കോവിഡ് വാക്‌സിന്‍ എല്ലാവരിലേക്കും എത്താന്‍ അഞ്ചുവര്‍ഷം എങ്കിലും എടുക്കും;

Update: 2020-09-15 11:01 GMT

ലോകം അവസാനപ്രതീക്ഷയെന്ന നിലയില്‍ ഉറ്റുനോക്കുന്നത് കോവിഡ് വാക്‌സിനിലേക്കാണ്. എന്നാല്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയുടെ വാക്കുകള്‍ ആശങ്കയുളവാക്കുന്നതാണ്. 2024 അവസാനമായാലും വാക്‌സിന്‍ ലോകത്ത് എല്ലാവരിലേക്കും എത്തിക്കാന്‍ സാധിക്കില്ലെന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ മേധാവിയായ അദാര്‍ പൂനവാല പറയുന്നത്.

''ഭൂമിയിലെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കാന്‍ നാല് മുതല്‍ അഞ്ച് വര്‍ഷം വരെയെടുക്കും.'' പൂനവാല പറഞ്ഞു. ഫിനാന്‍ഷ്യല്‍ ടൈംസ് നടത്തിയ ഇന്റര്‍വ്യൂവിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയുടെ വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ കരാര്‍ നേടിയിരിക്കുന്നത് സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. വാക്‌സിന്‍ നിര്‍മാണരംഗത്തെ ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനിയാണ് പൂനെയില്‍ പ്രവര്‍ത്തിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ട്.

മീസല്‍സും റോട്ടാവൈറസും പോലെ രണ്ട് ഡോസായി എടുക്കുന്ന വാക്‌സിനായിരിക്കും കൊറോണ വൈറസ് വാക്‌സിനെന്നും ലോകത്ത് എല്ലാവര്‍ക്കും നല്‍കാനായി 15 ബില്യണ്‍ ഡോസ് വേണ്ടിവരുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊറോണ വൈറസ് വാക്‌സിന്‍ വികസിപ്പിക്കാന്‍ അഞ്ച് ഇന്റര്‍നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി കരാറിലേര്‍പ്പെട്ടിരിക്കുകയാണ്. ഒരു ബില്യണ്‍ ഡോസ് വാക്‌സിനാണ് കമ്പനി ഉല്‍പ്പാദിപ്പിക്കുന്നത്. ഇതില്‍ 50 ശതമാനം ഇന്ത്യയിലേക്കായിരിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News