ഓഫീസിലേക്ക് ദിവസവും 1,600 കിലോമീറ്റര്‍ വിമാനയാത്ര, ശമ്പളം ₹250 കോടിയോളം; കാപ്പി കമ്പനിക്ക് പുതിയ സി.ഇ.ഒ

ഇന്ത്യന്‍ വംശജനായ ലക്ഷ്മണ്‍ നരസിംഹന് പകരമാണ് ബ്രയാന്‍ നിക്കോളിന്റെ വരവ്

Update:2024-08-22 11:41 IST

image credit : canva , starbucks

ദിവസവും 1,600 കിലോമീറ്റര്‍ ദൂരത്തുള്ള ഓഫീസിലേക്കും തിരിച്ചും വിമാനത്തില്‍ യാത്ര, ആനുകൂല്യങ്ങള്‍ അടക്കം വാര്‍ഷിക ശമ്പളം 250 കോടിയിലേറെ രൂപ... പറഞ്ഞു വരുന്നത് ആഗോള കോഫി ബ്രാന്‍ഡായ സ്റ്റാര്‍ബക്‌സിന്റെ പുതിയ സി.ഇ.ഒ ബ്രയാന്‍ നിക്കോളിനെക്കുറിച്ചാണ്. യു.എസിലെ കാലിഫോര്‍ണിയയില്‍ താമസിക്കുന്ന നിക്കോള്‍ കമ്പനി ആസ്ഥാനമായ സിയാറ്റിലിലെ ഓഫീസിലേക്കെത്തുന്നത് 1,600 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്താണ്. സിയാറ്റിലിലേക്ക് താമസം മാറില്ലെന്ന നിക്കോളിന്റെ നിബന്ധന അംഗീകരിച്ചാണ് അദ്ദേഹത്തെ സി.ഇ.ഒ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓഫീസ് യാത്രക്കായി സ്റ്റാര്‍ബക്‌സ് നിക്കോളിന് പുതിയ ജെറ്റ് വിമാനവും അനുവദിച്ചിട്ടുണ്ട്. സെപ്തംബര്‍ ഒമ്പതിനാണ് നിക്കോള്‍ സ്ഥാനമേറ്റെടുക്കുക.
വാര്‍ഷിക പ്രതിഫലം 266 കോടി
അമ്പതുകാരനായ നിക്കോളിന് 1.6 മില്യന്‍ ഡോളറാണ് (ഏകദേശം 13.4 കോടി രൂപ) അടിസ്ഥാന ശമ്പളമായി ലഭിക്കുന്നത്. ഇതിന് പുറമെ 3.6 മില്യന്‍ മുതല്‍ 7.2 മില്യന്‍ ഡോളര്‍ (ഏകദേശം 30 കോടി മുതല്‍ 60 കോടി വരെ രൂപ) വരെ ക്യാഷ് ബോണസായി ലഭിക്കും. ഓരോ വർഷവും 23 മില്യന്‍ ഡോളര്‍ (ഏകദേശം 193 കോടി രൂപ) ഓഹരി സ്വന്തമാക്കാനുള്ള അവസരവും കമ്പനി നിക്കോളിന് അനുവദിച്ചിട്ടുണ്ട്. അതായത് ഒരുവര്‍ഷം ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ 266 കോടി രൂപ വരെ നിക്കോളിന് പ്രതിഫലമായി ലഭിക്കാനുള്ള അവസരമുണ്ട്. സിയാറ്റിലിലാണ് നിക്കോളിന്റെ പ്രധാന ഓഫീസെന്നും ഇവിടെയില്ലാത്ത സമയങ്ങളില്‍ നിക്ഷേപകരെയും ഉപയോക്താക്കളെയും സന്ദര്‍ശിക്കാനുമാണ് അദ്ദേഹം സമയം ചെലവഴിക്കുകയെന്നും സ്റ്റാര്‍ബക്‌സ് വക്താവ് പ്രതികരിച്ചു.
അതേസമയം, കമ്പനികളിലെ ഉന്നത സ്ഥാനങ്ങളിലെത്തിയാല്‍ നിക്കോളിനെപ്പോലെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജോലി സമയവും രീതികളും തെരഞ്ഞെടുക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പോപ്പ് ഗായിക റിഹാനയുടെ ഫാഷന്‍ ബ്രാന്‍ഡായ ഫെന്റി എക്‌സ് സാവേജിന്റെ സി.ഇ.ഒ ഹിലാരി സൂപ്പറിന് സമാനമായ ഇളവുകള്‍ അനുവദിച്ചിരുന്നു.
എന്നാല്‍ ജോലി സമയം സംബന്ധിച്ച് നടത്തിയ ഒരു പരാമര്‍ശമാണ് സ്റ്റാര്‍ബക്‌സ് മുന്‍ സി.ഇ.ഒയും ഇന്ത്യന്‍ വംശജനുമായ ലക്ഷ്മണ്‍ നരസിംഹന്റെ ജോലി തെറിപ്പിച്ചതെന്ന അഭ്യൂഹവും ശക്തമാണ്. വൈകുന്നേരം ആറ് മണിക്ക് മുമ്പ് ജോലി തീര്‍ക്കുമെന്നും അതിന് ശേഷം നഗരത്തിലെ ഏതെങ്കിലും ബാറില്‍ പോകുമെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞത് വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് നരസിംഹനെ സ്ഥാനത്ത് നിന്നും മാറ്റിയത്. അതേസമയം, കമ്പനിയുടെ വില്‍പ്പന കുറഞ്ഞതാണ് നരസിംഹനെ മാറ്റാന്‍ കാരണമെന്നും പറയപ്പെടുന്നുണ്ട്. പുതിയ സി.ഇ.ഒയുടെ കീഴില്‍ കമ്പനിയുടെ വളര്‍ച്ച വേഗത്തിലാകുമെന്നാണ് സ്റ്റാര്‍ബക്‌സ് പ്രതീക്ഷിക്കുന്നത്.
Tags:    

Similar News