ഓണച്ചെലവിന് ₹2,000 കോടി കൂടി കടമെടുക്കുന്നു
ഓണത്തിന് ആകെ ചെലവ് ₹11,470 കോടി
കേരളത്തില്‍ ഓണം ആഘോഷിക്കാന്‍ വീണ്ടും കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. 2,000 കോടി രൂപ കൂടിയാണ് കടമെടുക്കുന്നത്. കടപ്പത്രം പുറപ്പെടുവിക്കുന്നതിനുള്ള ലേലം 22ന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫിസില്‍ ഇകുബേര്‍ (e-kuber) സംവിധാനം വഴി നടക്കും. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ ജൂലൈ അവസാന വാരത്തില്‍ 2,000 കോടി രൂപ കടമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും കടപ്പത്രം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
ഈ പ്രാവശ്യത്തെ കടമെടുപ്പ് കൂടി ആകുന്നതോടെ ഈ വര്‍ഷം ആകെ കടം 13,500 കോടി ആകും. ജൂണില്‍ മാത്രം 5,500 കോടിയാണ് കടമെടുത്തത്. ദൈനംദിന ചെലവുകള്‍ക്ക് പണമില്ലാതെ ഓവര്‍ഡ്രാഫ്റ്റിലേക്ക് പോകുന്ന സ്ഥിതിയും സംസ്ഥാനം നേരിടുകയാണ്.
ചെലവുകള്‍ ഇങ്ങനെ
ഗുരുതര സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിലാണ് ഓണക്കിറ്റ് മഞ്ഞക്കാര്‍ഡുകാര്‍ക്കു മാത്രമായി ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കിറ്റ് വിതരണത്തിനുള്ള തുക കണ്ടെത്തേണ്ടി വരുന്നതും നിലവിലെ സാഹചര്യത്തില്‍ പ്രതിസന്ധിയാണ്. ഡിസംബര്‍ വരെ 15,390 കോടി കടമെടുക്കാനാണ് കേരളത്തിന് അനുമതിയുള്ളത്. നിലവില്‍ ഓണത്തിന് മാത്രമായി 3,000കോടിയാണ് കടമെടുത്തത്.
ട്രഷറിയില്‍ നിന്നെടുക്കാവുന്ന പരമാവധി തുകയും സമാഹരിച്ചാണ് ഇക്കുറി ഓണം ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഓണം ടൂറിസം വാരാഘോഷ പരിപാടികള്‍ക്ക് 27 ന് തുടക്കമാകും. ഇതിനു പുറമെ 1500 കേന്ദ്രങ്ങളില്‍ സപ്ലൈകോ ഓണച്ചന്തകളുമുണ്ടാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായി 4,000 രൂപയും ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് ഉത്സവബത്തയായി 2,750 രൂപയും നല്‍കും.
കഴിഞ്ഞവര്‍ഷം ഉത്സവബത്ത ലഭിച്ച കരാര്‍ സ്‌കീം തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അതേനിരക്കില്‍ ഉത്സവബത്ത നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 5.87ലക്ഷം പാവപ്പെട്ടവര്‍ക്ക് ഓണക്കിറ്റുകള്‍ വിതരണം ചെയ്യാനും രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം, 60ലക്ഷത്തോളം പേര്‍ക്ക് സാമൂഹ്യസുരക്ഷാപെന്‍ഷന്‍ വിതരണം എന്നിവയും സര്‍ക്കാര്‍ തീരുമാനമാണ്.
ഇതിനെല്ലാം കൂടി ഏകദേശം 11,470 കോടിയാണ് ചെലവു വരിക. ശമ്പളത്തിന് മാത്രം 3,900 കോടിയാണ് ചെലവ് വരിക. ക്ഷേമ പെന്‍ഷന് 1,890 കോടിയും, ബോണസിനും ഉത്സവബത്തയ്ക്കുമായി 1,600 കോടിയുമാണ് ചെലവ്. ക്ഷേമപെന്‍ഷന്‍ വായ്പ തിരിച്ചടവിന് 2,500 കോടി, ഓണക്കിറ്റിനും ഓണച്ചന്തയ്ക്കും 347 കോടിയാണ് ആകെ ചെലവ്. മറ്റുചെലവുകള്‍ക്കായി ആയിരം കോടിയും വേണ്ടി വരും.