യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഓണത്തിന് കേരളത്തിലേക്ക് പ്രത്യേക എ.സി ട്രെയിന്‍, സ്പെഷ്യല്‍ സര്‍വീസുമായി കെ.എസ്.ആര്‍.ടി.സിയും
ഓണക്കാലത്ത് നാട്ടിലെത്താന്‍ ബസ്, ട്രെയിന്‍, വിമാന ടിക്കറ്റ് കിട്ടാത്ത സ്ഥിതി
അന്യ സംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ കേരളത്തിലേക്ക് എത്തുന്ന സമയങ്ങളാണ് ഉത്സവാഘോഷങ്ങളും അവധിക്കാലങ്ങളും. ബംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് കൂടുതലായും മലയാളികള്‍ ഓണസമയത്ത് നാട്ടിലേക്ക് എത്താറുളളത്. ഈ സമയങ്ങളില്‍ നാട്ടിലെത്താന്‍ ബസ്, ട്രെയിന്‍, വിമാന മാര്‍ഗങ്ങളില്‍ ടിക്കറ്റുകള്‍ കിട്ടാത്ത അവസ്ഥയാണ് അനുഭവപ്പെടാറുളളത്.
ചെന്നൈ-തിരുവനന്തപുരം സ്പെഷ്യല്‍ എ.സി ട്രെയിന്‍
തിരക്ക് കണക്കിലെടുത്ത് ചെന്നൈ-തിരുവനന്തപുരം റൂട്ടില്‍ സ്പെഷ്യല്‍ എ.സി ട്രെയിന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ദക്ഷിണ റെയില്‍വേ. ചെന്നൈ സെന്‍ട്രലില്‍ നിന്ന് കൊച്ചുവേളിയിലേക്ക് (06043) ഓഗസ്റ്റ് 28, സെപ്റ്റംബര്‍ 4, 11, 18, 25 തീയതികളിലും കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേക്ക് (06044) ഓഗസ്റ്റ് 29, സെപ്റ്റംബര്‍ 5, 12, 19, 26 തീയതികളിലും പ്രത്യേക സര്‍വീസ് ഉണ്ടായിരിക്കും.
തിരുവളളൂര്‍, ആര്‍ക്കോണം, കാട്പ്പാടി, ജോലാര്‍പ്പേട്ട, സേലം, ഈറോഡ്, തിരൂപ്പൂര്‍, പോത്തന്നൂര്‍, പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം തുടങ്ങിയ സ്ഥലങ്ങളില്‍ ട്രെയിനിന് സ്‌റ്റോപ്പുകള്‍ ഉണ്ടാവും.
കോഴിക്കോട്-എറണാകുളം കെ.എസ്.ആര്‍.ടി.സി സ്‌പെഷ്യൽ
കോഴിക്കോട്-എറണാകുളം റൂട്ടിൽ ഓണം സ്‌പെഷ്യൽ സർവീസ് കെ.എസ്.ആര്‍.ടി.സി നടത്തുന്നുണ്ട്. ഉച്ചയ്ക്ക് 2, 4, 6 എന്നീ സമയങ്ങളിലാണ് സർവീസുകൾ ആരംഭിക്കുക. എറണാകുളത്ത് നിന്നുള്ള മടക്ക സർവീസുകൾ പുലർച്ചെ 3, 4, 5 എന്നീ സമയങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രത്യേക സര്‍വീസ് നടത്തുന്ന മൂന്ന് ലോ ഫ്ലോർ ബസുകളും കൊച്ചി വിമാനത്താവളം വഴിയാണ് സര്‍വീസ് നടത്തുന്നത്.
അതേസമയം, അങ്കമാലി യാർഡിൽ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ സെപ്റ്റംബർ 1 ന് പല ട്രെയിനുകളും സർവീസുകൾ റദ്ദാക്കുകയോ സമയത്തില്‍ മാറ്റം വരുത്തുകയോ ചെയ്‌തതായി ദക്ഷിണ റെയിൽവേ അറിയിച്ചു.
സെപ്റ്റംബർ 1 ന് റദ്ദാക്കിയ ട്രെയിനുകള്‍
പാലക്കാട്-എറണാകുളം ജെ.എൻ മെമു (ട്രെയിൻ നമ്പർ 06797) പൂർണമായും റദ്ദാക്കി. എറണാകുളം-പാലക്കാട് മെമുവും (ട്രെയിൻ നമ്പർ 06798) പൂർണമായും റദ്ദാക്കിയിട്ടുണ്ട്.
തിരുനെൽവേലിയിൽ നിന്ന് ആഗസ്റ്റ് 31 ന് രാത്രി 10:00 മണിക്ക് പുറപ്പെടുന്ന തൂത്തുക്കുടി-പാലക്കാട് പാലരുവി എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ 16791) ആലുവ വരെ മാത്രമായിരിക്കും സര്‍വീസ് നടത്തുക.
സെപ്‌റ്റംബർ ഒന്നിന് പുലർച്ചെ 5:55 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന 12076 തിരുവനന്തപുരം സെൻട്രൽ - കോഴിക്കോട് ജനശതാബ്ദി എക്‌സ്‌പ്രസ് (ട്രെയിന്‍ നമ്പര്‍ 12076) എറണാകുളം ജംഗ്ഷന്‍ വരെയായിരിക്കും സര്‍വീസ് നടത്തുക.