സെൻസെക്സ് ‘ലക്ഷാധിപതി’യാകാൻ ഇനി എത്ര സമയം?
കാളക്കൂറ്റന്മാർ കുതിക്കുമ്പോൾ വിദഗ്ധരുടെ അഭിപ്രായം പല വഴിക്ക്
ഓഹരി വിപണിയിലെ മുന്നേറ്റം ഈ പോക്കു പോയാൽ സെൻസെക്സ് ഒരു ലക്ഷം തൊടുമോ? കുതിച്ചു കയറ്റത്തിന്റെ പ്രവണത തുടരുകയാണെങ്കിലും സെൻസെക്സ് ലക്ഷാധിപതിയാകാൻ ഇനിയും കാത്തിരിക്കണമെന്നാണ് ഓഹരി വിപണിയിലെ വിദഗ്ധർ പറയുന്നത്. 2025 ആദ്യം അതു സംഭവിക്കുമെന്നും, ഇല്ല, ഒരു വർഷത്തിൽ കുറയാത്ത കാത്തിരിപ്പു വേണമെന്നും, മൂന്നു വർഷം വരെ എടുത്തേക്കാമെന്നുമൊക്കെ കാണുന്നവരുണ്ട്. ഏതായാലും ഉടനടി അതു നടപ്പുള്ള കാര്യമല്ലെന്നാണ് പൊതുവെ വിലയിരുത്തൽ.
തുടർച്ചയായ ഏഴാം ദിവസത്തെ കയറ്റത്തിനിടയിലാണ് വെള്ളിയാഴ്ച വിപണി പുതിയ റെക്കോർഡ് കുറിച്ചത്. സർവകാല റെക്കോർഡിലെത്തിയ ശേഷം വിൽപന സമ്മർദം മൂലം ചെറുതായൊരു ചുവട് പുറകോട്ടു വെച്ചുവെന്നു മാത്രം. 85,000 എന്ന നിർണായക മൈൽക്കുറ്റിയും താണ്ടി നിൽക്കുകയാണ് സെൻസെക്സ്. നിക്ഷേപകർക്കും നിരീക്ഷകർക്കും ഒരുപോലെ, അതു നൽകിയിരിക്കുന്ന ആവേശം ചെറുതല്ല. ശക്തമായ വിൽപന സമ്മർദ്ദത്തോടു പൊരുതി മുന്നേറ്റ പ്രവണത നിലനിർത്തുകയാണ് ഓഹരി വിപണി സൂചികകൾ.
സാഹചര്യങ്ങൾ പുതിയ മുന്നേറ്റത്തിന് അനുകൂലം
വിൽപന സമ്മർദമല്ലാതെ, വിപരീത ദിശയിലേക്ക് സൂചിക നീങ്ങുന്നതിന് പ്രേരകമായ സംഭവ ഗതികളൊന്നും ദൃശ്യമല്ല. ശക്തമായ സാമ്പത്തിക സൂചകങ്ങൾ, ധനപരമായ നയങ്ങൾ, വളരുന്ന ആഭ്യന്തര നിക്ഷേപം, ഉണർവുള്ള ആഗോള വിപണി വികാരം എന്നിവയെല്ലാം ചേർന്ന് കാളക്കൂറ്റന്മാരെ ചാടിക്കുന്നു. ചില്ലറ നിക്ഷേപകരുടെ പ്രതീക്ഷാ നിർഭരമായ ഇടപെടൽ ശക്തം. ഈ പശ്ചാത്തലത്തിലാണ് സെൻസെക്സ് ലക്ഷം തൊടുമോ എന്ന ചർച്ച സജീവമായത്. അതേസമയം, ‘വാങ്ങുക’ എന്ന ബ്രോക്കർമാർ നിർദേശിക്കുന്ന ഓഹരികളുടെ എണ്ണം കുറഞ്ഞു വരുകയാണ്. മികച്ച ഓഹരികൾ പലതും വിലക്കയറ്റത്തിന്റെ പുതിയ പർവത ശിഖരങ്ങളിൽ.