പുതിയ ഹൈവേ പദ്ധതികള്‍ തുടക്കം കുറിക്കാനാകാതെ പ്രതിസന്ധിയില്‍
നവംബര്‍ മുതല്‍ ഹൈവേ നിര്‍മാണത്തിന് കോണ്‍ട്രാക്ട് നല്‍കുന്ന നടപടികള്‍ ഇഴയുന്നു
ഹൈവേകളും എക്സ്പ്രസ് വേകളും നിര്‍മിക്കുന്ന പദ്ധതിയായ ഭാരത് മാല പരിയോജന ഫേസ് 1 ല്‍ പുതിയ ബാധ്യതകള്‍ ഒഴിവാക്കണമെന്ന കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ ഉത്തരവിനെ തുടര്‍ന്നാണ് പുതിയ ഹൈവേകള്‍ നിര്‍മിക്കുന്ന പ്രക്രിയകള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. കഴിഞ്ഞ കൊല്ലം നവംബര്‍ മുതല്‍ ഹൈവേ നിര്‍മാണത്തിന് കോണ്‍ട്രാക്ട് നല്‍കുന്ന നടപടികള്‍ ഇഴഞ്ഞാണ് നീങ്ങുന്നത്.
ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്നു മാസത്തില്‍ ഒരു പ്രധാന ഹൈവേ നിര്‍മാണ പദ്ധതിക്ക് പോലും ദേശീയ പാത അതോറിറ്റി അംഗീകാരം നല്‍കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മികച്ച റോഡുകള്‍ നിര്‍മിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിന് വിഘാതം സൃഷ്ടിക്കുന്നതാണ് ഈ നടപടി.
ഭാരത് മാല പദ്ധതി രണ്ടാം ഘട്ടം വേഗത്തിലാക്കണമെന്ന നിര്‍ദേശം
2023-24 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ഗതാഗത വകുപ്പ് 611 കി.മീ റോഡ് നിര്‍മാണത്തിന് അനുമതി നല്‍കിയിരുന്നു. 2022-23 ആദ്യ പാദത്തില്‍ 969 കി.മീ റോഡ് നിര്‍മാണത്തിനും അനുമതി നല്‍കി. ഭാരത് മാല പദ്ധതിയുടെ രണ്ടാം ഘട്ടം വേഗത്തിലാക്കുന്നത് നിലവിലുളള പ്രതിസന്ധിക്ക് പരിഹാരമാകുന്നാണ് വിദഗ്ധര്‍ കരുതുന്നത്.
2024-25 വര്‍ഷം ബി.ഒ.ടി അടിസ്ഥാനത്തില്‍ നിര്‍മിക്കാവുന്ന 44,000 കോടി രൂപയുടെ 937 കിലോമീറ്ററിന്റെ 15 റോഡുകള്‍ ദേശീയ പാത അതോറിറ്റി ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. 2023-24 ല്‍ 6,644 കിലോമീറ്ററിന്റെ റോഡ് നിര്‍മാണമാണ് നടന്നത്. 2017 ഒക്ടോബറില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ഭാരത് മാല പരിയോജന പദ്ധതിയില്‍ 74,942 കി.മീ ദേശീയ പാത നിര്‍മിക്കുന്നതിനാണ് വിഭാവനം ചെയ്തിരിക്കുന്നത്. 5.35 ലക്ഷം കോടിയുടെ 34,800 കി.മീ റോഡ് നിര്‍മാണത്തിനാണ് ഭാരത് മാലയുടെ ഒന്നാം ഘട്ടത്തില്‍ അനുമതി നല്‍കിയിട്ടുളളത്.