ഷഫീന യൂസഫലി ഫോബ്‌സ് പട്ടികയില്‍

Update: 2019-08-21 05:51 GMT

മധ്യപൂര്‍വദേശത്തെ മികച്ച വനിതാ വ്യവസായികളുടെ ഫോബ്‌സ് പട്ടികയില്‍ ഷഫീന യൂസഫലിയും. പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരിയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ മകളായ ഷഫീന.

മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വനിതകളുടെ പട്ടികയിലാണ് 'ടേബിള്‍സ്' ചെയര്‍പേഴ്‌സണ്‍ ഷഫീന യൂസഫലി ഉള്‍പ്പെട്ടത്. ആഡംബര ഫാഷനായ ആദ്യത്തെ ആഗോള ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെ ഉടമ ഗിസ്ലാന്‍ ഗ്വെനസ്, ഹാലി ബെറി, ബിയോണ്‍സ് തുടങ്ങിയ സെലിബ്രിറ്റികള്‍ക്ക് കോസ്റ്റ്യും ഡിസൈനര്‍ ആയി പേരെടുത്ത ഡിസൈനര്‍ റീം അക്ര തുടങ്ങിയവരാണ് പട്ടികയിലെ മറ്റു പ്രമുഖര്‍.ശക്തമായ മത്സരമുള്ള വിപണിയില്‍ വിജയകരമായും ലാഭകരമായും സംരംഭങ്ങള്‍ പടുത്തുയര്‍ത്തിയതിനാണ് അംഗീകാരമെന്ന് ഫോബ്‌സ് മാസിക അറിയിച്ചു.

കമ്പനികള്‍ വിജയകരമായി സ്ഥാപിക്കുകയും പ്രാദേശികമായും ആഗോളതലത്തിലും മികച്ച ബ്രാന്‍ഡുകളായി വളര്‍ത്തുകയും ചെയ്ത 60 മികച്ച വനിതകളാണ് പട്ടികയിലുള്ളത്. 2010 ല്‍ 'ടേബിള്‍സ്' സ്ഥാപിച്ച  ഷഫീന പിന്നീട് ഏഴുവര്‍ഷത്തിനിടെ ഷുഗര്‍ ഫാക്ടറി, പാന്‍കേക്ക് ഹൗസ്, കോള്‍ഡ് സ്റ്റോണ്‍ ക്രീമറി തുടങ്ങിയ രാജ്യാന്തര ബ്രാന്‍ഡുകള്‍ ഇന്ത്യയിലും യു.എ.ഇയിലും അവതരിപ്പിച്ചു.മുപ്പതോളം ഫുഡ് ആന്‍ഡ് ബിവറേജ് സ്റ്റോറുകള്‍ ആരംഭിച്ചു .ഹോസ്പിറ്റാലിറ്റി മേഖലയില്‍ പെപ്പര്‍ മില്‍, ബ്ലൂംസ്ബറി, മിങ്‌സ് ചേംബര്‍ എന്നീ ബ്രാന്‍ഡുകളിലായി ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി.

Similar News