റബറില്‍ തിളക്കം കുറയുന്നു, വിദേശത്ത് കയറുമ്പോള്‍ കേരളത്തില്‍ പടിപടിയായി ഇറക്കം; കാരണമെന്ത്?
രാജ്യാന്തര വില ഉയര്‍ന്നു നില്‍ക്കുന്നത് ഇന്ത്യയിലെ ടയര്‍ കമ്പനികള്‍ക്കും തിരിച്ചടിയാണ്
സംസ്ഥാനത്ത് റബര്‍വിലയില്‍ ഇടിവ് തുടരുന്നു. ഒരുഘട്ടത്തില്‍ 250 രൂപ പിന്നിട്ട ശേഷമാണ് റബര്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയായി വിലയിലെ താഴ്ച്ച. ടയര്‍ കമ്പനികള്‍ ഇറക്കുമതി ശക്തിപ്പെടുത്തിയതിനൊപ്പം പ്രാദേശിക മാര്‍ക്കറ്റില്‍ വലിയ താല്പര്യം കാണിക്കാതിരിക്കുന്നതുമാണ് റബറിനെ പിന്നോട്ടടിക്കുന്നത്.
രാജ്യാന്തര വിപണിയില്‍ കയറ്റം
വിദേശ വിപണിയില്‍ റബറിന്റെ ആവശ്യകത ഉയര്‍ന്നു തന്നെയാണ്. ബാങ്കോക്ക് മാര്‍ക്കറ്റില്‍ ഒരു കിലോഗ്രാം ആര്‍.എസ്.എസ്1 ഗ്രേഡിന് 249 രൂപയാണ് വില. ഒരു മാസം മുമ്പുവരെ 200 രൂപയില്‍ താഴെയായിരുന്നു തായ്‌ലന്‍ഡിലെ നിരക്ക്. കനത്ത മഴമൂലം ഉത്പാദനം കുറഞ്ഞതും വിദേശരാജ്യങ്ങളില്‍ നിന്നുള്ള ആവശ്യകത വര്‍ധിച്ചതുമാണ് അവിടങ്ങളില്‍ വില കൂടുന്നതിലേക്ക് നയിച്ചത്.
ഇത്തവണ തായ്‌ലന്‍ഡ് അടക്കമുള്ള രാജ്യങ്ങളില്‍ ഉത്പാദനം നേര്‍പകുതിയാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. രാജ്യാന്തര വില വരും ദിവസങ്ങളിലും ഉയരുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയില്‍ നിന്നടക്കം ബാങ്കോക്കില്‍ നിന്ന് വലിയ ഇറക്കുമതി നടക്കുന്നുണ്ട്. നിലവില്‍ ആഭ്യന്തര വിലയുമായി തട്ടിച്ചുനോക്കുമ്പോള്‍ ബാങ്കോക്ക് വില 22 രൂപയോളം കൂടുതലാണ്.
ടയര്‍ കമ്പനികള്‍ക്കു തിരിച്ചടി
രാജ്യാന്തര വില ഉയര്‍ന്നു നില്‍ക്കുന്നത് ഇന്ത്യയിലെ ടയര്‍ കമ്പനികള്‍ക്കും തിരിച്ചടിയാണ്. 20-30 രൂപയില്‍ കൂടുതല്‍ രാജ്യാന്തര വില കൂടി നില്‍ക്കുമ്പോള്‍ ഇറക്കുമതിയെന്നത് ടയര്‍ കമ്പനികളെ സംബന്ധിച്ച് നഷ്ടക്കച്ചവടമാണ്. ആഭ്യന്തര വില കുറയ്ക്കാന്‍ മാത്രമേ ഇത്തരം ഇറക്കുമതിയിലൂടെ ടയര്‍ കമ്പനികളെ സഹായിക്കൂ. വരും ആഴ്ച്ചകളില്‍ എത്രത്തോളം ഇറക്കുമതി നടക്കുമെന്നത് ആഭ്യന്തര വിലയെ സ്വാധീനിക്കും. അതേസമയം, കേരളത്തിലെ റബര്‍തോട്ടങ്ങള്‍ സജീവമാണ്. മഴ മാറിയതോടെ ടാപ്പിംഗ് പൂര്‍ണതോതിലാണ്.