കേരളത്തില്‍ ചക്കയ്ക്കും മാങ്ങയ്ക്കും പൈനാപ്പിളിനും വില കിട്ടണോ? നോക്കുകൂലി ഇല്ലാതാക്കണം!

കേരളത്തിലെ കര്‍ഷകരെ കണ്ണീര് കുടിപ്പിക്കുന്ന വില്ലന്‍ നോക്കുകൂലിയാണെന്ന് ചൂണ്ടിക്കാട്ടുന്നു തമിഴ്‌നാട് മുന്‍ ചീഫ് സെക്രട്ടറിയും റബര്‍ ബോര്‍ഡിന്റെ മുന്‍ ചെയര്‍മാനുമായ പി സി സിറിയക്

Update:2021-09-14 16:46 IST

കേരളത്തില്‍ ഓരോ സീസണിലും ലക്ഷങ്ങള്‍ വില വരുന്ന ചക്കയും മാങ്ങയും പൈനാപ്പിളും വാഴപ്പഴങ്ങളും നശിച്ച് പോകാനുള്ള കാരണമെന്താണ്? സീസണാകുമ്പോള്‍ വിപണിയിലേക്ക് കാര്‍ഷിക വിളകള്‍ മൊത്തമായി എത്തും. എളുപ്പം നശിച്ചുപോകുന്നവയായതിനാല്‍ കിട്ടിയ വിലക്ക് വിറ്റഴിക്കാന്‍ കര്‍ഷകര്‍ ശ്രമിക്കും. ഡിമാന്റ് കുത്തനെ ഇടിയും. സപ്ലൈ കൂടും. ഒടുവില്‍ ഗത്യന്തരമില്ലാതെ കര്‍ഷകര്‍ ഏറെ പണവും അധ്വാനവും ചെലവിട്ട് ഉണ്ടാക്കിയ വിളകള്‍ കുഴിവെട്ടിമൂടും. അവയെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കാനുള്ള സാഹചര്യം ഇവിടെയുണ്ടെങ്കില്‍ ഈ ദുരവസ്ഥയില്ലാതാകും. പക്ഷേ സംസ്‌കരണ ഫാക്ടറികള്‍ ഇല്ലാത്തതുകൊണ്ട് നഷ്ടം സഹിക്കാന്‍ നിവൃത്തിയില്ലാതെ കര്‍ഷകര്‍ കൃഷിയില്‍ നിന്ന് പിന്മാറുന്നു; സ്ഥലം തരിശിടാന്‍ നിര്‍ബന്ധിതരാകുന്നു.

നോക്കുകൂലി നിരോധിച്ചാല്‍ കേരളത്തില്‍ കൃഷി രക്ഷപ്പെടുമോ?
കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ മൂല്യവര്‍ധനയില്ലാതെ വെറും ഉല്‍പ്പന്നങ്ങളായി വില്‍പ്പന നടത്തുന്നത് കൊണ്ടാണ് കേരളത്തിലെ കൃഷിയും കൃഷിക്കാരനും തകര്‍ന്നടിയുന്നത്. മൂല്യവര്‍ദ്ധനവിന് ഫാക്ടറികള്‍ ഉണ്ടാ ക്കുന്നതോടെ വിളവെടുപ്പ് കാലത്ത് പരിമിതമായ ഉല്‍പ്പന്നം മാത്രം വിപണിയിലെത്തിച്ചാല്‍ മതി. അങ്ങനെ വിലത്തകര്‍ച്ച ഒഴിവാക്കാം. മിച്ചമുള്ള ഉല്‍പ്പന്നം മുഴുവന്‍ സംസ്‌കരണ ഫാക്ടറികളിലേക്ക് അയയ്ക്കാം. അപ്പോള്‍ ഫാക്ടറികളില്‍ പുതിയ പ്രോഡക്ടുകളുണ്ടാക്കാം. കൊക്കോയില്‍ നിന്നും ചോക്കലറ്റ് നിര്‍മ്മിക്കാം. റബര്‍ഷീറ്റോ, റബര്‍പ്പാലോ വില്‍ക്കുന്നതിന് പകരം അനേക റബര്‍ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കാം. പൈനാപ്പിള്‍, നേന്ത്രപ്പഴം, കുരുമുളക്, കപ്പ, ചക്ക, മാമ്പഴം, പപ്പായ, പറങ്കിമാമ്പഴം, പറങ്കിയണ്ടി, മഞ്ഞള്‍, ഇഞ്ചി, ജാതി, ഇവയെല്ലാം വിലപിടിപ്പുള്ള ഉല്‍പ്പന്നങ്ങളായി മാറ്റാന്‍ കഴിയും.

ഇത്തരത്തിലുള്ള അഗ്രോ പ്രോസസിംഗ് പ്രസ്ഥാനങ്ങള്‍ക്ക് നബാര്‍ഡ്, സര്‍ക്കാരുകള്‍ തുടങ്ങിയ ഏജന്‍സികള്‍ സഹായധനം (വായ്പയും, സബ്‌സിഡിയും) നല്‍കാന്‍ തയ്യാറാണ്. പക്ഷെ ഇതിനുവേണ്ടി മുതല്‍ മുടക്കാനെത്തുന്നവര്‍ക്ക് ആത്മവിശ്വാസമേകാന്‍ നോക്കുകൂലി എന്ന ചൂഷണം നിശ്ശേഷം ഒഴിവാക്കണം.

ഇവിടെ എന്ത് സംരംഭം തുടങ്ങാനായാലും ഫാക്ടറിയോ കെട്ടിടമോ വേണം. അത് നിര്‍മിക്കാന്‍ സാധനവുമായി വരുമ്പോഴേക്കും അവിടെ പ്രാദേശിക തലത്തിലെ ചുമടിറക്ക് തൊഴിലാളി യൂണിയനുകളുമായി തര്‍ക്കത്തിലാകും. നിത്യേനയുള്ള തര്‍ക്കം ഒഴിവാക്കാന്‍ ചുമട്ട് തൊഴിലാളി യൂണിയനുമായി സംരംഭകന്‍ സന്ധി ചെയ്യും. അവര്‍ക്ക് നോക്കൂകൂലി കൊടുക്കും. എന്നിട്ട് സ്വന്തം ജീവനക്കാരെ വെച്ച് ചുമടിറക്ക് തുടങ്ങും. ഇവിടെ മുതല്‍ പദ്ധതി ചെലവ് ഉയരാന്‍ തുടങ്ങും. ഇതോടൊപ്പം ഉദ്യോഗസ്ഥരുടെ വ്യവസായ സൗഹൃദമല്ലാത്ത മനഃസ്ഥിതിയും നിക്ഷേപകരെ മൂരാച്ചികളായി കാണുന്ന ശരാശരി മലയാളി മനസ്സും കൂടി ചേരുമ്പോള്‍ സംരംഭകര്‍ പിന്നീട് ഇവിടേക്ക് എത്തിനോക്കാന്‍ പോലും തയ്യാറാകാതെ സംസ്ഥാനം വിട്ടുപോകും.

അതുകൊണ്ട് ഇവിടെ പുതിയ തൊഴിലവസരങ്ങള്‍ ഇല്ലാതാവുക മാത്രമല്ല ചെയ്യുന്നത്. ഇവിടെ ഫാക്ടറികള്‍ വരാത്തതിനാല്‍ കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും നിര്‍മിക്കാന്‍ പറ്റുന്നില്ല. അതോടെ കര്‍ഷകരും പെരുവഴിയിലാകുന്നു.
നോക്കുകൂലി നിരോധിച്ച് ഉത്തരവിറക്കിയാല്ലോ, ഇനിയെന്ത് വേണം?
നോക്കുകൂലി നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിക്കഴിഞ്ഞല്ലോ, ഇനിയെന്താണ് പരാതി? പരാതിയുണ്ട്. സര്‍ക്കാരിന്റെ ഉത്തരവ് കടലാസ്സില്‍. അതിന് പുല്ലുവില പോലും കല്‍പ്പിക്കാതെ ചുമട്ടുതൊഴിലാളി യൂണിയനുകള്‍ ഉല്ലാസപൂര്‍വ്വം ജനങ്ങളെ വിരട്ടുന്നു. ഭീഷണിപ്പെടുത്തുന്നു. കയ്യാങ്കളി ഭയന്ന് ജനം കീഴടങ്ങുന്നു. കേരളത്തില്‍ നടക്കുന്ന ഏത് ഫാക്ടറിയും ഇക്കൂട്ടര്‍ക്ക് കപ്പം കൊടുത്ത്, ഉയര്‍ന്ന ഉല്‍പ്പാദനച്ചെലവ് തോളിലേറ്റി മുടന്തി നീങ്ങുന്നു. പകല്‍ക്കൊള്ളക്കാരായ നോക്കുകൂലി യൂണിയനുകളെ ഫലപ്രദമായി നിയന്ത്രിക്കാന്‍ ഒരൊറ്റ മാര്‍ഗ്ഗമേ ഉള്ളൂ. സാധനങ്ങള്‍ കയറ്റുകയും, ഇറക്കുകയും ചെയ്യാന്‍ ഓരോ സ്ഥലത്തും പ്രാദേശിക ചുമട്ടുതൊഴിലാളി സംഘങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന കുത്തകാവകാശം എടുത്തുകളയുക. അവരുടെ സംഘങ്ങളും, ചുമട്ടുതൊഴിലാളി വെല്‍ഫയര്‍ ബോര്‍ഡും മറ്റും തുടരട്ടെ. പക്ഷേ ചുമടിറക്കാന്‍ അവര്‍ക്ക് നല്‍കിയിരിക്കുന്ന കുത്തകാവകാശം പിന്‍വലിച്ചേ തീരൂ.
ഒരു ഡ്രൈവറെ വിളിക്കാന്‍ അവരുടെ യൂണിയനില്‍ പോകേണ്ടല്ലോ?
മറ്റു മേഖലകളില്‍, നമുക്കിഷ്ടമു ള്ളവരെ വിളിച്ചു പണിയെടുപ്പിക്കാം. ഡ്രൈവേഴ്‌സ് യൂണിയനിലോ, പ്ലംബേഴ്‌സ് യൂണിയനിലോ, കാര്‍പ്പെന്റേഴ്‌സ് യൂണിയനിലോ ചെല്ലേണ്ട ആവശ്യമില്ലല്ലോ, ആ വിഭാഗ ത്തിലുള്ളവരെ വിളിച്ച് ജോലി ഏല്‍പ്പിക്കാനും, പണി ചെയ്യിക്കാനും.

കയറ്റിറക്ക് മേഖലയിലെ ഈ കുത്തകാവകാശം ഉപയോഗിച്ചാണ് ഇവര്‍ സാധാരണക്കാരെ ഭീഷണിപ്പെടുത്തി, നോക്കി നില്‍ക്കുന്നത്. വന്‍ തുക വാങ്ങുന്നത്. ബഹിരാകാശ നിലയത്തില്‍ നോക്കുകൂലിക്കാര്‍ ആവശ്യപ്പെട്ട 10 ലക്ഷം രൂപയുടെ കാര്യം ഓര്‍മ്മിക്കുക. ഇവരുടെ കുത്തകാവകാശം എടുത്തുകളഞ്ഞാല്‍ കേരളത്തില്‍ സംരംഭങ്ങള്‍ പൊട്ടിമുളയ്ക്കും. ആയിരക്കണക്കിന് പുതിയ വ്യവസായങ്ങള്‍ ഇവിടെ ഉയരും. ലക്ഷക്കണക്കിന് പുതിയ തൊഴിലും ലഭിക്കും. കേരളത്തില്‍ സമ്പദ് വ്യവസ്ഥയ്ക്ക് കുതിച്ചുചാട്ടമുണ്ടാകും


Tags:    

Similar News