കൂപ്പുകുത്തി റബര്‍വില, പ്രതിസന്ധിയിലായി കര്‍ഷകര്‍; തോട്ടം എടുത്തവരും ആശങ്കയില്‍
ഭക്ഷ്യഎണ്ണകളുടെ ഇറക്കുമതി തീരുവ ഉയര്‍ത്തിയ പോലെ റബര്‍ ഇറക്കുമതിക്കും നിയന്ത്രണം കൊണ്ടുവരണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു
സംസ്ഥാനത്ത് റബര്‍വില കൂപ്പുകുത്തി. സെപ്റ്റംബര്‍ അവസാന വാരം വരെ 230 രൂപയ്ക്കടുത്ത് വിലയുണ്ടായിരുന്ന റബര്‍ 200ന് താഴെ പോകാനുള്ള സാധ്യത നിലനില്‍ക്കുകയാണ്. ഇറക്കുമതി പരിധിയില്ലാതെ നടക്കുന്നതാണ് റബര്‍ കര്‍ഷകര്‍ക്ക് പ്രഹരമായി മാറിയത്. വലിയ തുക മുടക്കി തോട്ടങ്ങള്‍ പാട്ടത്തിനെടുത്തവര്‍ക്ക് അടക്കം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ് വില ഇറക്കം. നിലവില്‍ 207-210 രൂപ നിരക്കിലാണ് വ്യാപാരികള്‍ ചരക്കെടുക്കുന്നത്.
ചൈനയില്‍ ഊര്‍ജം
സ്വഭാവിക റബറിന്റെ വലിയ ഉപയോക്താക്കളായ ചൈനയില്‍ കുറച്ചു മാസങ്ങളായി നിലനില്‍ക്കുന്ന മാന്ദ്യം മാറി വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ വാര്‍ത്ത റബര്‍ വിപണിക്ക് പ്രചോദനമാകേണ്ടതാണ്. എന്നാല്‍ നേരെ തിരിച്ചാണ് സംഭവിച്ചത്. വരും മാസങ്ങളില്‍ റബര്‍ ഉത്പാദനത്തില്‍ വലിയ കുറവു വരുമെന്നാണ് ഉത്പാദക രാജ്യങ്ങള്‍ വ്യക്തമാക്കുന്നത്. ഈ രണ്ട് കാരണങ്ങളും വിപണിയെ പോസിറ്റീവായി സ്വാധീനിക്കേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്ന് മാത്രമല്ല വലിയ തോതില്‍ വില ഇടിയുകയും ചെയ്തു.
കേരളത്തിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത് യാതൊരു നിയന്ത്രണവുമില്ലാത്ത ഇറക്കുമതിയാണ്. ഒരുഘട്ടത്തില്‍ അന്താരാഷ്ട്ര വിലയേക്കാള്‍ 40 രൂപ കൂടുതല്‍ നല്‍കിയായിരുന്നു വ്യാപാരികള്‍ ചരക്ക് ശേഖരിച്ചു കൊണ്ടിരുന്നത്. എന്നാലിപ്പോള്‍ നേരെ തിരിച്ചാണ്. അഭ്യാന്തര വിലയേക്കാള്‍ 40 രൂപ ഉയരത്തിലാണ് അന്താരാഷ്ട്ര വില.
റബര്‍വില 200ന് താഴെയെത്തിയാല്‍ അത് വലിയ തിരിച്ചടിയാകും. വര്‍ഷങ്ങളായി അടഞ്ഞു കിടന്നിരുന്ന തോട്ടങ്ങള്‍ പലതും സജീവമായത് അടുത്തിടെയാണ്. വില കുതിച്ചുയര്‍ന്നതായിരുന്നു കാരണം. തൊഴിലാളികളുടെ കൂലി അടക്കം വര്‍ധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വില കുറഞ്ഞതോടെ തോട്ടങ്ങള്‍ നിറംകെട്ട അവസ്ഥയിലാണ്.
ഇറക്കുമതി തീരുവ ഉയര്‍ത്തണം
ഭക്ഷ്യഎണ്ണകളുടെ ഇറക്കുമതി തീരുവ ഉയര്‍ത്തിയ പോലെ റബര്‍ ഇറക്കുമതിക്കും നിയന്ത്രണം കൊണ്ടുവരണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു. പാമോയില്‍ അടക്കമുള്ളവയുടെ തീരുവ കൂട്ടിയതോടെ തേങ്ങയുടെ വില കുതിച്ചുയര്‍ന്നിരുന്നു. കര്‍ഷകര്‍ക്ക് ഉയര്‍ന്ന വില കിട്ടാന്‍ എണ്ണയ്ക്ക് തീരുവ കൂട്ടിയ തീരുമാനം വഴിയൊരുക്കി. ഇതേ രീതിയില്‍ റബറിനും ഇറക്കുമതി തീരുവ കൂട്ടണമെന്നാണ് ആവശ്യം.