ഫാക്ടറി ജീവനക്കാർക്ക് കാൻസർ: സാംസംഗ് മാപ്പ് പറഞ്ഞു 

Update: 2018-11-24 08:27 GMT

വർഷങ്ങൾ നീണ്ട് നിന്ന പ്രതിഷേധ കാംപെയ്നിൻ ഒടുവിൽ ഫലം കണ്ടു. സാംസംഗിന്റെ സെമികണ്ടക്ടർ ഫാക്ടറികളിൽ ജോലിക്ക് ചേർന്നതിന് ശേഷം കാൻസർ രോഗബാധിതരായവരോടും അവരുടെ കുടുംബങ്ങളോടും കമ്പനി മാപ്പ് പറഞ്ഞു.

കമ്പനി പ്രസിഡന്റ് കിം കിനാം ആണ് കമ്പനിയുടെ ഭാഗത്തുനിന്നും തൊഴിലാളികളോട് മാപ്പ് പറഞ്ഞത്. "സാംസംഗിന്റെ സെമികണ്ടക്ടർ, എൽസിഡി ഫാക്ടറികളിലെ ആരോഗ്യ പ്രശ്നങ്ങൾ വേണ്ട വിധത്തിൽ കൈകാര്യം ചെയ്യുന്നതിൽ കമ്പനി പരാജയപ്പെട്ടു. ജീവനക്കാരോടും അവരുടെ കുടുംബങ്ങളോടും ഞങ്ങൾ മാപ്പു പറയുന്നു," അദ്ദേഹം പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ മൊബീൽ ഫോൺ, ചിപ്പ് നിർമ്മാണ കമ്പനിയാണ് സാംസംഗ്‌. ദക്ഷിണ കൊറിയയുടെ സാമ്പത്തിക വളർച്ചയിൽ ഏറ്റവും വലിയ പങ്ക് വഹിച്ചത് ഈ കമ്പനിയാണ്.

സാംസംഗ്‌ ഫാക്ടറിയിൽ ജോലി ചെയ്തു തുടങ്ങിയ ശേഷം കുറഞ്ഞത് 240 പേർക്കെങ്കിലും മാരകമായ അസുഖങ്ങൾ പിടിപെട്ടിട്ടുണ്ടെന്നാണ് കാംപെയ്നിന് നേതൃത്വം വഹിക്കുന്നവർ പറയുന്നത്. ഇതിൽ 80 പേർ മരണപ്പെട്ടിട്ടുണ്ട്.

ഈ മാസം ആദ്യം പ്രഖ്യാപിച്ച ഡീൽ പ്രകാരം, കമ്പനി ഓരോരുത്തർക്കും 1,33,000 ഡോളർ വീതം നഷ്ടപരിഹാരം നൽകും.

Similar News