നമ്മള്‍ ജീവിച്ചിരിക്കുന്നത് തന്നെ ഏറ്റവും വലിയ വിജയം, സാധ്യതകളെ കണ്‍തുറന്നു നോക്കൂ; സദ്ഗുരു
നഷ്ടങ്ങളുടെ കണക്കുകള്‍ കേള്‍ക്കുമ്പോള്‍ തന്നെയല്ലേ 200 ശതമാനം അധികം ബിസിനസ് ലാഭം നേടിയ വ്യക്തികളും നമുക്കിടയിലുള്ളത്. പുതിയ കാലത്തെ സാധ്യതകള്‍ കണ്ടെത്തുകയാണ് പ്രധാനം.
കോവിഡ് ഒരു സോഫ്റ്റ്‌ബോള്‍, നിങ്ങളതിനെ സ്‌കിസറടിച്ച് ഗ്രൗണ്ടിന് പുറത്തേക്ക് പായിക്കാന്‍ ഒരുങ്ങണമെന്നു പറയുകയാണ് ആധ്യാത്മിക ആചാര്യനും എഴുത്തുകാരനുമായ സദ്ഗുരു. അദ്ദേഹം പങ്കുവയ്ക്കുന്ന സന്ദേശമിതാണ്, 'എല്ലാ ജനങ്ങളും പ്രത്യേകിച്ച് ബിസിനസുകാര്‍ അവര്‍ക്കു ചുറ്റും കോവിഡ് തീര്‍ത്ത അവസരങ്ങളിലേക്കക്കാണ് കണ്ണോടിക്കേണ്ടത്. മാറിയ കാലത്ത് വിവധ മേഖലകളില്‍ ഉടലെടുത്തിരിക്കുന്ന അനവധിയായ അവസരങ്ങളെ കണ്ടെത്താനാകും.' സംരംഭകര്‍ക്ക് വേണ്ടിയുള്ള ഇഷ ലീഡര്‍ഷിപ്പ് അക്കാദമി അടുത്തിടെ സംഘടിപ്പിച്ച ഇഷ ഇന്‍സൈറ്റ് വിര്‍ച്വല്‍ പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു സദ്ഗുരു.
സദ്ഗുരു പറയുന്നത് ഇങ്ങനെയാണ്. 'ലോകമഹായുദ്ധങ്ങള്‍ക്ക് ശേഷം വെറും റൂബിളായി ചുരുങ്ങി പോയ ടോക്കിയോ, ബെര്‍ലിന്‍, ലണ്ടന്‍ എന്നിവിടങ്ങളിലെ ഇന്നത്തെ വളര്‍ച്ചയും സാധ്യതകളും നോക്കൂ. ഏതാനും വര്‍ഷങ്ങള്‍ കൊണ്ടാണ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച നഗരങ്ങളായി അവര്‍ വളര്‍ന്നു വന്നത്. അത്തരമൊരു മഹാമാരിയാണ് ഇത്. എന്നാലിത് ആശങ്കകളും ദുരിതങ്ങളുമല്ല നമുക്ക് നല്‍കേണ്ടത് പ്രത്യാശയും അവസരങ്ങളുമാണ്. ഉണര്‍ന്നെഴുന്നേല്‍ക്കാനും അവസരങ്ങള്‍ കണ്ടെത്താനും നമുക്ക് കഴിയണം.
നമുക്ക് കഴിവുണ്ടായിട്ടും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല എന്നതാണ് ഏറ്റവും വലിയ ദുരന്തം. നമ്മള്‍ മനസ്സിലാക്കേണ്ടത് ചില വിപ്ലവങ്ങളില്‍ ചില തലകള്‍ വീണു പോയേക്കാം. എന്നാല്‍ ഭൂരിഭാഗം പേരും തലയുയര്‍ത്തി പൊരുതി മുന്നേറും. ഒരു ചക്രം ഉരുണ്ട് മുന്നോട്ട് പോകുമ്പോള്‍ അതിനു മുന്നില്‍ നിന്ന് ചതഞ്ഞരഞ്ഞുപോകാതെ അതിനൊപ്പം അതിനു വലതുഭാഗം ചേര്‍ന്ന് മുന്നോട്ട് പോയി നോക്കൂ, വിജയിക്കുക തന്നെ ചെയ്യും'' അദ്ദേഹം പറഞ്ഞു.
ഈ മഹാമാരി ശക്തരായവരെ പിന്തുണയ്ക്കുകയും അല്ലാത്തവരെ ചെറുകിടക്കാരായി കുറയ്ക്കുകയുമാണ് ഏറെയും ചെയ്തതെന്നാണ് പലരും പറയുന്നത്. എന്നാല്‍ ഇതിനെ അവസരമായി കണ്ട് വളരാന്‍ ശ്രമിക്കുകയാണ് വേണ്ടത്. നിങ്ങള്‍ ആകാനാഗ്രഹിക്കുന്നതെന്താണ് അത് പൂര്‍ണതയോടെ ചെയ്യുക. മൂല്യങ്ങളുടെ ഒരു കൂട്ടമല്ല ഈ പൂര്‍ണതകൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങളാരായിരിക്കുന്നു, നിങ്ങള്‍ എന്ത് ചെയ്യുന്നു എന്നത് രണ്ടും ചേര്‍ന്നതിലാണ് അതുള്ളത്.
ഈ മഹാമാരി ഒരു സോഫ്റ്റ് ബോള്‍ അഥവാ നിങ്ങളുടെ മുന്നിലേക്ക് വന്ന ഒരു പന്ത് ആണെന്നു കരുതുക. അതിനെ സിക്‌സ് അടിച്ച് ഗ്രൗണ്ടിന് പുറത്തേക്ക് പായിച്ച് മുന്നേറുകയാണ് വേണ്ടത്. ജീവിതത്തെ പല ഘടകങ്ങളായല്ല കാണേണ്ടത്. ജീവിതമായി തന്നെയാണ്. നമുക്ക് ചുറ്റും നമ്മുടെ എന്ന് കരുതിയവയുടെ അളവ് കുറഞ്ഞിട്ടുണ്ടാകാം. എന്നാല്‍ എന്താണ് നമുക്കുള്ളത് എന്നോര്‍ത്ത് നന്ദിയുള്ളവരാകുക, ഈ ജീവിതം നമ്മള്‍ ജീവിച്ചിരിക്കുന്നു എന്നുള്ളത് തന്നെയല്ലേ ഏറ്റവും വലിയ വിജയം.' സദ്ഗുരു പറയുന്നു.