അറിഞ്ഞോ, ജുലൈ ഒന്നുമുതല്‍ ഒറ്റത്തവണ പ്ലാസ്റ്റിക്കുകള്‍ക്ക് സമ്പൂര്‍ണ നിരോധനം

പരിസ്ഥിതിയുടെ ദോഷകരമായ പ്രത്യാഘാതങ്ങള്‍ തടയുന്നതിനാണ് നിരോധനം

Update: 2022-06-28 10:30 GMT

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് രാജ്യത്ത് സമ്പൂര്‍ണ നിരോധനം വരുന്നു. പരിസ്ഥിതിയുടെ ദോഷകരമായ പ്രത്യാഘാതങ്ങള്‍ തടയുന്നതിനും ആഗോള കാലാവസ്ഥാ ലക്ഷ്യങ്ങള്‍ പിന്തുടരുന്നതിനുമായി ജുലൈ ഒന്നുമുതല്‍ ഒറ്റത്തവണ പ്ലാസ്റ്റിക്കുകള്‍ രാജ്യത്ത് നിരോധിക്കും. കുറഞ്ഞ ഉപയോഗക്ഷമതയുള്ളതും വലിച്ചെറിയാന്‍ സാധ്യതയുള്ളതുമായ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉല്‍പ്പാദനം, ഇറക്കുമതി, സംഭരണം, വിതരണം, വില്‍പ്പന, ഉപയോഗം എന്നിവയ്ക്കാണ് നിരോധനം.

പ്ലാസ്റ്റിക് സ്റ്റിററുകള്‍, പ്ലാസ്റ്റിക് പ്ലേറ്റുകള്‍, പ്ലാസ്റ്റിക് കപ്പുകള്‍, പ്ലാസ്റ്റിക് ഗ്ലാസുകള്‍, ഫോര്‍ക്കുകള്‍, സ്പൂണുകള്‍, കത്തികള്‍ തുടങ്ങിയ പ്ലാസ്റ്റിക് കട്ട്‌ലറികള്‍, പ്ലാസ്റ്റിക് ട്രേകള്‍, പാക്ക് ചെയ്യുന്ന ഫിലിമുകള്‍, പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ച ബലൂണ്‍ സ്റ്റിക്കുകള്‍, പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ച പതാകകള്‍ എന്നിവയാണ് നിരോധനം നേരിടുന്ന ഇനങ്ങള്‍. കാന്‍ഡി സ്റ്റിക്കുകള്‍, ഐസ്‌ക്രീം സ്റ്റിക്കുകള്‍, അലങ്കാരങ്ങള്‍ക്കുള്ള പോളിസ്‌റ്റൈറൈന്‍ (തെര്‍മോകോള്‍) എന്നിവയും ഉള്‍പ്പെടും.

2021ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ഭേദഗതി ചട്ടങ്ങള്‍ അനുസരിച്ച് 75 മൈക്രോണില്‍ താഴെ കനമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിര്‍മിക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതും സ്റ്റോക്ക് ചെയ്യുന്നതിനും വിതരണം ചെയ്യുന്നതും വില്‍ക്കുന്നതും ഉപയോഗിക്കുന്നതും നിലവില്‍ നിയമവിരുദ്ധമാണ്. 120 മൈക്രോണില്‍ താഴെ കനമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ 2022 ഡിസംബര്‍ 31 മുതലും നിരോധിക്കും.

Tags:    

Similar News