ഈ ലക്ഷണങ്ങള്‍ നിങ്ങളിലുണ്ടോ? വരാനിരിക്കുന്നത് സ്വന്തമായി ബിസിനസ് തുടങ്ങാന്‍ പറ്റിയ വര്‍ഷം
വിപണിയില്‍ കൃത്യമായ ഇടം കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസവും ഉള്‍ക്കാഴ്ചയും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്
പുതുവര്‍ഷം അടുത്തതോടെ എല്ലാവരും ന്യൂ ഇയര്‍ റെസല്യൂഷനുകള്‍ തയ്യാറാക്കുന്ന തിരക്കിലാണ്. ജിമ്മില്‍ പോകണമെന്നും പുകവലി പോലുള്ള ദുശീലങ്ങള്‍ നിറുത്തണമെന്നും എവിടേക്കെങ്കിലും ട്രിപ്പ് പോകണമെന്നും ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇക്കൊല്ലമെങ്കിലും സ്വന്തമായി ബിസിനസ് തുടങ്ങണമെന്ന് നമ്മളില്‍ എത്രപേര്‍ക്ക് ആഗ്രഹമുണ്ടാകും. ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ 2025ല്‍ സ്വന്തമായി ബിസിനസ് തുടങ്ങാന്‍ നിങ്ങള്‍ റെഡിയാണെന്ന് പറയുകയാണ് ഫോബ്‌സ് മാഗസിന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലെയുള്ള സാങ്കേതിക മേഖലയിലെ മാറ്റങ്ങളും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന പ്രോത്സാഹനവും ബിസിനസ് രംഗത്തെ തുടക്കക്കാര്‍ക്ക് അനുകൂലമാക്കാവുന്നതാണ്.
1. സംരംഭം തുടങ്ങാനുള്ള ഉള്‍ക്കാഴ്ചയും താത്പര്യവും ഉണ്ടോ?
ആളുകളുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കാണാനായാല്‍ പല സംരംഭങ്ങളും വിജയകരമായി നടത്താമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിലവിലെ വിപണിയില്‍ കൃത്യമായ ഇടം കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസവും ഉള്‍ക്കാഴ്ചയും ഉണ്ടാകണം. നിങ്ങളുടെ മനസിലുള്ള ബിസിനസ് ഐഡിയ വിപണിയിലെ വിടവ് നികത്താനാകുമെന്ന ഉത്തമമായ ബോധ്യമുണ്ടെങ്കില്‍ രണ്ടാമതൊരു ചിന്തക്ക് ഇടം നല്‍കാതെ സ്വന്തം ബിസിനസ് തുടങ്ങാവുന്നതാണ്.
2. ബിസിനസ് തുടങ്ങാനുള്ള സാമ്പത്തികം കണ്ടെത്തിയിട്ടുണ്ടോ?
വിജയകരമായി ബിസിനസ് തുടങ്ങാനും അത് നടത്തിക്കൊണ്ട് പോകാനും സഹായിക്കുന്ന സാമ്പത്തിക ഭദ്രത ഏതൊരു സംരംഭത്തിന്റെയും പ്രാഥമിക അടിത്തറയാണ്. സ്വന്തമായി ഫണ്ട് സ്വരൂപിക്കുകയോ നിക്ഷേപകരെ കണ്ടെത്തുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇവ രണ്ടും പൂര്‍ത്തിയായാല്‍ നിങ്ങള്‍ അടുത്ത ഘട്ടവും കടന്നു.
3. നിലവിലെ ഓഫീസ് ജോലി മടുത്ത് തുടങ്ങിയോ
9 മണിക്ക് ജോലിക്ക് കയറി അഞ്ച് മണിക്ക് തിരിച്ചുപോകുന്ന പരമ്പരാഗത ജോലികള്‍ നിങ്ങള്‍ക്ക് മടുത്തുവോ? നിലവിലെ ജോലി സാഹചര്യത്തില്‍ നിങ്ങള്‍ തൃപ്തനല്ലെന്ന് തോന്നുന്നുണ്ടോ? സ്വന്തമായി ബിസിനസ് തുടങ്ങാനുള്ള പറ്റിയ അവസരമാണിത്. സംരംഭകനായാല്‍ നിലവിലെ ജീവിതം കുറച്ചുകൂടി മെച്ചപ്പെടുമോയെന്ന് കൂടി പരിശോധിക്കണം.
4. വിപണിയെക്കുറിച്ച് അറിയാമോ?
ബിസിനസ് തുടങ്ങുന്നതിനേക്കാള്‍ പ്രാധാന്യമാണ് വിപണിയെക്കുറിച്ചുള്ള ആഴത്തിലുള്ള അവഗാഹമുണ്ടാകേണ്ടത്. വിപണിയില്‍ ആരെയാണ് ലക്ഷ്യം വക്കുന്നതെന്നും ( Target Audience) എതിരാളികള്‍ ആരാണെന്നും കൃത്യമായി മനസിലാക്കണം. ബിസിനസ് ആശയത്തെ വിജയകരമായ സംരംഭമായി വളര്‍ത്താന്‍ വേണ്ട ഡാറ്റാ ശേഖരണവും ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിയമങ്ങളും കൂടി മനസിലാക്കേണ്ടത് അത്യാവശ്യമാണ്.
5. പ്ലാന്‍ മുഖ്യം ബിഗിലേ
ദീര്‍ഘകാലത്തേക്ക് നേടാവുന്ന ലക്ഷ്യങ്ങളും അതിലേക്കുള്ള വളര്‍ച്ചയും എത്ര രൂപ ചെലവാകുമെന്നും എത്ര രൂപ തിരിച്ചു കിട്ടുമെന്നും ഒക്കെയുള്ള കൃത്യമായ പ്ലാന്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ശരിയായ തുടക്കം പാതി വിജയത്തിന്റെ ചവിട്ടുപടിയാണെന്ന് ഓര്‍ക്കണം. തുടക്കം മുതല്‍ അടുത്ത 3-5 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനം എങ്ങനെയാണെന്ന് കൃത്യമായി എഴുതി സൂക്ഷിക്കണം. അത്തരമൊരു പ്ലാന്‍ നിങ്ങളുടെ കയ്യിലുണ്ടോ?
6. വിപണിയിലെ വെല്ലുവിളികളെ നേരിടാന്‍ റെഡിയാണോ
നല്ലതുപോലെ നടന്നുകൊണ്ടിരുന്ന പല സംരംഭങ്ങളും കൊവിഡ് കാലത്ത് പ്രതിസന്ധിയിലാകുന്നതിന് ബിസിനസ് ലോകം സാക്ഷ്യം വഹിച്ചിരുന്നു. ബിസിനസില്‍ ക്ഷണമില്ലാതെ കടന്നുവരുന്ന അതിഥിയാണ് പ്രതിസന്ധികള്‍. അവയെ നേരിടാനുള്ള മനക്കരുത്തും ശേഷിയും ഉള്ളവര്‍ക്ക് മാത്രമേ പിടിച്ചുനില്‍ക്കാന്‍ പറ്റൂ. പ്രതിസന്ധികളെ നേരിടാനുള്ള കൃത്യമായ പദ്ധതി തയ്യാറാക്കേണ്ടതും അത്യാവശ്യമാണ്. ഏത് പ്രതിസന്ധി ഘട്ടത്തെയും നേരിടാനുള്ള കരുത്ത് നിങ്ങള്‍ക്കുണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ ബിസിനസ് തുടങ്ങാന്‍ നിങ്ങള്‍ റെഡിയാണെന്ന് അര്‍ത്ഥം.
ഈ ലക്ഷണങ്ങളെല്ലാം നിങ്ങള്‍ക്കുണ്ടെന്ന് ഉറപ്പുണ്ടെങ്കിലും ഏത് സമയത്താണ് സ്വന്തമായി ബിസിനസ് തുടങ്ങേണ്ടതെന്ന കാര്യം സംരംഭകന് കൃത്യമായി മനസിലാക്കാന്‍ പറ്റുമെന്നതാണ് യാഥാര്‍ത്ഥ്യം. വിജയിച്ചില്ലെങ്കിലോ എന്ന ഭയമാണ് പലരെയും സംരംഭങ്ങളില്‍ നിന്ന് അകറ്റി നിറുത്തുന്നത്. ഇതിനെയെല്ലാം മറികടന്ന് ബിസിനസ് നടത്തിപ്പ് ചലഞ്ചായി ഏറ്റെടുക്കുന്നവര്‍ വിജയിക്കുമെന്ന് സാരം.