ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബുകള്‍ക്ക് ബെറ്റിംഗ് കമ്പനികളുടെ കൈത്താങ്ങ്; പ്രച്ഛന്ന പരസ്യത്തിന് പിന്നിലെന്ത്?

ഏഷ്യയിലെ തന്നെ ഏറ്റവുമധികം ഫാന്‍സുള്ള കേരള ബ്ലാസ്റ്റേഴ്‌സിന് അടക്കം ഒട്ടുമിക്ക ഐ.എസ്.എല്‍ ടീമുകളിലും ബെറ്റിംഗ് കമ്പനികള്‍ ഇടംപിടിച്ചിട്ടുണ്ട്;

Update:2024-10-04 12:46 IST
ക്രിക്കറ്റിന് പിന്നാലെയാണ് ഇന്ത്യന്‍ കായികലോകം. ഫുട്‌ബോളിനും മറ്റ് കായിക ഇനങ്ങള്‍ക്കും കാര്യമായ കോര്‍പറേറ്റ് പിന്തുണ ലഭിക്കുന്നില്ലെന്ന പരാതികള്‍ക്കു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ബാഡ്മിന്റണില്‍ സൈന നെഹ്‌വാളും പി.വി സിന്ധുവും ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയുമെല്ലാം ഉദിച്ചുയര്‍ന്നപ്പോള്‍ ചെറിയ മാറ്റം ഉണ്ടായെങ്കിലും ഇപ്പോഴും വലിയ മാറ്റം സംഭവിച്ചിട്ടില്ല.
ഇന്ത്യയിലെ ഫുട്‌ബോള്‍ ക്ലബുകള്‍ പലതും കാര്യമായ സാമ്പത്തിക പിന്തുണയില്ലാതെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. റിലയന്‍സിന്റെ പങ്കാളിത്തം ഉണ്ടായിട്ടു പോലും ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് കാര്യമായ സ്‌പോണ്‍സര്‍ഷിപ്പ് ലഭിക്കുന്നില്ല. പല ഐഎസ്എല്‍, ഐലീഗ് ക്ലബുകളും വലിയ നഷ്ടം സഹിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബെറ്റിംഗ് ആപ്പുകളാണ് ഒട്ടുമിക്ക ഫുട്‌ബോള്‍ ക്ലബുകളെയും നിലനിര്‍ത്തുന്നത്.

രക്ഷകരായി ബെറ്റിംഗ് ആപ്പുകള്‍

ഏഷ്യയിലെ തന്നെ ഏറ്റവുമധികം ഫാന്‍സുള്ള കേരള ബ്ലാസ്റ്റേഴ്‌സിന് അടക്കം ഒട്ടുമിക്ക ഐ.എസ്.എല്‍ ടീമുകളിലും ബെറ്റിംഗ് കമ്പനികള്‍ ഇടംപിടിച്ചിട്ടുണ്ട്. സൈപ്രസ് ആസ്ഥാനമായ വണ്‍എക്‌സ് ബെറ്റ് എന്ന കമ്പനിയായിരുന്നു കഴിഞ്ഞ വര്‍ഷം വരെ മഞ്ഞപ്പടയുടെ പ്രധാന സ്‌പോണ്‍സര്‍മാരില്‍ ഒരാള്‍. ഇത്തവണ ഈ കമ്പനിക്ക് പകരമെത്തിയത് മറ്റൊരു ബെറ്റിംഗ് ആപ്പായ ബാറ്ററി എ.ഐ ആണ്.
ഇന്ത്യയില്‍ ബെറ്റിംഗ് നിയമവിരുദ്ധമായതിനാല്‍ പ്രച്ഛന്ന പരസ്യ രീതിയാണ് ഈ കമ്പനികള്‍ അനുവര്‍ത്തിക്കുന്നത്. ഉദാഹരണത്തിന് ഡാഫാബെറ്റ് എന്ന ഫിലിപ്പൈന്‍സ് ബെറ്റിംഗ് കമ്പനി ഇന്ത്യയില്‍ പരസ്യം ചെയ്യുന്നത് ഡാഫാന്യൂസ് എന്ന പേരിലാണ്. ഐ.എസ്.എല്‍ ക്ലബായ പഞ്ചാബ് എഫ്.സിയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍ ഡാഫാന്യൂസ് ആണ്. നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ചാണ് ഈ കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതും കോടിക്കണക്കിന് രൂപ ബെറ്റിംഗിലൂടെ സ്വന്തമാക്കുന്നതും.
ചെന്നൈയ്ന്‍ എഫ്‌സി, മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ്, നോര്‍ത്തീസ്റ്റ് യുണൈറ്റഡ്, ഈസ്റ്റ് ബംഗാള്‍ തുടങ്ങി ഒട്ടുമിക്ക ക്ലബുകളെയും സമീപകാലത്ത് പിടിച്ചുനിര്‍ത്തിയത് ഇത്തരം ബെറ്റിംഗ് കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പാണ്. സാധാരണ കോര്‍പറേറ്റ് കമ്പനികള്‍ നല്‍കുന്നതിലും കൂടുതല്‍ തുകയാണ് ഇത്തരം ബെറ്റിംഗ് കമ്പനികള്‍ സ്‌പോണ്‍സര്‍ഷിപ്പിനായി നല്‍കുന്നത്.

എന്താണ് നേട്ടം?

ഇത്തരം കമ്പനികളെല്ലാം തന്നെ സ്‌പോര്‍ട്‌സ് അടിസ്ഥാനമാക്കിയ ബെറ്റിംഗിലാണ്. പുതിയ ഉപയോക്താക്കളെ സ്വന്തമാക്കാന്‍ ഫുട്‌ബോള്‍ ക്ലബുകളുടെ സ്‌പോണ്‍സര്‍ഷിപ്പിലൂടെ സാധിക്കും. ഇതു തന്നെയാണ് വലിയ തുക മുടക്കാന്‍ ഇത്തരം കമ്പനികളെ പ്രേരിപ്പിക്കുന്നതും. 2023 നവംബര്‍ മുതല്‍ ഈ വര്‍ഷം ഏപ്രില്‍ വരെയുള്ള ആറുമാസത്തിനിടെ ബെറ്റിംഗ് കമ്പനികളുടെ വരുമാനം 6,909 കോടി രൂപയായിരുന്നുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. വരുമാനത്തില്‍ 412 ശതമാനം വര്‍ധന.
Tags:    

Similar News