ഡിമാന്റ് ഉയര്‍ന്നിട്ടും കേരളത്തില്‍ കിതപ്പ്, രാജ്യാന്തര വില ഇടിച്ചു കയറുന്നു; ഇറക്കുമതി കുറയ്ക്കാതെ ടയര്‍ വ്യാപാരികള്‍

വില കുറഞ്ഞതോടെ കര്‍ഷകര്‍ റബര്‍ ഷീറ്റാക്കുന്ന രീതി കുറച്ചിട്ടുണ്ട്. റബര്‍ പാല്‍ ആയിട്ട് വില്‍ക്കുന്നതാണ് ഇപ്പോള്‍ പലയിടത്തും ട്രെന്റ്

Update:2024-09-17 16:44 IST
image: Canva
സംസ്ഥാനത്ത് റബര്‍വിലയില്‍ ഇടിവ് തുടരുന്നു. ഒരു മാസം മുമ്പ് 250 രൂപയ്ക്ക് മുകളില്‍ ചരക്ക് ശേഖരിച്ചിരുന്ന ചെറുകിട, ഇടത്തരം വ്യാപാരികള്‍ ഇപ്പോള്‍ ആശങ്കയോടെയാണ് കച്ചവടം നടത്തുന്നത്. രാജ്യാന്തര വില ഉയര്‍ന്നു നില്‍ക്കുമ്പോഴും ഇറക്കുമതി അനുസ്യൂതം തുടരുന്നതാണ് കച്ചവടക്കാരെയും കര്‍ഷകരെയും ഒരുപോലെ ദുരിതത്തിലാക്കുന്നത്.

നിയന്ത്രണമില്ലാതെ ഇറക്കുമതി

തായ്‌ലന്‍ഡില്‍ റബര്‍ വില നിലവില്‍ 240 രൂപയ്ക്ക് മുകളിലാണ്. ഒരുഘട്ടത്തില്‍ കേരളത്തിലെ വില തായ്‌ലന്‍ഡ് നിരക്കിനേക്കാള്‍ 40 രൂപയിലേറെ കൂടുതലായിരുന്നു. എന്നാല്‍ ഇവിടെ ടാപ്പിംഗ് സജീവമായതോടെ വില താഴേക്ക് പോയി. അല്പം കുറഞ്ഞ ശേഷം ബാങ്കോക്ക് വില കൂടുകയും ചെയ്തു. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ തായ്‌ലന്‍ഡില്‍ ഉത്പാദനം കുറഞ്ഞതാണ് അവിടെ വില കൂടാന്‍ കാരണമായത്. ഈ സീസണില്‍ ഉത്പാദനത്തില്‍ വലിയ കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
കേരളത്തില്‍ റബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന വില 229 രൂപയാണ്. എന്നാല്‍ പലയിടത്തും ഇതിലും താഴ്ന്ന നിരക്കിലാണ് വ്യാപാരികള്‍ ചരക്കെടുക്കുന്നത്. വില കുറയുന്ന പ്രവണത നിലനില്‍ക്കുന്നതാണ് കച്ചവടക്കാരെയും പിന്നോട്ടു വലിക്കുന്നത്.
വില കുറഞ്ഞതോടെ കര്‍ഷകര്‍ റബര്‍ ഷീറ്റാക്കുന്ന രീതി കുറച്ചിട്ടുണ്ട്. റബര്‍ പാല്‍ ആയിട്ട് വില്‍ക്കുന്നതാണ് ഇപ്പോള്‍ പലയിടത്തും ട്രെന്റ്. ജോലിക്ക് ആളെ കുറച്ചു മതിയെന്നതാണ് ഈ രീതിക്കു കാരണം. ഷീറ്റിന് ലഭിക്കുന്നതിനേക്കാള്‍ 30 രൂപയോളം കുറവാണെങ്കിലും വേറെ നിവൃത്തി ഇല്ലാത്തതിനാലാണ് കര്‍ഷകര്‍ എളുപ്പവഴി നോക്കുന്നത്.
ഇറക്കുമതിയുടെ ഫലമായി റബര്‍വില കുറഞ്ഞത് ടയര്‍ മേഖലയ്ക്ക് ആശ്വാസമായിട്ടുണ്ട്. റബര്‍വില 250 രൂപയിലെത്തുകയും കാര്യമായി ചരക്ക് ലഭിക്കാതെ വരികയും ചെയ്തതോടെ ടയര്‍ കമ്പനികള്‍ ഉത്പാദനം വെട്ടിക്കുറച്ചിരുന്നു.
Tags:    

Similar News