സെബിയുടെ തലപ്പത്തെത്തിയിട്ടും മാധബിയ്ക്ക് കോടികള്‍ കിട്ടി! ദുരൂഹമായി അഗോറ അഡ്വൈസറി ഇടപാടുകള്‍
2008ലെ സെബി ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ആരോപണം
ഓഹരി വിപണി നിയന്ത്രകരായ സെബിയുടെ തലപ്പത്തിരിക്കെ മാധബി പുരി ബുച്ച് ചട്ടവിരുദ്ധമായി കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തി വരുമാനം നേടിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. സ്വതന്ത്ര പ്രവര്‍ത്തനാധികാരമുളള സ്ഥാപനത്തിന്റെ ഉന്നത സ്ഥാനത്ത് എത്തിയതിന് ശേഷവും സ്വന്തം കമ്പനിയിലെ ഓഹരി നിക്ഷേപം തുടര്‍ന്നത് ഗുരുതര ചട്ടലംഘനമാണെന്നാണ് വിലയിരുത്തല്‍.
അദാനി ഗ്രൂപ്പിനെതിരെ സെബിയുടെ അന്വേഷണം കാര്യമായി മുന്നോട്ടുപോകാത്തത് മാധബിയുടെ സ്വാധീനം കൊണ്ടാണെന്നും വിവിധ ഷെല്‍ കമ്പനികളില്‍ മാധവി ബുച്ചിനും ഭര്‍ത്താവിനും നിക്ഷേപമുണ്ടെന്നും കഴിഞ്ഞ ആഴ്ച ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നു. മാധബിക്ക് അഗോറ എന്ന പേരില്‍ ഇന്ത്യയില്‍ കണ്‍സണ്‍ട്ടന്‍സി സ്ഥാപനമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരുന്നു. അഡ്വൈസറി
7 വര്‍ഷം 3.1 കോടി വരുമാനം
2017ല്‍ സെബിയിലെത്തിയ മാധവി 2022ല്‍ ഉന്നത പദവിയിലുമെത്തി. ഈ സമയത്ത് അഗോറ അഡ്വൈസറി നേടിയത് 3.1 കോടി രൂപയുടെ വരുമാനമാണെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ രേഖകളില്‍ വ്യക്തം. മാധവി ബുച്ചിന് 99 ശതമാനം ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണിത്. 2008ലെ സെബി ചട്ട പ്രകാരം സ്ഥാപനത്തിലെ അംഗങ്ങള്‍ പ്രതിഫലം പറ്റുന്ന ജോലികള്‍ ചെയ്യരുതെന്ന് കൃത്യമായി പറയുന്നുണ്ട്. ഇതിന്റെ ലംഘനമാണ് മാധബിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് വിമര്‍ശനം.
കഴിഞ്ഞ ആഴ്ചത്തെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അഗോറ പാര്‍ട്‌ണേഴ്‌സ് എന്ന പേരില്‍ സിംഗപ്പൂര്‍ ആസ്ഥാനമായ മറ്റൊരു കമ്പനിയെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. രണ്ട് കമ്പനികളും സ്ഥാപിച്ചിരിക്കുന്നത് 2013ലാണ്.
സിംഗപ്പൂര്‍ കമ്പനിയിലെ ഭൂരിഭാഗം ഓഹരികളും മാര്‍ച്ച് 2022ന് മുമ്പ് ഭര്‍ത്താവ് ധാവല്‍ ബുച്ചിന്റെ പേരിലേക്ക് മാറ്റി. സെബി മേധാവിയായി ചുമതലയേറ്റ് രണ്ടാഴ്ച്ചക്കുള്ളിലായിരുന്നു ഈ മാറ്റം. ഇന്ത്യന്‍ കമ്പനിയിലെ നിക്ഷേപം മാധബി തുടര്‍ന്നു. 2019ല്‍ യൂണിലിവറില്‍ നിന്നും വിരമിച്ച ശേഷം ഭര്‍ത്താവ് ധാവല്‍ ബുച്ചാണ് കണ്‍സള്‍ട്ടന്‍സി സ്ഥാപനം നോക്കിനടത്തുന്നതെന്നാണ് മാധബിയുടെ വാദം.