'മെയ് പകുതിയോടെ ഇന്ത്യയില്‍ 13 ലക്ഷം പേര്‍ക്ക് രോഗം വരാന്‍ സാധ്യത '; പുതിയ റിപ്പോര്‍ട്ടുമായി ശാസ്ത്രജ്ഞര്‍

Update: 2020-03-26 08:04 GMT

നിയന്ത്രിച്ചില്ലെങ്കില്‍ രാജ്യത്ത് കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം മെയ് മാസം പകുതിയോടെ പതിമൂന്ന് ലക്ഷം വരെയായേക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്. രോഗം പകരുന്നകിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ യുഎസും ഇറ്റലിയും പോലുള്ള മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്ഥിരികരിച്ച കേസുകളുടെ എണ്ണം നിയന്ത്രിക്കുവാന്‍ ഇന്ത്യക്ക് കഴിഞ്ഞുവെന്നത് ആശ്വാസകരമാണെന്നും ഈ ശാസ്ത്രജ്ഞ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ രാജ്യത്താകമാനമുള്ള കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് വലിയ പരിമിതിയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു.

രോഗ നിര്‍ണയത്തിനായി നടത്തുന്ന ടെസ്റ്റുകള്‍, പരിശോധന ഫലങ്ങളുടെ കൃത്യത, രോഗ ലക്ഷണങ്ങള്‍ കാണിക്കാത്ത ആളുകളില്‍ നടത്തിയ പരിശോധന തുടങ്ങിയ ഘടകങ്ങളാണ് രോഗബാധിതരുടെ കൃത്യമായ എണ്ണം കണക്കാക്കുന്നതെന്നും യുഎസിലെ ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാലയിലെ ദേബശ്രി റേ ഉള്‍പ്പെടെയുള്ളവരടങ്ങിയ കോവിഡ് പഠന സംഘം പറയുന്നു.

സമൂഹ വ്യാപനം

ഇതുവരെ ഇന്ത്യയില്‍ കൊറോണ വൈറസ് രോഗത്തിനായുള്ള പരിശോധന നടത്തിയവരുടെ എണ്ണം താരതമ്യേന കുറവാണ്. വ്യാപകമായി പരിശോധന നടത്താതെ സമൂഹ വ്യാപനത്തിന്റെ തോത് കണക്കാക്കുന്നത് അസാധ്യമാണ്. മറ്റൊരു തരത്തില്‍ പറയുകയാണെങ്കില്‍ ആശുപത്രികള്‍ക്കും മറ്റ് ആരോഗ്യ പരിരക്ഷകള്‍ക്കും പുറത്ത് എത്ര പേര്‍ക്ക് രോഗം വന്നുവെന്ന് കണക്കാക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ കൊറോണ രോഗം പടര്‍ന്നു പിടിക്കാതിരിക്കാന്‍ ചില നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

എന്ത് കൊണ്ട് കൂടും?

മാര്‍ച്ച് 16 വരെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കേസുകളുടെ എണ്ണം, രോഗം പകരുന്ന രീതി എന്നിവയുടെ അടിസ്ഥാനത്തിലാണ് ശാസ്ത്രസംഘം ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ കൊറൊണക്കെതിരെ കടുത്ത നിയന്ത്രണങ്ങള്‍ സ്വീകരിക്കുന്നതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണത്തില്‍ മാറ്റം വരാമെന്നും ദില്ലി സ്‌ക്കൂള്‍ ഓഫ് ഇക്കണോമിക്സ്, മിച്ചിഗണ്‍ സര്‍വ്വകലാശാല തുടങ്ങിയ സര്‍വ്വകലാശാലകളിലെ വിദഗ്ധര്‍ പറയുന്നു.

മാത്രമല്ല, 2014 ലെ കണക്കനുസരിച്ച് രാജ്യത്തെ ഇന്‍ഷൂറന്‍സ് പോളിസി ഇല്ലാത്ത ആളുകളുടെ എണ്ണം 1,100 ദശലക്ഷമാണെന്നും ഒപ്പം രക്ത സമ്മര്‍ദമുള്ള പുരുഷന്മാരുടേയും സ്ത്രീകളുടേയും എണ്ണം 300 ദശലക്ഷമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു, രക്തസര്‍ദം കൊറോണ രോഗികളുടെ മരണസാധ്യത കൂട്ടുന്നതിനുള്ള പ്രധാന ഘടകമാണ്.

ആശുപത്രി സൗകര്യം

ലോക ബാങ്കിന്റെ കണക്ക് പ്രകാരം ഇന്ത്യയിലെ ആശുപത്രികളില്‍ 1000 പേര്‍ക്ക് 0.7 കിടക്കകള്‍ മാത്രമാണുള്ളത്. അതേസമയം ഫ്രാന്‍സില്‍ ഇത് 6.5 ഉം, സൗത്ത് കൊറിയയില്‍ 11.5 ഉം ചൈനയില്‍ 4.2, ഇറ്റലിയില്‍ 3.4, അമേരിക്കയില്‍ 2.8 എന്നിങ്ങനെയാണ് കണക്ക്. ഈ കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ ഇന്ത്യയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ ഇഴര്‍ ആവശ്യമായ ആരോഗ്യ പരിരക്ഷ നല്‍കുന്നത് അസാധ്യമായിരിക്കുമെന്നും ശാസ്ത്ര സംഘം പറയുന്നു.ഇന്ത്യയിലെ വര്‍ധിച്ച ജനസംഖ്യാ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്താണ് ശാസ്ത്ര സംഘത്തിന്റെ വിലയിരുത്തല്‍.

ഇതുവരെ രാജ്യത്ത് 649 പേര്‍ക്കാണ് രോഗം ബാധിച്ചത്. 15 പേര്‍ മരിച്ചു. ജമ്മുകശ്മീരിലും മഹാരാഷ്ട്രയിലുമാണ് പുതുതായി മരണം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ലോക്ഡൗണ്‍ തുടരുകയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ കടുത്ത മുന്‍ കരുതല്‍ നടപടികളാണ് സ്വീകരിച്ചു വരുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News