ബുര്‍ജ് ഖലീഫ പഴങ്കഥയാകുമോ? വരുന്നൂ സൗദിയുടെ അംബരചുംബി
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2023ലാണ് നിര്‍മാണം പുനരാരംഭിച്ചത്
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന നേട്ടം ദുബൈയിലെ ബുര്‍ജ് ഖലീഫ സ്വന്തമാക്കിയിട്ട് 14 വര്‍ഷങ്ങള്‍ കഴിഞ്ഞു. ഈ നൂറ്റാണ്ടിലെ ഏറ്റവും അതിശയകരമായ കാലാസൃഷ്ടിയെന്ന് വിശേഷിപ്പിക്കാവുന്ന ബുര്‍ജ് ഖലീഫ ഇതിനോടകം പല റെക്കോഡുകളും സ്വന്തമാക്കിയിട്ടുമുണ്ട്. ഇപ്പോള്‍ ഇതാ ഏറ്റവും വലിയകെട്ടിടമെന്ന വിശേഷണം ബുര്‍ജ് ഖലീഫയ്ക്ക് നഷ്ടമാകാന്‍ പോകുന്നു.
സൗദിയുടെ സ്വന്തം
സൗദി അറേബ്യയില്‍ നിര്‍മാണം നടന്നുവരുന്ന ജിദ്ദ ടവര്‍ അഥവാ കിംഗ്ഡം ടവറായിരിക്കും ഇനി ഈ സ്ഥാനം നേടുകയെന്നാണ് ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് പറയുന്നത്. 1000 മീറ്റര്‍ ഉയരത്തില്‍, അതായത് ഒരു കിലോമീറ്ററും 2,281 അടി നീളത്തിലുമാണ് ജിദ്ദ ടവര്‍ നിര്‍മിക്കുന്നത്. 828 മീറ്റര്‍ ഉയരമുള്ള ബുര്‍ജ് ഖലീഫ ഇതോടെ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടും.
ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന സ്ഥാനം മാത്രമല്ല മറ്റു പലതും ബുര്‍ജ് ഖലീഫയില്‍ നിന്ന് തട്ടിയെടുത്തേക്കും ജിദ്ദ ടവര്‍. നിലകളുടെ എണ്ണം, ഏറ്റവും ഉയരത്തിലുള്ള ഔട്ട്‌ഡോര്‍ ഒബ്‌സര്‍വേഷന്‍ ഡെക്ക്, ഏറ്റവും ഉയര്‍ന്ന ഫ്രീസ്റ്റാന്‍ഡിംഗ് സ്ട്രക്ചര്‍, ഏറ്റവും വലിയ എല്‍.ഇ.ഡി ഇല്യൂമിനേഷന്‍, റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ എണ്ണം എന്നിങ്ങനെ നിരവധി റെക്കോഡുകള്‍ നിലവില്‍ ബുര്‍ജ് ഖലീഫയ്ക്കുണ്ട്.