സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് ആലോചന
വേനല്‍മഴയില്‍ അനിശ്ചിതത്വം, ആഭ്യന്തര ഉല്‍പാദനം വെട്ടിക്കുറച്ചു; 85 ശതമാനവും പുറം വൈദ്യുതി
വേനല്‍മഴയില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് ആലോചന. ആഭ്യന്തര വൈദ്യുതി ഉല്‍പാദനം ഭീമമായി വെട്ടിക്കുറച്ചു. ഉപഭോഗത്തിന്റെ 85 ശതമാനവും പുറം വൈദ്യുതിയെ ആശ്രയിക്കുന്ന അസാധാരണ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. കാലവര്‍ഷത്തിന് ഇനി 84 ദിവസം അവശേഷിക്കെ കൊടുംചൂടില്‍ വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നതിനാല്‍ പുറം വൈദ്യുതി ഉയര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗം വൈദ്യുതി ബോര്‍ഡിന് മുന്നിലില്ല.
കൂടുതലും പുറം വൈദ്യുതി
ബുധനാഴ്ച സംസ്ഥാനത്ത് ഉപയോഗിച്ച 85.691 ദശലക്ഷം യൂണിറ്റ് വൈദ്യുതിയില്‍ 72.569 ദശലക്ഷം യൂണിറ്റും പുറം വൈദ്യുതിയാണ്. ഇത് റെക്കോഡാണ്. എസിയുടെയും ഫാനിന്റെയും വര്‍ധിത ഉപയോഗം മൂലം രാത്രി 10 മണിയോടെ 4,200 മെഗാവാട്ടിലേക്ക് കുതിച്ചുയരുന്ന വൈദ്യുതി ഉപഭോഗം പുലര്‍ച്ചെയോടെയാണ് കുറയുന്നത്. പകല്‍സമയത്ത് ഇത് ശരാശരി 3,200 മെഗാവാട്ടാണ്.
പ്രതിസന്ധിക്ക് വഴിവയ്ക്കും
കേന്ദ്ര ഗ്രിഡില്‍ നിന്ന് സംസ്ഥാനത്തേക്ക് 3500 മുതല്‍ 3750 മെഗാവാട്ട് വരെ വൈദ്യുതി എത്തിക്കാനുള്ള ശേഷിയാണ് നിലവിലുള്ളത്. പകല്‍ച്ചൂടിനൊപ്പം ബാഷ്പീകരണ നഷ്ടംകൂടി ഉയര്‍ന്നതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് കുത്തനെ താഴുകയാണ്. അതിനാല്‍ ഇത് വരും ദിവസങ്ങളില്‍ ഉയരുമെന്നാണ് വിലയിരുത്തല്‍. അണക്കെട്ട് മേഖലകളിലെ ശരാശരി താപനില 3536 ഡിഗ്രി വരെ ഉയര്‍ന്നു കഴിഞ്ഞു. ഏതെങ്കിലും സാഹചര്യത്തില്‍ കേന്ദ്ര പൂള്‍ വൈദ്യുതിയിലോ ദീര്‍ഘകാല കരാര്‍ വൈദ്യുതിയിലോ കുറവുണ്ടായാല്‍ അത് കടുത്ത പ്രതിസന്ധിക്ക് വഴിവയ്ക്കും.