അമേരിക്കന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇടിച്ചു കയറി ഇന്ത്യ; ചൈനയും വിയറ്റ്‌നാമും മുഖ്യ എതിരാളികള്‍

പരമ്പരാഗത ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി കുറയുന്നു, സ്മാര്‍ട്ട് ഫോണുകള്‍ മുന്നില്‍

Update:2024-10-15 12:19 IST

Apple Event / Youtube

അമേരിക്കയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ചൈനയുമായും വിയറ്റ്‌നാമുമായും മല്‍സരിച്ച് ഇന്ത്യ മുന്നേറുന്നു. അമേരിക്കയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതിയില്‍ ഗണ്യമായ വര്‍ധനയാണുണ്ടാകുന്നത്. മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത് ആപ്പിള്‍ ഐ ഫോണുകളും. കഴിഞ്ഞ വര്‍ഷം വരെ അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയില്‍ മുന്നില്‍ നിന്നിരുന്നത് വ്യാവസായികേതര വജ്രമായിരുന്നു. എന്നാല്‍ ഇന്ന് ആ സ്ഥാനം സ്മാര്‍ട്ട്‌ഫോണുകള്‍ കയ്യടക്കിയിരിക്കുന്നു. ജൂണ്‍ പാദത്തിലെ കണക്കുകള്‍ പ്രകാരം 200 കോടി  ഡോളറിന്റെ സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതിയാണ് ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് നടന്നത്. അമേരിക്കന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ 10 ശതമാനം പങ്കാളിത്തമാണ് ഇന്ത്യക്കുള്ളത്.

വജ്രത്തെ മറികടന്ന് സ്മാര്‍ട്ട്‌ഫോണുകള്‍

ഇന്ത്യയില്‍ നിന്നുള്ള പരമ്പരാഗത കയറ്റുമതി ഉല്‍പ്പന്നമായ വജ്രങ്ങളെയും രത്നങ്ങളെയും സ്മാര്‍ട്ട്‌ഫോണുകള്‍ മറികടക്കുകയാണ്. കഴിഞ്ഞ ഡിസംബര്‍ പാദം വരെ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള പ്രധാന കയറ്റുമതി വജ്രമായിരുന്നു (130 കോടി ഡോളര്‍). എന്നാല്‍ ഡിസംബറില്‍ 142 കോടി ഡോളറിന്റെ കയറ്റുമതിയിലൂടെ സ്മാര്‍ട്ട്‌ഫോണുകള്‍ മുന്നിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഈ വിടവ് വര്‍ധിച്ചു. സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി 43 ശതമാനം ഉയര്‍ന്നപ്പോള്‍ വജ്രങ്ങള്‍ക്ക് 4.6 ശതമാനത്തിന്റെ ഇടിവ് പറ്റി. വജ്രങ്ങളും രത്‌നങ്ങളും, മെഡിക്കല്‍ ഉപകരണങ്ങള്‍, കാര്‍ഷികോല്‍പ്പങ്ങള്‍, സംസ്‌കരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, അരി, ടെക്‌സ്റ്റൈല്‍, ഓട്ടോമൊബൈല്‍ പാര്‍ട്‌സുകള്‍ തുടങ്ങിയവയാണ് ഇന്ത്യയില്‍ നിന്ന് യു.എസിലേക്ക് പരമ്പരാഗതമായി കയറ്റുമതി ചെയ്യുന്നത്. കഴിഞ്ഞ സെപ്തംബര്‍ വരെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ നാലാം സ്ഥാനത്തായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്നു.

നയിക്കുന്നത് ഐ ഫോണ്‍

അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണുകളുടെ സാന്നിധ്യം വര്‍ധിപ്പിച്ചത് ആപ്പിള്‍ ഐഫോണുകളാണ്. ഇന്ത്യയിലെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി ഉപയോഗപ്പെടുത്തി ആപ്പിള്‍ കമ്പനി ഐ ഫോണ്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചതോടെ കയറ്റുമതിയിലും മാറ്റം പ്രതിഫലിച്ചു. 2019 ല്‍ ഈ പദ്ധതി വരുന്നതിന് മുമ്പ് ഇന്ത്യയില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്കുള്ള സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി മൂല്യം 160 കോടി ഡോളറായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 1,100 കോടിയിലേറെയായി വര്‍ധിച്ചു. ആപ്പിള്‍ കമ്പനി മാത്രം കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് 500 കോടി ഡോളറിന്റെ സ്മാര്‍ട്ട്‌ഫോണുകള്‍ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു.

അമേരിക്കന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഇന്ത്യക്ക് 10 ശതമാനം  സാന്നിധ്യമാണുള്ളത്. പ്രധാന എതിരാളികളായ ചൈന, വിയറ്റ്‌നാം കമ്പനികളുമായാണ് മല്‍സരിക്കുന്നത്. പെര്‍ഫോമന്‍സ് ലിങ്ക്ഡ് ഇന്‍സെന്റീവ് ഉള്‍പ്പടെയുള്ള ഇന്ത്യയിലെ പുതിയ സാഹചര്യങ്ങളില്‍ ഉല്‍പ്പാദന ചിലവ് കുറക്കാനാകുന്നുവെന്നതാണ് ആപ്പിള്‍ അടക്കമുള്ള കമ്പനികള്‍ക്ക് ഗുണകരമാകുന്നത്. ചൈനയിലെ ആപ്പിളിന്റെ നിര്‍മാണ യൂണിറ്റുകളില്‍ 10 ശതമാനം ഇന്ത്യയിലേക്ക് മാറ്റിയിട്ടുണ്ട്. 2026 ആകുമ്പോഴേക്കും ഐ ഫോണ്‍ ഉല്‍പ്പാദനത്തിന്റെ 25 ശതമാനം ഇന്ത്യയില്‍ ആക്കാനാണ് ആപ്പിളിന്റ നീക്കം.

Tags:    

Similar News