ 75,000 ടണ്‍ റബറാണ് രാജ്യത്തെ തുറമുഖങ്ങളില്‍ എത്തിയത്, സെപ്റ്റംബറില്‍ ഇത് 61,000 ടണ്ണായി കുറഞ്ഞെങ്കിലും റബര്‍ വില കൂടില്ല

Update:2024-10-16 16:45 IST
ആവശ്യത്തിലേറെ ചരക്ക് ശേഖരിച്ചതോടെ റബര്‍ വില ഇടിച്ച് ടയര്‍ കമ്പനികള്‍. ടയര്‍ വില്പനയിലെ മാന്ദ്യവും റബര്‍ ലഭ്യത ഉയര്‍ന്നതിനുമൊപ്പം ഇറക്കുമതി നിര്‍ബാധം തുടരുന്നതും വില ഇടിയുന്നതിന് കാരണമായി. റബര്‍ ബോര്‍ഡ് വില 200 രൂപയാണെങ്കിലും മിക്കയിടത്തും കച്ചവടക്കാര്‍ 192-195 രൂപയ്ക്കാണ് ചരക്കു ശേഖരിക്കുന്നത്. വില കുറയുമെന്ന ഭയത്താല്‍ ചെറുകിട കര്‍ഷകര്‍ ചരക്ക് വേഗത്തില്‍ വിറ്റൊഴിവാക്കുകയാണ്.

സ്‌റ്റോക്ക് ആവശ്യത്തിനധികം

ഈ വര്‍ഷം പകുതിക്ക് സ്വഭാവിക റബറിന്റെ ലഭ്യത കുറഞ്ഞതോടെ ടയര്‍ കമ്പനികള്‍ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. ചില കമ്പനികള്‍ ഉത്പാദനം പാതിയാക്കിയിരുന്നു. കണ്ടെയ്‌നര്‍ ക്ഷാമം മൂലം റബര്‍ ഇറക്കുമതി തടസപ്പെട്ടതോടെയായിരുന്നു ഇത്. നിലവില്‍ ഇറക്കുമതിക്ക് യാതൊരുവിധ തടസവുമില്ലെന്ന് മാത്രമല്ല ആവശ്യാനുസരണം എത്തുന്നുണ്ട്. ഓഗസ്റ്റ് 75,000 ടണ്‍ റബറാണ് രാജ്യത്തെ തുറമുഖങ്ങളില്‍ എത്തിയത്.
സെപ്റ്റംബറില്‍ ഇത് 61,000 ടണ്ണായി കുറഞ്ഞു. രാജ്യാന്തര വില ആഭ്യന്തര വിലയേക്കാള്‍ കൂടി നില്‍ക്കുന്നതിനാല്‍ ടയര്‍ കമ്പനികള്‍ക്ക് ഇറക്കുമതി അത്ര ലാഭകരമല്ല. എന്നാല്‍ ആഭ്യന്തര വില ഇടിക്കാനും വില നിയന്ത്രണാവകാശം തങ്ങളിലേക്കെത്തിക്കാനും ഇതുവഴി ടയര്‍ കമ്പനികള്‍ക്ക് സാധിക്കുന്നു. നിലവില്‍ ആവശ്യത്തിന് സ്റ്റോക്കുള്ളതിനാല്‍ ഒക്ടോബറില്‍ ഇറക്കുമതി കുറയും.

തോട്ടങ്ങള്‍ സജീവം

മണ്‍സൂണ്‍ മഴ കുറഞ്ഞതോടെ തോട്ടങ്ങളെല്ലാം സജീവമാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വില കൂടി നില്‍ക്കുന്നതിനാല്‍ കര്‍ഷകരെല്ലാം തോട്ടങ്ങളിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. വില 250ലെത്തി വീണ്ടും താഴേക്ക് ഇറങ്ങിയതോടെ കര്‍ഷകരും ശങ്കയിലാണ്. അതേസമയം, ആവശ്യകത ഉയരാത്തതിനാല്‍ വില ഇനിയും താഴേക്ക് പോകാന്‍ സാധ്യതയുണ്ടെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.
ഭക്ഷ്യഎണ്ണയ്ക്ക് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതു പോലെ റബര്‍ കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്രം ഇടപെടണമെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. വില കുറഞ്ഞു നിന്നപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച വിലസ്ഥിരതാ ഫണ്ട് വീണ്ടും കൊണ്ടുവരണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. യു.ഡി.എഫ് സര്‍ക്കാരാണ് വിലസ്ഥിരതാ ഫണ്ട് കൊണ്ടുവരുന്നത്. കിലോയ്ക്ക് 150 രൂപയാണ് അന്ന് യു.ഡി.എഫ് സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ചത്.
റബറിന്റെ വിപണിവിലയും താങ്ങുവിലയും തമ്മിലെ അന്തരം കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കും. പിണറായി സര്‍ക്കാര്‍ ഇത് 180 രൂപയായി ഉയര്‍ത്തി. 250 രൂപയാക്കുമെന്നായിരുന്നു വാഗ്ദാനം. 230 രൂപയെങ്കിലും താങ്ങുവില നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Tags:    

Similar News