സ്റ്റാര്‍ട്ട്അപ്പ് കമ്പനികളില്‍ തൊഴില്‍ സുരക്ഷ ഇല്ലാത്ത അവസ്ഥ; പിരിച്ചുവിടല്‍ വര്‍ധിക്കുന്നു
ഏറ്റവും കൂടുതല്‍ പേരെ പിരിച്ചു വിട്ടത് പേയ്ടിഎം, ഫ്ലിപ്പ്കാര്‍ട്ട് കമ്പനികള്‍
സ്റ്റാര്‍ട്ട്അപ്പ് കമ്പനികളില്‍ നിന്ന് ജീവനക്കാരെ പിരിച്ചു വിടുന്ന പ്രവണതയില്‍ വര്‍ധനവ്. 2024 ലെ ആദ്യ ആറു മാസങ്ങളില്‍ വിവിധ ടെക് കമ്പനികളില്‍ നിന്നായി 7,175 ആളുകളെയാണ് പിരിച്ചു വിട്ടത്.
കഴിഞ്ഞ കൊല്ലം രണ്ടാം പകുതിയെ (ജൂലൈ മുതല്‍ ഡിസംബര്‍ വരെയുളള കാലം) അപേക്ഷിച്ച് 31 ശതമാനം അധികമാണ് ഇത്. 2023 രണ്ടാം പകുതിയില്‍ 5,474 പേരാണ് പിരിച്ചു വിടലിന് വിധേയമായത്. അതേസമയം, 2023 ആദ്യ പകുതിയില്‍ (ജനുവരി മുതല്‍ ജൂണ്‍ വരെയുളള കാലയളവില്‍) 10,924 ജീവനക്കാര്‍ പിരിച്ചു വിടലിന് വിധേയമായി. നഷ്ടത്തിലായ എഡ്യുക്കേഷന്‍ ടെക്നോളജി കമ്പനിയായ ബൈജൂസിന്റെ പിരിച്ചു വിടല്‍ പ്രക്രിയ ആയിരുന്നു ഇതിന് ആക്കം കൂട്ടിയത്.
ടെക് കമ്പനികളില്‍ പുതുതായി സംഭവിക്കുന്ന ജോലി മാറ്റങ്ങള്‍ക്ക് അനുസരിച്ച് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിനോ, പുതിയ കാലഘട്ടത്തിന് അനുസരിച്ച് തൊഴിലാളികളുടെ നൈപുണ്യ വികസനത്തിനോ കമ്പനികള്‍ തയ്യാറാകാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. ജീവനക്കാര്‍ക്ക് പുതിയ തൊഴില്‍ മാറ്റങ്ങളോട് പൊരുത്തപ്പെടാന്‍ സാധിക്കാത്തത് കൂട്ട പരിച്ചവിടലിന് കാരണമാകുന്നു.
3,500 പേരെ പേയ്ടിഎം പിരിച്ചു വിട്ടു
2024 ആദ്യ പകുതിയില്‍ പിരിച്ചു വിടപ്പെട്ടതില്‍ 49 ശതമാനവും പേയ്ടിഎമ്മില്‍ നിന്നാണ്. 3,500 ജീവനക്കാരെയാണ് പേയ്ടിഎമ്മില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. 2024 ആദ്യ പകുതിയില്‍ ഒഴിവാക്കപ്പെട്ട 7,175 ജീവനക്കാരില്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്ന് 15 ശതമാനവും ബൈജൂസില്‍ നിന്ന് 7 ശതമാനവും സ്വിഗ്ഗിയില്‍ നിന്ന് 6 ശതമാനവും ഉള്‍പ്പെടുന്നു. പേയ്ടിഎം പേമെന്റ് ബാങ്കിന് മേല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പിടിമുറുക്കിയതാണ് കമ്പനിയില്‍ നിന്നുളള കൂട്ട പിരിച്ചു വിടലിന് കാരണമായത്. വര്‍ഷം തോറും നടക്കുന്ന പ്രകടന വിലയിരുത്തലുകള്‍ക്ക് ശേഷമാണ് ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്ന് ജീവനക്കാരെ ഒഴിവാക്കിയത്. ബൈജൂസില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക അസ്ഥിരതകളും നിയമ തര്‍ക്കങ്ങളും കമ്പനിയെ ആളുകളെ ഒഴിവാക്കാന്‍ നിര്‍ബന്ധിതരാക്കി.
ഫിനാന്‍സ്, റീട്ടെയ്ല്‍, വിദ്യാഭ്യാസ മേഖലകളിലെ കമ്പനികളാണ് കൂടുതലായും ഈ കാലയളവില്‍ പിരിച്ചു വിടലിന് മുതിര്‍ന്നത്. ഫിനാന്‍സ് മേഖലയില്‍ നിന്ന് 51 ശതമാനവും റീട്ടെയ്ല്‍ രംഗത്തു നിന്ന് 18 ശതമാനവും വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിന്ന് 15 ശതമാനവും പിരിച്ചു വിടല്‍ നടന്നു. ഫിനാന്‍സ് മേഖലയിലെ ഫിന്‍ടെക് കമ്പനി റെഗുലേറ്ററി പ്രശ്നങ്ങള്‍ മൂലം ഒട്ടേറെ പ്രതിസന്ധികളാണ് നേരിടുന്നത്. അതിവേഗം മാറികൊണ്ടിരിക്കുന്ന തൊഴില്‍ നൈപുണ്യ ശേഷികള്‍ മൂലം ആളുകള്‍ക്ക് പുതിയ ജോലികള്‍ ചെയ്യാന്‍ പ്രാപ്തി കുറയുന്നതാണ് റീട്ടെയ്ല്‍ മേഖലയിലെ കൂട്ട ഒഴിവാക്കലിന് കാരണം. കോവിഡ് മഹാമാരിക്ക് ശേഷം കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒഴിവാക്കിയതും സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതും എഡ്ടെക് കമ്പനികളില്‍ പ്രതിസന്ധി സൃഷ്ടിച്ചു.
കൂടുതല്‍ തൊഴില്‍ നഷ്ടപ്പെട്ടത് നോയിഡ നഗരത്തിലുളളവര്‍ക്ക്
2024 ജനുവരി-ജൂണ്‍ കാലയളവില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടപ്പെട്ടത് നോയിഡ നഗരത്തിലുളളവര്‍ക്കാണ്. നോയിഡയില്‍ നിന്നുളള 3,500 ആളുകള്‍ക്കും ബംഗളൂരുവില്‍ നിന്നുളള 3,126 ആളുകള്‍ക്കും ഡല്‍ഹിയില്‍ നിന്നുളള 295 ആളുകള്‍ക്കും തൊഴില്‍ നഷ്ടമാകുന്ന സാഹചര്യം ഉണ്ടായി.
അതേസമയം അന്താരാഷ്ട്ര തലത്തില്‍ ആളുകള്‍ക്ക് ജോലി നഷ്ടപ്പെടുന്ന അവസ്ഥയില്‍ കുറവ് സംഭവിക്കുന്ന പ്രവണതയാണ് കാണപ്പെടുന്നത്. 2023 ആദ്യ പകുതിയില്‍ യു.എസില്‍ 1.4 ലക്ഷം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടപ്പോള്‍ 2024ല്‍ ഇത് 67,806 ആയി കുറഞ്ഞു. ജര്‍മ്മനിയില്‍ 2023 ജനുവരി-ജൂണ്‍ കാലയളവില്‍ 12,755 ആളുകളെ കമ്പനികള്‍ പിരിച്ചുവിട്ടപ്പോള്‍ 2024 ല്‍ ഇത് 8,900 ആയി കുറയുകയും ചെയ്തു.