'ഒരു രാജ്യത്തിന് മാത്രമായി ക്രിപ്റ്റോയെ നിയന്ത്രിക്കാനാവില്ലെന്ന് വ്യക്തം'; സഞ്ജീവ് സന്യാല്‍

ജി20 രാജ്യങ്ങളുമായി ഉള്‍പ്പടെ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

Update: 2022-02-05 05:03 GMT

ഒരു രാജ്യത്തിന് മാത്രമായി ക്രിപ്‌റ്റോ കറന്‍സികളെ നിയന്ത്രിക്കാനാവില്ലെന്ന് വ്യക്തമാണെന്ന് ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാല്‍. ക്രിപ്‌റ്റോ മേഖലയിലെ വിവരങ്ങള്‍ സര്‍ക്കാരിന് ലഭിക്കാന്‍ കൂടിയാണ് കൈമാറ്റത്തിന് ഉള്‍പ്പടെ നികുതി ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. മറ്റേതൊരു മേഖലയെയും പോലെയാണ് ക്രിപ്‌റ്റോ. നിങ്ങള്‍ അതില്‍ നിന്ന് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കില്‍ നികുതി അടയ്ക്കണം.

ക്രിപ്‌റ്റോ മേഖലയുടെ പ്രാധാന്യത്തെക്കുറിച്ച് എല്ലാവരും പറയുന്നുണ്ട്. എന്നാല്‍ അതിനെക്കുറിച്ച് ആര്‍ക്കും വലിയ ധാരണയില്ല. നികുതി ഏര്‍പ്പെടുത്തുന്നതോടെ ക്രിപ്‌റ്റോ വിപണിയുടെ വലുപ്പം മനസിലാക്കാനാവുമെന്നും സഞ്ജീവ് സന്യാല്‍ വ്യക്തമാക്കി. ക്രിപ്‌റ്റോ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവരും. ഇപ്പോള്‍ തുടരുന്ന ലെയ്‌സസ് ഫെയര്‍ സമീപനം( സര്‍ക്കാര്‍ ഇടപെടാത്ത രീതി) ന്യായമല്ല. പക്ഷെ അത് എങ്ങനെ ആയിരിക്കണമെന്ന കാര്യത്തില്‍ തനിക്ക് വ്യക്തതയില്ലെന്നും അദ്ദേഹം അറിയിച്ചു.
ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ക്ക് ഒരു വിശാലമായ അടിത്തറ ആവശ്യമാണ്. അത് എതെങ്കിലും ഒരു രാജ്യത്തിന് സാധ്യമല്ല. ജി20 രാജ്യങ്ങളുമായി ഉള്‍പ്പടെ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. ഒട്ടുമിക്ക രാജ്യങ്ങളും അംഗീകരിക്കുന്ന ഒരു നിയന്ത്രണ വ്യവസ്ഥ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും സഞ്ജീവ് സന്യാല്‍ പറഞ്ഞു. കഴിഞ്ഞ ബഡ്ജറ്റില്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമനാണ് ക്രിപ്‌റ്റോ അടക്കമുള്ള ഡിജിറ്റല്‍ ആസ്ഥികള്‍ക്ക് 30 ശതമാനം നികുതി ഏര്‍പ്പെടുത്തിയത്.കൂടാതെ ഒരു ശതമാനം ടിഡിഎസും നല്‍കണം. അടുത്ത വര്‍ഷം മുതല്‍ ആദായ നികുതി റിട്ടേണ്‍ ഫോമില്‍ ക്രിപ്‌റ്റോയില്‍ നിന്നുള്ള വരുമാനം രേഖപ്പെടുത്താന്‍ പ്രത്യേക കോളം ഉണ്ടാകുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.


Tags:    

Similar News