രത്തന്‍ ടാറ്റ വിട ചൊല്ലിയത് മനുഷ്യരോട് മാത്രമല്ല, ഈ മിണ്ടാപ്രാണികളോടും

തെരുവുനായ്ക്കള്‍ക്ക് വിലക്കില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുന്ന ബോംബെ ഹൗസ്

Update:2024-10-11 15:48 IST

Image; rathan tata/instagram

ഏതൊരു കോര്‍പ്പറേറ്റ് ആസ്ഥാനം പോലെയല്ല, ബോംബെ ഹൗസ്. അവിടെ സന്ദര്‍ശകര്‍ക്ക് കര്‍ശന പരിശോധനകളുണ്ടാകാം. എന്നാല്‍ ഒരു പരിശോധനയുമില്ലാതെ ആ കൊളോണിയല്‍ കെട്ടിടത്തിന്റെ കോമ്പൗണ്ടിലേക്ക് പ്രവേശിക്കാന്‍ അനുവാദമുള്ള ഒരു കൂട്ടരുണ്ട്; തെരുവ് നായ്ക്കള്‍. കഴിഞ്ഞ ദിവസം വിടപറഞ്ഞത് അവരോട് അനുകമ്പ കാണിച്ച മഹാനുഭാവന്‍ കൂടിയാണ്; രത്തന്‍ ടാറ്റ.

വ്യവസായ രംഗത്ത് സജീവമാകുമ്പോഴും രത്തന്‍ ടാറ്റക്ക് തെരുവുനായ്ക്കളോടുണ്ടായിരുന്ന കുരുതല്‍ ഏറെ പ്രശസ്തമാണ്. ഒരു മഴക്കാലത്ത് ടാറ്റാ ഗ്രൂപ്പിന്റെ ആസ്ഥാനമായ ബോംബെ ഹൗസിന് മുന്നില്‍ നനഞ്ഞു നിന്ന തെരുവനായക്ക് കോമ്പൗണ്ടിനുള്ളിലേക്ക് അനുവാദം നല്‍കി തുടങ്ങിയതാണ് ആ കരുതല്‍. പിന്നീട് തെരുവുനായ്ക്കളുടെ കാര്യത്തില്‍ പ്രത്യേക പരിഗണന വേണമെന്ന നിര്‍ദേശമാണ് ഇദ്ദേഹം ജീവനക്കാര്‍ക്ക് നല്‍കിയത്. എപ്പോള്‍ വേണമെങ്കിലും ആ ഗേറ്റ് കടന്ന് അവർക്ക്  വരാനും പോകാനും അനുവാദം ലഭിച്ചു. 1991 ല്‍ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായി രത്തന്‍ ടാറ്റ ചുമതലയേറ്റത് മുതല്‍ ബോംബെ ഹൗസില്‍ ഈ അനുകമ്പയുടെ അനുരണനങ്ങളുണ്ട്. ഇന്നും തുടരുന്നു.

പുതിയ കെട്ടിടത്തിലെ പുതിയ കൂട്

2018 ല്‍ ബോംബൈ ഹൗസ് നവീകരിച്ചപ്പോള്‍ തെരുവുനായ്ക്കള്‍ക്ക് മാത്രമായി താഴെ നിലയില്‍ വലിയ കൂട് നിര്‍മ്മിച്ചിരുന്നു. ഇവിടെ നിരവധി നായ്ക്കളാണ് അതിഥികളായി എത്തിയത്. ചിലര്‍ സ്ഥിരതാമസക്കാരായി. ചിലര്‍ വന്നും പോയുമിരുന്നു. നായ്ക്കളെ കുളിപ്പിക്കാനുള്ള പ്രത്യേക സംവിധാനങ്ങളും ജീവനക്കാരെയും ഒരുക്കി. അവക്ക് മികച്ച ഭക്ഷണം ജീവനക്കാര്‍ കൃത്യമായി എത്തിച്ചു. ടാറ്റ ഗ്രൂപ്പിന്റെ മുഖമുദ്രയായ മുംബൈ താജ്‌ഹോട്ടലിന് മുന്നിലും നായ്ക്കള്‍ക്ക് പരിഗണന ലഭിച്ചിരുന്നതിനെ കുറിച്ച് ഹോട്ടലില്‍ എത്തിയ അതിഥി എഴുതിയ കുറിപ്പ് ഏറെ കാലം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ടാറ്റ ട്രസ്റ്റിന് കീഴില്‍ മുംബൈ മഹാലക്ഷ്മിയില്‍ പെറ്റ് ഹോസ്പിറ്റലും നിര്‍മ്മിച്ചിട്ടുണ്ട്.

എന്നും ഒപ്പമുണ്ടായിരുന്നു 'ഗോവ'

മുംബൈ വെര്‍ളിയിലെ ശ്മശാനത്തില്‍ രത്തന്‍ ടാറ്റ അന്ത്യവിശ്രമത്തിലേക്ക് മടങ്ങിയപ്പോള്‍ അവിടെ വാലാട്ടി കൊണ്ട് 'ഗോവ' എന്ന നായയുമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് രത്തന്‍ ടാറ്റ ഗോവയില്‍ നിന്ന് 'ദത്തെടുത്ത' നായക്ക് നല്‍കിയതും ആ പേര്. 2020 ല്‍ 'ഗോവ'ക്കും മറ്റു നായ്ക്കള്‍ക്കുമൊപ്പം ദീപാവലി ആഘോഷിക്കുന്നതിന്റെ ഫോട്ടോ രത്തന്‍ ടാറ്റ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

Tags:    

Similar News