ഉറക്കംകെടുത്തി കൊതുക്; ആളുകള്‍ക്ക് സമ്മര്‍ദ്ദം, ഉത്പാദനക്ഷമത ഇടിഞ്ഞ് കേരളം ഉള്‍പ്പെടെ ഈ സംസ്ഥാനങ്ങള്‍

മലേറിയ പോലെയുള്ള രോഗങ്ങള്‍ മൂലം ഇന്ത്യക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യത 16,000 കോടി

Update:2024-04-25 11:55 IST

Image : Canva

കൊതുക് കടികൊണ്ട് ആളുകളുടെ ഉറക്കം നഷ്ടപ്പെടുന്നു. പലര്‍ക്കും ക്ഷീണവും സമ്മര്‍ദ്ദവും. ഇത് ജോലിയെയും ഉത്പാദനക്ഷമതയെയും ഗുരുതരമായി ബാധിക്കുകയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു സര്‍വേ.
സര്‍വേയില്‍ പങ്കെടുത്ത പുരുഷന്മാരില്‍ 62 ശതമാനം പേരും സ്ത്രീകളില്‍ 53 ശതമാനം പേരും കൊതുക് ഉറക്കം കെടുത്തുന്നത് മൂലം ഉത്പാദനക്ഷമത മോശമാകുന്നുവെന്ന് വ്യക്തമാക്കി. ലോക മലേറിയ ദിനാചരണത്തിന്റെ (ഏപ്രില്‍ 25) ഭാഗമായി ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സിന്റെ കീഴിലെ ഗുഡ്‌നൈറ്റ് ബ്രാന്‍ഡ് സംഘടിപ്പിച്ച സര്‍വേയിലാണ് ഈ റിപ്പോര്‍ട്ടുകളുള്ളത്.
കേരളവും മുന്‍നിരയില്‍
കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളുള്‍പ്പെടുന്ന ദക്ഷിണേന്ത്യയില്‍ 57 ശതമാനം പേര്‍ക്കും കൊതുക് ശല്യം മൂലം ഉത്പാദനക്ഷമത കുറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.

ഏറ്റവും പുതിയ ധനംഓൺലൈൻ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സ്ആപ്പ്, ടെലഗ്രാം

67 ശതമാനം പേര്‍ ഉത്പാദനക്ഷമത കുറഞ്ഞെന്ന് വ്യക്തമാക്കിയ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളാണ് ഏറ്റവും മുന്നില്‍. ഉത്തരേന്ത്യയില്‍ നിരക്ക് 56 ശതമാനമാണ്; കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിരക്ക് 49 ശതമാനം.
സാമ്പത്തിക പ്രതിസന്ധിയും
കൊതുകുകള്‍ പരത്തുന്ന മലേറിയ പോലുള്ള രോഗങ്ങള്‍ മൂലം ഇന്ത്യ ഏകദേശം 16,000 കോടി രൂപയുടെ നഷ്ടം വ്യവസായരംഗത്ത് നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഓരോ വര്‍ഷവും രാജ്യത്ത് നാല് കോടിയോളം പേര്‍ക്ക് കൊതുകുകള്‍ പരത്തുന്ന മലേറിയ, ഡെങ്കി തുടങ്ങിയ രോഗങ്ങള്‍ ബാധിക്കുന്നുണ്ട്. 'ഒരു കൊതുക്, എണ്ണമറ്റ ഭീഷണികള്‍' എന്ന തലക്കെട്ടിലായിരുന്നു രാജ്യവ്യാപകമായ സര്‍വേ.
കൊതുക് ശല്യത്തെക്കുറിച്ച് ആളുകളുടെ മനോഭാവം അറിയുകയും ബോധവത്കരണം നടത്തുകയുമായിരുന്നു സര്‍വേയുടെ ലക്ഷ്യമെന്ന് കമ്പനി വ്യക്തമാക്കി.
Tags:    

Similar News