മുയിസുവും മോഡിയും കൈകൊടുത്തു; മാലിദ്വീപിലും ഇനി റുപേ പെയ്‌മെന്റ്
ടൂറിസം മേഖലക്ക് കരുത്താകും, ഭാവിയിലേക്കുള്ള പുതിയ പാതയെന്ന് മുഹമ്മദ് മുയിസു
രാഷ്ട്രീയ പിണക്കങ്ങള്‍ മാറി പരസ്പരം കൈകൊടുത്തപ്പോള്‍ ഇന്ത്യയും മാലിദ്വീപും തമ്മില്‍ ഒട്ടേറെ മേഖലകളില്‍ സഹകരണത്തിന് തുടക്കം. ഇന്ത്യ സന്ദര്‍ശിക്കുന്ന മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ചേര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തിക സഹകരണം ശക്തമാക്കുന്ന ഒട്ടേറെ തീരുമാനങ്ങളാണെടുത്തത്.. മാലിദ്വപില്‍ റുപേ ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനത്തിന് തുടക്കമിട്ടത് ചരിത്രമായി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കാന്‍ മാലിദ്വപില്‍ ഇന്ത്യയുടെ സഹായത്തോടെ നിര്‍മിച്ച പുതിയ റണ്‍വെയുടെ ഉദ്ഘാടനവും ഇരുനേതാക്കളും ചേര്‍ന്ന് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.
ഭാവിയിലേക്കുള്ള പുതിയ പാതയെന്ന് മുയിസു
ഇടക്കാലത്ത് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ രൂപപ്പെട്ട തര്‍ക്കങ്ങള്‍ക്ക് വിരാമമിട്ടാണ് മുഹമ്മദ് മുയിസുവും പത്നി സാജിത മുഹമ്മദും മാലിദ്വീപ് പ്രതിനിധി സംഘത്തോടൊപ്പം ഞായറാഴ്ച ഡല്‍ഹിയില്‍ എത്തിയത്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഹമ്മദ് മുയിസു പങ്കെടുത്തിരുന്നു. എന്നാല്‍ ആദ്യമായാണ് അദ്ദേഹം പ്രതിനിധി സംഘത്തോടൊപ്പം ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തുന്നത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ടൂറിസം ശക്തിപ്പെടുത്തുന്നിനുള്ള ചര്‍ച്ചകളാണ് ഇരു നേതാക്കളും നടത്തിയത്. റുപേ പെയ്‌മെന്റ് സംവിധാനം മാലിദ്വീപിലും ആരംഭിക്കുന്നതിലൂടെ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുന്നത് ടൂറിസ്റ്റുകള്‍ക്ക് ആയിരിക്കുമെന്ന് മുഹമ്മദ് മുയിസു പറഞ്ഞു. മാലിദ്വീപിലെ ഹാനിമാധൂ വിമാനത്താവളത്തിലെ പുതിയ റണ്‍വെയുടെ ഉദ്ഘാടനമാണ് നരേന്ദ്രമോഡിയും മുയിസുവും ചേര്‍ന്ന് ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ മറ്റൊരു അധ്യായമാണ് മുഹമ്മദ് മുയിസുവിന്റെ സന്ദര്‍ശനമെന്ന് നരേന്ദ്രമോഡി പറഞ്ഞു.