സാമൂഹിക സുരക്ഷയില്‍ പിന്നോക്കം; ചെലവഴിക്കാത്ത സി.എസ്.ആര്‍ ഫണ്ട് 1,475 കോടി

ചെലവിട്ടത് 15,602 കോടി രൂപ, അഞ്ചിലൊന്ന് കമ്പനികള്‍ പുറം തിരിയുന്നു

Update:2024-08-21 12:38 IST

കമ്പനികള്‍ നിര്‍ബന്ധമായും ചെലവാക്കേണ്ട സാമൂഹിക ഉത്തരവാദിത്ത ഫണ്ടില്‍ (സി.എസ്.ആര്‍) ചെലവാക്കാതെ പോയത് 1,475 കോടി രൂപ. ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ കഴിഞ്ഞ വര്‍ഷത്തെ കണക്കാണിത്. 2022-23 വര്‍ഷത്തില്‍ ഇന്ത്യയിലെ കമ്പനികള്‍ സാമൂഹിക സുരക്ഷക്കായി ചെലവിട്ടത് 15,602 കോടി രൂപയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചെലവാക്കേണ്ടിയിരുന്നത് 17,000 കോടിയിലേറെ രൂപയാണ്. 1.475 കോടി രൂപയാണ് വിനിയോഗിക്കാതെ പോയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയുള്ള കൂടിയ തുകയാണിത്. 

ചെലവിടേണ്ടത് രണ്ട് ശതമാനം

കമ്പനികളുടെ അറ്റ ലാഭം, അറ്റ ആസ്തി, വിറ്റുവരവ് എന്നിവയെ അടിസ്ഥാനമാക്കി ലാഭത്തിന്റെ രണ്ട് ശതമാനം വരെയാണ് സി.എസ്.ആര്‍ ഫണ്ട് വഴി ചെലവഴിക്കേണ്ടത്. പരിസ്ഥിതി, ആരോഗ്യം, നൈപുണ്യ വികസനം, ശുദ്ധജല വിതരണം, ശുചിത്വം തുടങ്ങിയ മേഖലകളിലാണ് ഈ തുക ഉപയോഗിക്കേണ്ടത്. കഴിഞ്ഞ വര്‍ഷം കമ്പനികളുടെ ശരാശരി ഫണ്ട് വിനിയോഗം 11.29 കോടി രൂപയാണ്. 2022 വര്‍ഷത്തില്‍ നിന്ന് ഇത് നാലു ശതമാനവും 2021 വര്‍ഷത്തില്‍ നിന്ന് ഒമ്പത് ശതമാനവും കുറവാണ്. കമ്പനികള്‍ അവരുടെ ലാഭത്തില്‍ ശരാശരി 1.91 ശതമാനം തുകയാണ് കഴിഞ്ഞ വര്‍ഷം ചെലവിട്ടത്. 4,855 കമ്പനികളാണ് ലാഭത്തിന് ആനുപാതികമായി സി.എസ്.ആര്‍ ഫണ്ട് വിനിയോഗിക്കാത്തത്. ഇത് മൊത്തം കമ്പനികളുടെ അഞ്ചിലൊന്ന് വരും.

Tags:    

Similar News