മോദിസര്‍ക്കാറിന്റെ പുതിയ ബജറ്റില്‍ പ്രതിപക്ഷ സംസ്ഥാനങ്ങളോട് കാണിച്ച വിവേചനത്തിനെതിരായ പ്രതിഷേധം പാര്‍ലമെന്റിലും പുറത്തും കത്തിക്കയറുന്നതിനിടയില്‍ 'കോപ്പിയടി'യും കൈയോടെ പിടികൂടി. ലോക്‌സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പ്രകടന പത്രിക ധനമന്ത്രി നിര്‍മല സീതാരാമന്‍ കോപ്പിയടിച്ച് ബജറ്റില്‍ പ്രഖ്യാപിച്ചതായി ചൂണ്ടിക്കാട്ടുകയാണ് മുന്‍ധനമന്ത്രി പി. ചിദംബരം, തിരുവനന്തപുരം എം.പി ശശി തരൂര്‍ എന്നിവര്‍.
'കോണ്‍ഗ്രസിന്റെ പ്രകടനപത്രിക തെരഞ്ഞെടുപ്പിനു ശേഷം ധനമന്ത്രി വായിച്ചതായി കാണുന്നതില്‍ സന്തോഷം. കോണ്‍ഗ്രസ് പ്രകടന പത്രികയുടെ 30-ാം പേജില്‍ പറയുന്ന തൊഴിലാളിബന്ധ ആനുകൂല്യങ്ങള്‍ സംബന്ധിച്ച വാഗ്ദാനം അതേപടി കേന്ദ്രബജറ്റിലേക്ക് എടുത്തിട്ടുണ്ട്. പേജ് 11ല്‍ അപ്രന്റിസ് അലവന്‍സ് അടക്കം അപ്രന്റിസ്ഷിപ് പദ്ധതിയെക്കുറിച്ച് പറഞ്ഞത് ധനമന്ത്രി ബജറ്റില്‍ കൊണ്ടുവന്നിട്ടുണ്ട്. ഏഞ്ചല്‍ ടാക്‌സ് എടുത്തുകളയുമെന്ന കോണ്‍ഗ്രസ്
വാഗ്ദാനവും നിര്‍മല സീതാരാമന്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി' -ചിദംബരം പറഞ്ഞു.
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാത്ത കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവക്ക് ശരിയായ വിപണി വിലയേക്കാള്‍ മൂല്യം അധികരിച്ചാല്‍ സമാഹരിക്കുന്ന തുകക്ക് ചുമത്തുന്ന നികുതിയാണ് ഏഞ്ചല്‍ ടാക്‌സ്. അത് നിര്‍ത്തലാക്കിയതില്‍ ശശി തരൂര്‍ സന്തോഷം പ്രകടിപ്പിച്ചു. എന്നാല്‍ സാധാരണക്കാര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെ ബജറ്റ് അവഗണിച്ചിരിക്കുകയാണെന്ന് ശശി തരൂര്‍ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് ഒന്നും പറയുന്നില്ല. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നാമമാത്രമാണ്.
ആദായ നികുതിക്ക് രണ്ടു സമ്പ്രദായം തെറ്റ്
ആദായ നികുതി കണക്കാക്കുന്നതിന് രണ്ട് രീതിയിലുള്ള സമ്പ്രദായം കൊണ്ടുവന്നത് തെറ്റാണെന്ന് ചിദംബരം പറഞ്ഞു. ഏതു തെരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പം ജനങ്ങളില്‍ ഉണ്ടാക്കും. നികുതി സംബന്ധമായ തര്‍ക്കങ്ങള്‍ക്ക് വഴിവെക്കും. നികുതി ഘടന പരിഷ്‌കരിക്കണമെങ്കില്‍ അക്കാര്യം മുന്‍കൂട്ടി പ്രഖ്യാപിക്കണം. നിശ്ചിത തീയതി മുതല്‍ എല്ലാവരും പുതിയ സമ്പ്രദായത്തിലേക്ക് മാറണമെന്ന് നിര്‍ദേശിക്കണം. പഴയതും പുതിയതും നിലനിര്‍ത്തുന്നത് അംഗീകരിക്കാനാവില്ല. പഴയതില്‍ നിന്ന് പുതിയതിലേക്ക് മാറാം, വീണ്ടും പഴയതിലേക്ക് മടങ്ങാം എന്ന രീതിയിലാകരുത് പരിഷ്‌കരണം. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ പുതിയ സമ്പ്രദായത്തില്‍ 75,000 രൂപയാക്കി വര്‍ധിപ്പിച്ചതിന്റെ പ്രയോജനം വളരെ കുറച്ചു പേര്‍ക്ക് മാത്രമാണ് കിട്ടുകയെന്നും മുന്‍ധനമന്ത്രി കൂടിയായ ചിദംബരം പറഞ്ഞു.