സെന്‍സെക്‌സ്, നിഫ്റ്റി 2 ശതമാനം താഴ്ന്നു

Update: 2020-02-24 11:53 GMT

കൊറോണ വൈറസ് പല രാജ്യങ്ങളിലേക്കും പടരുന്നതായുള്ള വാര്‍ത്ത ഓഹരി

വിപണിയെ പിടിച്ചുലച്ചു. സെന്‍സെക്‌സും നിഫ്റ്റിയും 2 ശതമാനം ഇടിഞ്ഞു.

സെന്‍സെക്സ്

806.89 പോയന്റ് നഷ്ടത്തില്‍ 40363.23ലും നിഫ്റ്റി 251.50 പോയന്റ് താഴ്ന്ന്

11,829.40ലുമാണ് ക്ലോസ് ചെയ്തത്. ചൈനയ്ക്ക് പുറത്ത് റിപ്പോര്‍ട്ട്

ചെയ്യപ്പെട്ട പുതിയ കൊറോണ വൈറസ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതോടെ

ആഗോള സമ്പദ്വ്യവസ്ഥയെ ഇതു ബാധിക്കുമോ എന്ന ആശങ്ക തീവ്രമായിട്ടുണ്ട്.

ഇതുമൂലം വാള്‍സ്ട്രീറ്റില്‍ വില്‍പ്പനാ താല്‍പ്പര്യം അധികരിച്ചത് ഏഷ്യന്‍

ഓഹരികളില്‍ പ്രതികൂല പ്രവണതയ്ക്കിടയാക്കി. ഇതിനകം ദുര്‍ബലമായ ആഗോള

സമ്പദ്വ്യവസ്ഥയുടെ വീണ്ടെടുക്കലിനെ പകര്‍ച്ചവ്യാധി  അപകടത്തിലാക്കുമെന്ന

ഐഎംഎഫ് മുന്നറിയിപ്പും വിപണിയെ ബാധിച്ചു.

ഹിന്‍ഡാല്‍കോ,

ജിന്‍ഡാല്‍ സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, വേദാന്ത,

സെയില്‍, നാല്‍കോ, കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ സിങ്ക്, എന്‍എംഡിസി

തുടങ്ങിയ ഓഹരികള്‍ക്കു വലിയ നഷ്ടമുണ്ടായി. സെന്‍സെക്സിലെ 30 ഓഹരികളില്‍ 25

എണ്ണവും നഷ്ടത്തിലാണ്.  പ്രമുഖ ഐടി കമ്പനികളായ ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര,

ടിസിഎസ്  എന്നിവ  നേട്ടത്തിലായതിനു കാരണം രൂപയുടെ മൂല്യമിടിഞ്ഞതാണ്.

ലോഹ

സൂചിക അഞ്ചു ശതമാനവും വാഹന സൂചിക മൂന്നുശതമാനവും താഴ്ന്നു. ടാറ്റ

സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, വേദാന്ത, ഹിന്‍ഡാല്‍കോ

തുടങ്ങിയ ഓഹരികള്‍ 4-6 ശതമാനം വരെ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.ആഗോള

തലത്തിലുണ്ടായ മാന്ദ്യ ഭീതി മൂലം ഓഹരിയില്‍നിന്ന് താരതമ്യേന സുരക്ഷിത

നിക്ഷേപങ്ങളായ സ്വര്‍ണം, ഡോളര്‍ എന്നിവയിലേയ്ക്ക് പണമൊഴുകുന്നുണ്ട്.

അന്തര്‍ദേശീയ വിപണിയില്‍ ഫെബ്രുവരിയില്‍ തന്നെ സ്വര്‍ണത്തിന് രണ്ടു

ശതമാനത്തിലേറെ വില കൂടി.

ദക്ഷിണ കൊറിയയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 700 കവിഞ്ഞതും ഏഴു പേര്‍ മരിച്ചതുമാണ് വിപണിയെ തളര്‍ത്തിയത്. മൂന്നുദിവസത്തിനുള്ളില്‍ 150 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൈനയ്ക്കു പുറത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധയുണ്ടാകുന്നത് ദക്ഷിണ കൊറിയയിലാണ്. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ചൈനയിലാണെങ്കില്‍ ഇതുവരെ 2,400ലേറെപ്പേര്‍ മരണത്തിന് കീഴടങ്ങി. വൈറസ് ബാധിച്ചവരുടെ എണ്ണം 76,936 ആയി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News