വിദ്യാര്‍ഥികള്‍ രാജ്യം വിടുന്നത് ഇന്ത്യയെ ബാധിച്ച രോഗമോ? നിയന്ത്രിച്ചാല്‍ കേരളം തായ്‌വാനേക്കാള്‍ റിച്ചാകുമോ? പൊരിഞ്ഞ ചര്‍ച്ച

വിദേശ വിദ്യാര്‍ത്ഥി കുടിയേറ്റം മൂലം 50,000 കോടി രൂപയുടെ നഷ്ടമെന്ന് ധന്‍കര്‍, വിദ്യാഭ്യാസ രീതിയുടെ കുഴപ്പമെന്ന് കോണ്‍ഗ്രസ്

Update:2024-10-21 13:34 IST

image credit : social media

വിദേശ രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥി കുടിയേറ്റം സംബന്ധിച്ച് വിവാദം കൊഴുക്കുന്നു. വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പോകുന്നത് ഇന്ത്യയെ ബാധിച്ച രോഗമാണെന്ന തരത്തില്‍ ഉപരാഷ്ട്രപതി ജഗധീപ് ധന്‍കര്‍ നടത്തിയ പ്രസ്താവനയും വിദേശ കുടിയേറ്റം നിയന്ത്രിച്ചാല്‍ കേരളം തായ്‌വാനേക്കാള്‍ സമ്പന്നമാകുമെന്ന സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെമ്പുവിന്റെ ട്വീറ്റുമാണ് ഇപ്പോഴത്തെ സംസാര വിഷയം. ഉപരാഷ്ട്രപതിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തു വന്നതോടെ ചര്‍ച്ച കൊഴുക്കുകയാണ്.

കേരളം തായ്‌വാനേക്കാള്‍ സമ്പന്നാകുമെന്ന് വെമ്പു

കേരളത്തിലെ കോളേജുകളില്‍ എസ്.എഫ്.ഐ നേടിയ വിജയത്തെക്കുറിച്ച് മുന്‍ ധനവകുപ്പ് മന്ത്രി ഡോ.തോമസ് ഐസക് എക്‌സിലിട്ട പോസ്റ്റാണ് സംഭവങ്ങളുടെ തുടക്കം. കേരത്തിന് തായ്‌വാനേക്കാള്‍ സമ്പന്നമാകാന്‍ അവസരമുണ്ടെന്ന് കാട്ടി ശ്രീധര്‍ വെമ്പു ഈ പോസ്റ്റ് ഷെയര്‍ ചെയ്തതോടെ ചര്‍ച്ചകള്‍ തുടങ്ങി. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം തൊഴിലവസരങ്ങള്‍ തേടി കേരളത്തിലെ യുവാക്കള്‍ വിദേശരാജ്യങ്ങളിലേക്കും അയല്‍സംസ്ഥാനങ്ങളിലേക്കും പോകുന്നത് തോമസ് ഐസക് പരിശോധിക്കണമെന്നും വെമ്പു ആവശ്യപ്പെട്ടു. കേരളത്തിലെ സംരംഭകര്‍ക്ക് സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാത്തത് എന്താണെന്നും നമ്മള്‍ പരിശോധിക്കണം. ചൈനയും സിംഗപ്പൂരും നേടിയ വ്യവസായ വളര്‍ച്ചയെക്കുറിച്ച് പഠിക്കണം. ചൈനയിലെ ഡെംഗ് ഷിയോപിംഗ്, സിംഗപ്പൂരിലെ ലീ കുവാന്‍ യീ തുടങ്ങിയ നേതാക്കളുടെ പ്രവര്‍ത്തന ശൈലി മാതൃകയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയെ ബാധിച്ച രോഗം

വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥി കുടിയേറ്റം രാജ്യത്തെ ബാധിച്ച പുതിയ രോഗമാണെന്ന ഉപരാഷ്ട്രപതി ജഗധീപ് ധന്‍കറിന്റെ പ്രസ്താവന മറ്റൊരു വിവാദത്തിന് തുടക്കമിട്ടു. 18-25 വയസ് വരെയുള്ള കുട്ടികള്‍ക്ക് എങ്ങനെയെങ്കിലും വിദേശത്തേക്ക് പോയാല്‍ മതിയെന്ന ചിന്താഗതിയാണെന്ന് അദ്ദേഹം പറഞ്ഞു. എവിടേക്കാണ് പോകുന്നതെന്നോ എന്താണ് ചെയ്യുന്നതെന്നോ മനസിലാക്കാനുള്ള അവസരം പോലും ഇവര്‍ക്കോ മാതാപിതാക്കള്‍ക്കോ ലഭിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം 13 ലക്ഷം പേര്‍ വിദേശത്തേക്ക് പോയി. ഇവരുടെ ഭാവി എന്താണെന്ന് മനസിലാക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശനാണ്യത്തില്‍ 6 ബില്യന്‍ ഡോളറിന്റെ (ഏകദേശം 50,000 കോടി രൂപ) വിടവാണ് ഈ കുട്ടികള്‍ സൃഷ്ടിച്ചത്. ഇതിനെ മറികടക്കാന്‍ രാജ്യത്ത് കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരണം. വിദ്യാഭ്യാസത്തെ വ്യവസായവത്കരിച്ചതോടെ അതിന്റെ ഗുണമേന്മ നഷ്ടപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ രീതിയുടെ കുഴപ്പമാണെന്ന് കോണ്‍ഗ്രസ്

അതേസമയം, ധന്‍കറിന്റെ പ്രസ്താവനക്കെതിരെ രംഗത്തുവന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. രാജ്യത്തെ രോഗബാധിതമായ വിദ്യാഭ്യാസ സമ്പ്രദായം കാരണമാണ് വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പോകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഉന്നത വിദ്യാഭ്യാസത്തിനുള്ള സി.യു.ഇ.റ്റി പരീക്ഷ, ഗുണമേന്മയില്ലാത്ത വിദ്യാഭ്യാസം, തൊഴില്‍ സാധ്യതയുടെ കുറവ് എന്നിവയും വിദേശ കുടിയേറ്റം വര്‍ധിക്കാന്‍ കാരണമാണെന്നും ജയറാം രമേശ് പറഞ്ഞു.
Tags:    

Similar News